'ഓമനയും മാത്യുവും എന്നും എന്റെ ഹൃദയത്തിൽ വസിക്കും' ; കാതലിന്റെ വിജയത്തിൽ നന്ദി പറഞ്ഞ് ജ്യോതിക

'ഓമനയും മാത്യുവും എന്നും എന്റെ ഹൃദയത്തിൽ വസിക്കും' ; കാതലിന്റെ വിജയത്തിൽ നന്ദി പറഞ്ഞ് ജ്യോതിക

മമ്മൂട്ടി, ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ ദി കോർ. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ചിത്രത്തിന്റെ വിജയത്തിൽ പ്രേക്ഷകർക്കും അണിയറപ്രവർത്തകർക്കും നന്ദി പറഞ്ഞ് നടി ജ്യോതിക. ചില സിനിമകൾ ശരിയായ കാര്യങ്ങൾക്ക് വേണ്ടി, ശുദ്ധമായ ഉദ്ദേശത്തോടെ, സിനിമയോടുള്ള സ്നേഹത്താലാണ് ഒരുക്കുന്നത്. കാതൽ ദി കോറും അത്തരമൊരു സിനിമയാണ്. ഈ ആശയത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തതിന് പ്രേക്ഷകർക്ക് നന്ദി. റിയൽ ലൈഫ് ഹീറോയായ മമ്മൂട്ടി സാറിന് ഒരു ബിഗ് സല്യൂട്ട്. ഒപ്പം ജിയോ ബേബിക്കും എഴുത്തുകാരായ ആദർശ് സുകുമാരനും പോൾസൺ സ്കറിയയ്ക്കും ജ്യോതിക ഇൻസ്റ്റാഗ്രാമിലൂടെ നന്ദി അറിയിച്ചു.

ജ്യോതികയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം :

ചില സിനിമകൾ ശരിയായ കാരണങ്ങളാൽ, ശുദ്ധമായ ഉദ്ദേശ്യത്തോടെ, സിനിമയോടുള്ള സ്നേഹം കൊണ്ട് മാത്രം നിർമ്മിക്കപ്പെടുന്നു. കാതൽ ദി കോറും അത്തരമൊരു സിനിമയാണ്. ഈ വികാരത്തെ തിരിച്ചറിഞ്ഞ് ബഹുമാനിച്ചതിന് പ്രേക്ഷകർക്ക് നന്ദി. ഒരു നല്ല സിനിമയോടുള്ള നിങ്ങളുടെ സ്നേഹം സിനിമയെ മികച്ച സ്ഥലമാക്കി മാറ്റും. യഥാർത്ഥ ജീവിതത്തിലെ നായകൻ മമ്മൂട്ടി സാറിന് എന്റെ എല്ലാ സ്നേഹവും ബഹുമാനവും ഒരു ബിഗ് സല്യൂട്ടും. ധീരരും അത്യധികം കഴിവുള്ളവരുമായ ജിയോ ബേബി, എന്നെ ഈ സിനിമയുടെ ഭാഗമാക്കിയതിന് എഴുത്തുകാരായ ആദർശ് സുകുമാരനും പോൾസൺ സ്കറിയയ്ക്കും നന്ദി. ഓമനയും മാത്യുവും എന്നും തന്റെ ഹൃദയത്തിൽ വസിക്കും.

ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കാതൽ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേർന്നാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുത്തുമണി, ജോജി ജോൺ, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ , ജോസി സിജോ, ആദര്‍ശ് സുകുമാരന്‍, അലക്സ് അലിസ്റ്റർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ -ജോര്‍ജ് സെബാസ്റ്റ്യന്‍. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം മാത്യൂസ് പുളിക്കൻ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in