
ഇന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ ചന്ദ്രയും ചന്ദ്രയുടെ 'ലോക'വും ചർച്ചാവിഷയമായി തുടരുകയാണ്. സിനിമയിലെ കഥാപാത്രങ്ങളും അവരുടെ കോസ്റ്റ്യൂംസും അതിലെ ബ്രില്യൻസുകളും ഇതിനകം ചർച്ചയായിരിക്കുകയാണ്. മിന്നൽ മുരളി, ഭ്രമയുഗം തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള മെൽവി ജെ ആണ് ലോകയിലെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തതിന് പിന്നിലെ വിശേഷങ്ങൾ ക്യു സ്റ്റുഡിയോയോട് പങ്കുവെക്കുന്നു മെൽവി ജെ.
റെഡ് ആൻഡ് ബ്ലാക്ക് സ്റ്റൈലിൽ ചന്ദ്ര
ചന്ദ്രയുടെ കുട്ടിക്കാലം കാണിക്കുന്ന രംഗങ്ങളിൽ, ആ ഗ്രാമത്തെ സെറ്റ് ചെയ്ത ഒരു രീതിയുണ്ട്. ആ കളർ പാലറ്റിൽ തന്നെയാണ് പിന്നീട് അങ്ങോട്ട് ചന്ദ്രയെ ഡെവലപ് ചെയ്തത്. കല്യാണിയുടെ കഥാപാത്രത്തിന് ബ്ലാക്ക് ആൻഡ് റെഡ് കളർ കോംബോ നന്നാകും എന്ന് നിമിഷ് രവിയും സജഷൻ നൽകിയിരുന്നു. അതുപോലെ ആ കഥാപാത്രത്തെ, ഈ നിറങ്ങളിലൂടെ വ്യക്തമാക്കാൻ കഴിയുന്നുണ്ട്. എന്നാൽ ഈ റെഡ് ആൻഡ് ബ്ലാക്ക് കോംബോ ഫോഴ്‌സ്ഫുള്ളി കൊണ്ടുവന്നതായി പ്രേക്ഷകർക്ക് തോന്നാൻ പാടില്ലല്ലോ. അതിനായി ഞങ്ങൾ ഏറെ എഫർട്ട് എടുത്തിരുന്നു. ചില രംഗങ്ങളിൽ വസ്ത്രം മുഴുവൻ ബ്ലാക്ക് ആയിരിക്കും. എന്നാൽ അവിടെ ക്യാപ്പോ ബാഗോ ഷൂസോ ഒക്കെ റെഡ് ടോണിൽ ആയിരിക്കും. ക്ലൈമാക്സ് രംഗം നോക്കിയാൽ, ചന്ദ്രയുടെ കഥാപാത്രം ആ റെഡ് ജാക്കറ്റ് മാറ്റുമ്പോൾ ഫുൾ ബ്ലാക്ക് ഡ്രസ്സ് ആണ് ധരിച്ചിരിക്കുന്നത്. എന്നാൽ അവിടെയും റെഡ് കളർ മൈന്യൂട്ടായി ഞങ്ങൾ നൽകിയിരുന്നു.
കല്യാണിയുടെ കഥാപത്രത്തിന് ഒരു ഗോത്തിക്ക് ലുക്ക് വേണമെന്ന് പ്ലാൻ ചെയ്തിരുന്നു. ചെവിയിലെ സ്റ്റഡ്ഡ്സ്, മുടിയിലെ റെഡ് കളർ, നോസ് റിങ്‌സ് ഒക്കെ അത്തരം ഡീറ്റൈലിംഗോടെയാണ് ഒരുക്കിയത്.
വെള്ള വസ്ത്രത്തിൽ 'നീലി'
സിനിമയിൽ നീലി എന്നൊരു ഫീൽ കിട്ടണമല്ലോ. ചെറുപ്പത്തിൽ നമ്മൾ കത്തനാരുടെ സീരിയലിലൊക്കെ കണ്ടിട്ടുള്ളത് വെള്ള സാരി ഉടുത്ത നീലിയെ ആണല്ലോ. അതിൽ നിന്ന് കുറച്ച് വ്യത്യസ്ത വേണമെന്നുണ്ടായിരുന്നു. എന്നാൽ നീലി എന്ന കൺസെപ്പ്റ്റ് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്ന നിറം വെള്ള തന്നെയാണ്. അങ്ങനെയാണ് വെള്ള നിറത്തിൽ വ്യത്യസ്തമായ കോസ്റ്റ്യൂം പ്ലാൻ ചെയ്യാം എന്ന ആലോചനയിലെത്തുന്നത്. അതുപോലെ ഈ സിനിമയിൽ ചന്ദ്രയെ ഏറ്റവും ബ്യൂട്ടിഫുൾ ആയി കാണിക്കുന്ന നിമിഷം കൂടിയാണത്. ആ നിമിഷത്തിൽ ചന്ദ്രയെ കാണുന്ന എല്ലാ പ്രേക്ഷകർക്കും ഇഷ്ടം തോന്നണം. അതെല്ലാം മനസ്സിൽ കണ്ടാണ് ആ വസ്ത്രം ഡിസൈൻ ചെയ്തത്.
'സൂപ്പർഹീറോ' കോസ്റ്റ്യൂംസ്
കൽക്കി 2898 എഡി എന്ന സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറായ അർച്ചന റാവുവിനൊപ്പമാണ് ലോകയിൽ ഞാൻ വർക്ക് ചെയ്തത്. അത് ഒരു മികച്ച എക്സ്പീരിയൻസ് തന്നെയായിരുന്നു. ഈ ചിത്രത്തിലെ ചന്ദ്രയുടെ സൂപ്പർഹീറോ കോസ്റ്റ്യൂം, അതുപോലെ ടൊവിനോ, ദുൽഖർ എന്നിവരുടെ കോസ്റ്റ്യൂംസ് അർച്ചന മാഡമാണ് ഡിസൈൻ ചെയ്തത്. അതിൽ നിരവധി രസകരമായ ഡീറ്റൈലിംഗ്സ് ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. സിനിമയിൽ വളരെ കുറച്ച് മാത്രമാണ് ആ കോസ്റ്റ്യൂം കാണിച്ചിട്ടുള്ളൂ. ഇനി വരുന്ന എപ്പിസോഡുകളിൽ അത് കൂടുതൽ കാണിക്കും.
സണ്ണിയുടെ വസ്ത്രങ്ങൾ
ചന്ദ്രയുടെ നേരെ ഓപ്പോസിറ്റ് എന്ന് വിളിക്കാൻ കഴിയുന്ന കളറുകളാണ് സണ്ണിക്ക് നമ്മൾ നൽകിയത്. മഞ്ഞ, പർപ്പിൾ, പച്ച തുടങ്ങിയ ബ്രൈറ്റ് കളറുകളാണ് സണ്ണിക്ക് നൽകിയത്. അവരുടെ കഥാപാത്രങ്ങളിൽ എന്ന പോലെ അവരുടെ വസ്ത്രധാരണത്തിലും ആ ഒരു കോൺട്രാസ്റ്റ് വേണമെന്ന് തീരുമാനിച്ചിരുന്നു.
മറ്റു കഥാപാത്രങ്ങളുടെ വസ്ത്രങ്ങളിലെ ഡീറ്റൈലിംഗ്
ചന്തുവിന്റെയും അരുണിന്റേയും വസ്ത്രങ്ങൾക്കും അവരുടെ സ്വഭാവ സവിശേഷതകളുമായി ഏറെ ബന്ധമുണ്ട്. അരുൺ കുര്യന്റെ കഥാപാത്രത്തിന് ഫ്ലോറൽ ടൈപ്പ് വസ്ത്രങ്ങളാണ് നൽകിയത്. അവന്റെ കഥാപാത്രം ആളൊരു അടിച്ചുപൊളി വൈബുള്ള റിച്ച് കിഡ് ആണ്. ചന്തുവിന്റെ കഥാപാത്രം സ്പേസ് റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ ഇഷ്ടപ്പെടുന്ന ആളാണ്. അതിനാൽ ആ ക്യാരക്ടറിന്റെ വസ്ത്രങ്ങളിൽ ആ ഇലമെന്റസ് കൊടുത്തിട്ടുണ്ട്. സാൻഡി മാസ്റ്ററിന് അൽപ്പം ഡാർക്ക് ഷെയ്ഡ് ആണ് നൽകിയിരിക്കുന്നത്.
സ്റ്റൈലിഷ് 'ചാത്തൻ'
ചാത്തന്റെ കോസ്റ്റ്യൂമിൽ ഒരുപാട് ഡീറ്റൈലിംഗ് ഉണ്ട്. ടൊവിനോ ഉപയോഗിക്കുന്ന ജാക്കറ്റ് മുതൽ കയ്യിലുള്ള ഓരോ ആക്സസറീസിലും വ്യക്തമായ ഡീറ്റൈലിംഗ് കൊടുത്തിട്ടുണ്ട്. അതെല്ലാം ഒടിടി റിലീസിന് ശേഷം കുറച്ചുകൂടി ചർച്ച ചെയ്യപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.
മൂത്തോൻ
മൂത്തോൻ എന്ന കഥാപാത്രത്തിന്റെ കൈ മാത്രമാണല്ലോ കാണിക്കുന്നത്. അവിടെ നമ്മൾ ഉപയോഗിക്കുന്ന ഫാബ്രിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഇനി വരുന്ന സിനിമകളിൽ ഇതേ ഫാബ്രിക്കായിരിക്കണമല്ലോ നമ്മൾ ഉപയോഗിക്കേണ്ടത്. അതിനാൽ ആ ഫാബ്രിക്കിന്റെ കാര്യത്തിൽ ഞങ്ങൾ ഏറെ ശ്രദ്ധിച്ചിരുന്നു. മാത്രമല്ല മൂത്തോന്റെ കൈയിൽ ഉള്ള റിങ് കസ്റ്റം മെയ്ഡ് ആയിരുന്നു.
'ലോക'യുടെ ഇൻസ്പിരേഷൻസ്
ബാംഗ്ലൂർ ആണല്ലോ ഈ കഥ നടക്കുന്നത്. അവിടത്തെ കാലാവസ്ഥയും ഈ കോസ്റ്റ്യൂംസ് പ്ലാൻ ചെയ്യുന്നതിൽ ഒരു റോൾ വഹിച്ചിട്ടുണ്ട്. അവിടെ തണുപ്പായതിനാലാണ് ലെയേർഡ് ഡ്രെസ്സുകൾ നൽകാമെന്ന ഐഡിയയിലേക്ക് വന്നത്. നെറ്റ്ഫ്ലിക്സിലെ സ്ട്രേഞ്ചർ തിങ്സ് എന്ന സീരീസിൽ നിന്നൊക്കെ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. അത് കൂടാതെ സൂപ്പർഹീറോ കോമിക് ബുക്കുകൾ ഒക്കെ ഇൻസ്പിറേഷൻ ആയിട്ടുണ്ട്.
'ലോക'യിലെ ചലഞ്ച്
അഞ്ച് സിനിമകൾ മനസ്സിൽ കണ്ടാണ് നമ്മൾ വർക്ക് ചെയ്യുന്നത്. ആദ്യ സിനിമയിൽ ഉപയോഗിക്കുന്ന ഡ്രസിങ് പാറ്റേൺ ഇനി അങ്ങോട്ടുള്ള സിനിമകളിലും നിലനിർത്തണമല്ലോ. അത ചലഞ്ചിങ് കാര്യമായിരുന്നു. നമുക്ക് ഈ അഞ്ച് സിനിമകളുടെ ബേസ് ഐഡിയ മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം നമ്മുടെ ഇമാജിനേഷൻ വെച്ചാണ് വർക്ക് ചെയ്തിരിക്കുന്നത്.
റിയലിസ്റ്റിക്ക് സിനിമകളാണ് കുറച്ചുകൂടി ചലഞ്ചിംഗ്
കെട്ടിയോളാണെന്റെ മാലാഖ, വെയിൽ, ന്നാ താൻ കേസ് കൊട്, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ റിയലിസ്റ്റിക്ക് സിനിമകളിലൂടെയാണ് ഞാൻ കരിയർ തുടങ്ങിയത്. എനിക്ക് റിയലിസ്റ്റിക്ക് ഴോണറിലുള്ള സിനിമകൾ ചെയ്യുന്നതാണ് എന്നും പ്രയാസമായി തോന്നിയിട്ടുള്ളത്. കോസ്റ്റ്യൂം എന്നത് ഒരു കഥാപാത്രത്തിന്റെ സെക്കന്റ് ഫേസാണ്. ഒരു സിനിമയിൽ മേക്കപ്പും കോസ്റ്റ്യൂമും അതിന്റെ ഡ്യൂട്ടി വ്യക്തമായി ചെയ്താൽ മാത്രമാണ് ഒരു അഭിനേതാവിന് കഥാപാത്രത്തിനെ അതിന്റെ പരിപൂർണ്ണത്തിൽ എത്തിക്കാൻ കഴിയുകയുള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു റിയലിസ്റ്റിക്ക് ചിത്രത്തിലേക്ക് വന്നാൽ ആ കഥാപാത്രം ധരിക്കുന്ന വസ്ത്രത്തിന്റെ ബട്ടണിൽ വരെ നമ്മൾ വ്യക്തമായ ഡീറ്റൈലിംഗ് നൽകണം. ആ കഥാപത്രത്തിന്റെ ജീവിത നിലവാരം, ചുറ്റുപാടുകൾ, ഇതിനെക്കുറിച്ചെല്ലാം വ്യകതമായി ചിന്തിക്കണം. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ സുന്ദരം എന്ന കഥാപാത്രത്തിന് ഞാനാണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത്. അതിന് ഏറെ കഷ്ടപ്പെട്ടിരുന്നു.
അടുത്ത സിനിമകൾ
ചത്താ പച്ച, ഡീയസ് ഇറേ, നൈറ്റ് റൈഡേഴ്‌സ് ഉൾപ്പടെയുള്ള സിനിമകൾ ഇനി വരാനുണ്ട്. ആ സിനിമകളുടെയെല്ലാം കാര്യത്തിൽ ഞാൻ ഏറെ ത്രില്ല്ഡാണ്.
പ്രണവ് മോഹൻലാൽ നായകനാകുന്ന 'ഡീയസ് ഇറേ'
ആ സിനിമയെക്കുറിച്ച് ഒന്നും പറയാൻ പറ്റുന്ന അവസ്ഥയല്ല. എന്നാൽ പ്രണവിന്റെ കൂടെ വർക്ക് ചെയ്തത് രസകരമായ എക്സ്പീരിയൻസ് തന്നെയായിരുന്നു. നമ്മൾ കേട്ടിട്ടുള്ള അതേ ടൈപ്പ് പ്രണവിനെയാണ് ഞാൻ നേരിൽ കണ്ടതും. വളരെ സിംപിൾ ആയൊരു മനുഷ്യൻ. വസ്ത്രധാരണത്തെക്കുറിച്ച് ഒട്ടും കൺസേൺസ് ഇല്ലാത്ത ആളാണ് പ്രണവ്. കംഫർട്ടബിളായ വസ്ത്രങ്ങൾ ധരിക്കണം എന്ന് മാത്രമാണ് പ്രണവ് ആഗ്രഹിക്കുന്നത്. ഈ സിനിമയിൽ പ്രണവിന്റെ ആ രീതികൾ ഞാൻ ബ്രേക്ക് ചെയ്തു. ഞാൻ നിരവധി യങ്‌സ്റ്റേഴ്‌സിനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ വർക്ക് ചെയ്തതിൽ ഏറ്റവും ഭംഗിയുള്ള യങ്സ്റ്റർ പ്രണവ് ആയിരിക്കും. പ്രണവിനെ സ്റ്റൈൽ ചെയ്തുകഴിഞ്ഞാൽ ഭയങ്കര ഭംഗിയാണ്. ആ ഭംഗി ഈ സിനിമയിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്നാണ് എന്റെ വിശ്വാസം. പ്രേക്ഷകരിൽ നിന്നും അത്തരമൊരു പ്രതികരണം വരുമെന്നാണ് പ്രതീക്ഷ.
എന്താണ് ചത്താ പച്ച?
ചത്താ പച്ച കുറച്ച് കോസ്റ്റ്യൂമിന് പ്രാധാന്യമുള്ള ചിത്രമാണ്. പണ്ട് നമ്മളൊക്കെ കണ്ടിട്ടുള്ള WWE താരങ്ങളുടെ കോസ്റ്റ്യൂംസ് റീക്രിയേറ്റ് ചെയ്യാനുള്ള ശ്രമമുണ്ട്. അതൊരു ഫാൻബോയ് മൊമെന്റ് കൂടിയാണ്. ഇപ്പോഴത്തെ സ്റ്റാർസിന് ആ കോസ്റ്റ്യൂംസ് നൽകുമ്പോൾ ഒരു ഇംപാക്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.