'ഒരു പെണ്‍പൂച്ചയ്ക്കുള്ള സ്വാതന്ത്ര്യം പോലും സ്ത്രീകള്‍ക്കില്ല', ഐക്യരാഷ്ട്രസഭയില്‍ അഫ്ഗാനിസ്ഥാനെതിരെ മെറില്‍ സ്ട്രീപ്

'ഒരു പെണ്‍പൂച്ചയ്ക്കുള്ള സ്വാതന്ത്ര്യം പോലും സ്ത്രീകള്‍ക്കില്ല', ഐക്യരാഷ്ട്രസഭയില്‍ അഫ്ഗാനിസ്ഥാനെതിരെ മെറില്‍ സ്ട്രീപ്

Published on

ഐക്യരാഷ്ട്രസഭയില്‍ അഫ്ഗാനിസ്ഥാനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ഹോളിവുഡ് നടി മെറില്‍ സ്ട്രീപ്. പെണ്‍പൂച്ചയ്ക്കുള്ള സ്വാതന്ത്ര്യം പോലും അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്കില്ല. പൊതു പാര്‍ക്കുകളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനമില്ല. അഫ്ഗാന്റെ തലസ്ഥാനമായ കാബൂളില്‍ ഒരു പക്ഷിക്ക് പാടാന്‍ കഴിയും. പക്ഷെ പെണ്‍കുട്ടികള്‍ക്കോ സ്ത്രീകള്‍ക്കോ പൊതു സ്ഥലത്ത് പാടാനാകില്ല. സ്വാഭാവികമായ പ്രകൃതി നിയമങ്ങളെയാണ് ഇപ്രകാരം അടിച്ചമര്‍ത്തുന്നത് എന്ന് തിങ്കളാഴ്ച ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തില്‍ മെറില്‍ സ്ട്രീപ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടപ്പിലാക്കിയ നിയമങ്ങളില്‍ സ്ത്രീവിരുദ്ധത എത്രത്തോളം ഉണ്ടെന്ന് പറയുകയായിരുന്നു നടി.

മികച്ച നടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ അമേരിക്കന്‍ നടിയാണ് മെറില്‍ സ്ട്രീപ്. അക്കാദമി അവാര്‍ഡില്‍ ഏറ്റവും കൂടുതല്‍ തവണ നോമിനേഷന്‍ ലഭിച്ച നടി എന്ന റെക്കോര്‍ഡും മെറില്‍ സ്ട്രീപ്പിന്റേതാണ്. മികച്ച നടി, സഹനടി എന്നീ വിഭാഗങ്ങളിലായി 21 തവണയാണ് മെറില്‍ സ്ട്രീപ് നോമിനേറ്റ് ചെയ്യപ്പെട്ടത്. സോഫീസ് ചോയ്സ്, അയണ്‍ ലേഡി, സില്‍ക്ക് വുഡ്, ദി ബ്രിഡ്ജസ് ഓഫ് മാഡിസണ്‍ കൗണ്ടി എന്നിവയാണ് നടിയുടെ പ്രധാനപ്പെട്ട സിനിമകള്‍. ബാഫ്റ്റ, ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി ഉള്‍പ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങള്‍ മെറില്‍ സ്ട്രീപ്പിന് ലഭിച്ചിട്ടുണ്ട്.

മെറിള്‍ സ്ട്രീപ് പറഞ്ഞത്:

അമേരിക്കയ്ക്ക് മുന്‍പേ സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നല്‍കിയിരുന്ന രാജ്യമാണ് അഫ്ഗാന്‍. എന്നാല്‍ ഇന്ന് അവിടുത്തെ സാമൂഹ്യാവസ്ഥ കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. ലോകത്തിന് മുന്നറിയിപ്പാകുന്ന ഒരു കഥ കൂടിയാണിത്. ഇന്ന് അഫ്ഗാനിസ്ഥാനില്‍ ഒരു പെണ്‍പൂച്ചയ്ക്കുള്ള സ്വാതന്ത്ര്യം പോലും സ്ത്രീകള്‍ക്കില്ല. പൂച്ച തുരത്തിയ ഒരു അണ്ണാന് പാര്‍ക്കിലേക്ക് ഓടിക്കയറാനാകും. ആ അണ്ണാന് കിട്ടുന്ന അവകാശം പോലും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. കാരണം പൊതുപാര്‍ക്കുകളിലേക്ക് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനമില്ല. കാബൂളില്‍ ഒരു പക്ഷിക്ക് പാടാന്‍ കഴിയും. പക്ഷെ പെണ്‍കുട്ടികള്‍ക്കോ സ്ത്രീകള്‍ക്കോ പൊതു സ്ഥലത്ത് പാടാനാകില്ല. വളരെ അസാധാരണമായ കാര്യങ്ങളാണ് ഇതൊക്കെ. പ്രകൃതി നിയമങ്ങളെയാണ് ഇവിടെ അടിച്ചമര്‍ത്തുന്നത്. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ നടപ്പിലാക്കിയ 100 നിയമങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസവും ജോലിയും അടക്കം ഇല്ലാതാക്കിയിട്ടുണ്ട്. സ്വയം പ്രകടിപ്പിക്കാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യവും അവകാശവുമാണ് ഇല്ലാതായത്.

logo
The Cue
www.thecue.in