'ആളുകൾ ഓവർ ആയി എന്നു പറയുന്നത് ഓവർ ആയത് കൊണ്ട് തന്നെയാണ്'; ബ്രോമാൻസ് ട്രോളുകളിൽ പ്രതികരിച്ച് മാത്യു തോമസ്

'ആളുകൾ ഓവർ ആയി എന്നു പറയുന്നത് ഓവർ ആയത് കൊണ്ട് തന്നെയാണ്'; ബ്രോമാൻസ് ട്രോളുകളിൽ പ്രതികരിച്ച് മാത്യു തോമസ്
Published on

ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്ത് മാത്യു തോമസ്, അർജുൻ അശോകൻ, മഹിമ നമ്പ്യാർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ബ്രോമാൻസ്. കഴിഞ്ഞ ദിവസം ഒടിടിയിലെത്തിയ ചിത്രത്തിൽ മാത്യു അവതരിപ്പിച്ച ബിന്റോ എന്ന കഥാപാത്രത്തിനെ വിമർശിച്ച് നിരവധി ട്രോളുകൾ‌ വന്നിരുന്നു. ഇപ്പോൾ ഇതാ ആ ട്രോളുകളിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ മാത്യു തോമസ്. ആ കഥാപാത്രം ഓവർ ആയി എന്ന് തോന്നിയത് ഓവർ ആയത് കൊണ്ട് തന്നെയാണെന്നും കഥാപാത്രത്തിന് വേണ്ടി തിരഞ്ഞെടുത്ത മീറ്റർ തെറ്റിപ്പോയെന്നും കുറച്ചു കൂടി വൃത്തിയായി ആ കഥാപാത്രത്തെ അവതരിപ്പിക്കാമായിരുന്നുവെന്നും ലൗലിയുടെ പ്രസ്സ് മീറ്റിൽ സംസാരിക്കവേ മാത്യു പറഞ്ഞു.

മാത്യു തോമസ് പറഞ്ഞത്:

തിയറ്റർ പ്രേക്ഷകർ, ഒടിടി പ്രേക്ഷകർ എന്നൊന്നും ഇല്ല. ഒറ്റ പ്രേക്ഷകരെ ഉള്ളൂ. സിനിമ തിയറ്ററിൽ എത്തിയപ്പോഴും എന്റെ കഥാപാത്രത്തിന്റെ അഭിനയത്തെക്കുറിച്ച് വിമർശനമുണ്ടായിരുന്നു. ആ കഥാപാത്രത്തിന് ഞങ്ങൾ തിരഞ്ഞെടുത്ത മീറ്റർ തെറ്റിപ്പോയി എന്നാണ് ഞാൻ മനസിലാക്കുന്നത്. ആളുകൾ ഓവർ എന്നു പറയുന്നത് ഓവർ ആയതുകൊണ്ടു തന്നെയാണ്. ബിന്റോ എന്ന കഥാപാത്രത്തിന് ഒരു മെഡിക്കൽ സിറ്റുവേഷനുണ്ട്. അതൊരിടത്ത് പറഞ്ഞുപോകുന്നുമുണ്ട്. പക്ഷേ അത് ഭൂരിപക്ഷം പ്രേക്ഷകർക്ക് മനസിലായില്ല. ഭൂരിഭാഗം പ്രേക്ഷകർക്കും അത് വർക്ക് ആയിട്ടില്ല. അത് ഓഡിയൻസ് മാറിയതു കൊണ്ടോ പ്ലാറ്റ്ഫോം മാറിയത് കൊണ്ടോ അല്ല. മറിച്ച് അത് ഞാൻ ചെയ്തതിന്റെ തന്നെ പ്രശ്നമാകാനാണ് സാധ്യത. അത് കുറച്ചു കൂടി വൃത്തിയ്ക്ക് അല്ലെങ്കിൽ എല്ലാവർക്കും മനസിലാവുന്ന തരത്തിൽ ഞങ്ങൾ ചെയ്യണമായിരുന്നു. നമ്മൾ ഷൂട്ടിന്റെ സമയത്ത് എടുത്ത ഒരു ജഡ്ജ്മെന്റിന്റെ പ്രശ്നമായിരുന്നു അത്. പ്രേക്ഷകർ പറയുന്നത് എന്താണെന്നും എന്തുകൊണ്ടാണെന്നും മനസ്സിലാക്കി മെച്ചപ്പെടാൻ ശ്രമിക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ.

സോണി ലൈവിലൂടെയാണ് ബ്രോമാൻസ് സ്ട്രീം ചെയ്യുന്നത്. ഒരു സുഹൃത്തിന്റെ തിരോധാനവും അതിനെത്തുടർന്നുള്ള കൂട്ടുകാരുടെ രസകരമായ അന്വേഷവുമാണ് ചിത്രത്തിന്റെ പ്രമേയം. അരുൺ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in