ന്യൂട്ടൺ സിനിമ നിർമ്മിച്ച്, പാ.രഞ്ജിത്ത് അവതരിപ്പിക്കുന്ന 'മയിലാ' റോട്ടർഡാം അന്തർദ്ദേശീയ ചലച്ചിത്രമേളയിലേക്ക്

ന്യൂട്ടൺ സിനിമ നിർമ്മിച്ച്, പാ.രഞ്ജിത്ത് അവതരിപ്പിക്കുന്ന 'മയിലാ' റോട്ടർഡാം അന്തർദ്ദേശീയ ചലച്ചിത്രമേളയിലേക്ക്
Published on

നവാഗതയായ കെ.സെമ്മലർ അന്നം രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന തമിഴ് ചലച്ചിത്രം 'മയിലാ', റോട്ടർഡാം അന്തർദ്ദേശീയ ചലച്ചിത്രമേളയിലെ 'ബ്രൈറ്റ് ഫ്യൂച്ചർ' വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ന്യൂട്ടൺ സിനിമ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം, പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് പ്രശസ്ത സംവിധായകൻ പാ.രഞ്ജിത്താണ്.

തമിഴ്നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ, പൂങ്കൊടി എന്ന‌ പെൺകുട്ടിയുടെയും, അവരുടെ മകളായ സുതറിന്റെയും ജീവിതങ്ങളിലൂടെയും, ആത്മാഭിനത്തിനും സ്വയം പര്യാപതതയ്ക്കും വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങളിലൂടെയും സഞ്ചരിച്ച്, നേർത്ത നർമ്മത്തിന്റെ മേമ്പോടിയോടെ കഥ പറയുന്ന 'മയിലാ' ഒരേ സമയം അന്തർദ്ദേശീയമാവുകയും, ഒപ്പം ഭാരതീയ ഗ്രാമീണതയുടെ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളുമായി ചേർന്ന്‌ നിൽക്കുകയും ചെയ്യുന്നു.

ഒരു ദശകത്തിലേറെയായി നാടകരംഗത്ത് നിറഞ്ഞ് നിൽക്കുന്ന മെലഡി ഡോർകാസ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ പൂങ്കൊടിയായി സ്ക്രീനിലെത്തുമ്പോൾ മകളാകുന്നത് വി.സുതർകൊടി എന്ന പുതുമുഖ ബാലതാരമാണ്. ഗീത കൈലാസം, സത്യ മറുതാനി, ഓട്ടോ ചന്ദ്രൻ, ആർ.ജെ പ്രിയങ്ക, ജാനകി സുരേഷ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വിനോദ് ജാനകിരാമൻ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ്‌ നിർവഹിച്ചിരിക്കുന്നത് ദേശീയപുരസ്കാരജേതാവായ ശ്രീകർ പ്രസാദാണ്. മീനാക്ഷി ഇളയരാജ സംഗീതവും, ആനന്ദ് കൃഷ്ണമൂർത്തി ശബ്ദലേഖനവും നിർവഹിച്ചിരിക്കുന്നു.

ചിത്രത്തിന്റെ രചയിതാവും സംവിധായകയുമായ കെ.സെമ്മലർ അന്നത്തിന്റെ കന്നി സംവിധാന സരംഭമാണ് 'മയിലാ'. വിഷ്വൽ കമ്മ്യൂണിക്കേഷൻ & ജേർണലിസം ബിരുദധാരിയായ സെമ്മലർ ദീർഘകാലം പ്രശസ്ത സംവിധായകൻ അരുണ്മൊഴി ശിവപ്രകാശത്തിന്റെ ഒപ്പം പ്രവർത്തിച്ചാണ് പരിശീലനം നേടിയത്. ഒട്ടനവധി തമിഴ് ചലച്ചിത്രങ്ങളിൽ അഭിനേത്രിയായും പ്രവർത്തിച്ചിട്ടുള്ള സെമ്മലറിന്റെ ആദ്യ സംവിധാനസംരഭമാണ് 'മയിലാ'. നെതർലാൻഡ്സിലെ റോട്ടർഡാമിൽ 2026 ജനുവരി 29 മുതൽ ഫെബ്രുവരി 8 വരെ നടക്കുന്ന ചലച്ചിത്രമേളയുടെ അൻപതിയഞ്ചാം‌ പതിപ്പിലാണ് 'മയിലാ' പ്രദർശിപ്പിക്കപ്പെടുന്നത്‌‌.

Related Stories

No stories found.
logo
The Cue
www.thecue.in