
മികച്ച എഡിറ്റിങ്ങിനുള്ള 2023ലെ ദേശീയ പുരസ്കാരം പൂക്കാലം എന്ന സിനിമയുടെ ചിത്രസംയോജനം നിർവഹിച്ച മിഥുൻ മുരളിയാണ് കരസ്ഥമാക്കിയത്. വിജയരാഘവന് മികച്ച നടനുള്ള പുരസ്കാരം ഉണ്ടാകും എന്ന് ഉറപ്പിച്ചാണ് പ്രഖ്യാപനം കാണാൻ ഇരുന്നതെന്നും തനിക്ക് അവാർഡ് ലഭിച്ചപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നിയെന്നും മിഥുൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
മിഥുൻ മുരളിയുടെ വാക്കുകൾ
അവാർഡ് ലഭിച്ച് രണ്ട് ദിവസമായതുകൊണ്ട് ഇപ്പോൾ ഞാൻ ഓക്കെ ആണ്. പക്ഷെ, ആ സമയത്ത് ഞെട്ടിപ്പോയി. കാരണം, അനൗൺസ്മെന്റ് പെട്ടന്നായിരുന്നല്ലോ. നാല് മണിക്ക് ഒരു പ്രസ് മീറ്റ് വിളിച്ചാണ് പറയുന്നത്, ആറ് മണിക്ക് നാഷണൽ അവാർഡ് പ്രഖ്യാപിക്കുമെന്ന്. അധികം ആളുകളൊന്നും അറിഞ്ഞിട്ട് പോലും ഇല്ലായിരുന്നു, നാഷണൽ അവാർഡ് പ്രഖ്യാപിക്കാൻ പോവുകയാണ് എന്ന്. കുട്ടേട്ടന് (വിജയരാഘവന്) അവാർഡ് ഉണ്ടാകും എന്ന പ്രതീക്ഷയിൽ കണ്ടുതുടങ്ങിയതാണ്. പക്ഷെ, പെട്ടന്ന് മികച്ച എഡിറ്റിങ് പൂക്കാലം എന്ന് കണ്ടപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ല. ഞാൻ ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു. ആരോടും പറയാനും പറ്റുന്നില്ല. പിന്നെ ഒരു ഒന്നര ദിവസത്തേക്ക് എന്താണ് സംഭവിച്ചത് എന്ന് പറയാൻ പോലും അറിയില്ല. അത്ര സന്തോഷത്തിലായിരുന്നു. പിന്നെ, വിജയരാഘവന് മികച്ച സഹനടനുള്ള അവാർഡ് കൂടി കിട്ടിയതോടെ ഇരട്ടി മധുരമായി. എനിക്ക് മാത്രമല്ല, പൂക്കാലം ടീമിന് മുഴുവനും അങ്ങനെത്തന്നെ ആയിരുന്നു.
ഗണേഷിന് പൂക്കാലം ഒരു വെസ് ആൻഡേഴ്സൺ മോഡിൽ പിടിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ റെസല്യൂഷനിൽ മാറ്റങ്ങളുണ്ട്. നാല് കാലഘട്ടം നാല് ആസ്പെക്ട് റേഷിയോയിലാണ് കാണിച്ചിരിക്കുന്നത്. അങ്ങനെ പല വ്യത്യസ്ത സംഗതികൾ ട്രൈ ഔട്ട് ചെയ്തൊരു സിനിമയായിരുന്നു. പിന്നെ, ഏറ്റവും വലിയ എക്സൈറ്റ്മെന്റ് വിജയരാഘവനെ 100 വയസുള്ള ഒരു കഥാപാത്രമായി കാണുക എന്നത് തന്നെയായിരുന്നു. അത് അദ്ദേഹം മനോഹരമായി ചെയ്തിട്ടുമുണ്ട്.