

സംവിധായകൻ കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം ‘മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസി’ലെ ‘കോമള താമര’ എന്ന വിഡിയോ ഗാനം പുറത്ത്. രജിഷ വിജയന്റെ കിടിലൻ ഡാൻസ് നമ്പറുമായി വന്ന ഗാനം മുൻപു തന്നെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഗ്ലാമറസ് ലുക്കിലാണ് രജിഷ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ഡാൻസിനുമിപ്പോൾ വലിയ കയ്യടികൾ ലഭിക്കുകയാണ്.
സഞ്ജു ശിവറാമും രജിഷയുമാണ് വിഡിയോ ഗാനത്തിലുള്ളത്. ഗാനത്തിന് സംഗീതം ഒരുക്കിയത് വർക്കിയാണ്. പ്രണവം ശശി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. അനിൽ ലാലിന്റേതാണ് വരികൾ. ഗാനത്തിന്റെ തമിഴ് വരികളെഴുതിയത് ആന്ദ്രേയാണ്. ഡാൻസിങ് നിഞ്ച ടീം ആണ് ‘കോമള താമര’ എന്ന ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചത്. ‘പൈങ്കിളി’ എന്ന ചിത്രത്തിലെ ‘ബേബി ബേബി’, ‘സൂക്ഷ്മദർശിനി’യിലെ ‘ദുരൂഹ മന്ദഹാസമേ’, ‘ദ് പെറ്റ് ഡിറ്റക്റ്റീവി’ലെ ‘തരളിത യാമം’ എന്നീ ഹിറ്റ് ഗാനങ്ങൾക്ക് നൃത്തസംവിധാനം നിർവഹിച്ച് ശ്രദ്ധ നേടിയ കൊറിയോഗ്രാഫി ടീമാണ് ഡാൻസിങ് നിഞ്ച.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് മസ്തിഷ്ക മരണം നിർമിക്കുന്നത്. ‘മസ്തിഷ്ക മരണം: എ ഫ്രാങ്കെൻബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്’ എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ‘ആവാസവ്യൂഹം’, ‘പുരുഷ പ്രേതം’ എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് എന്ന പ്രത്യേകത കൂടിയുണ്ട്. 2046 കാലഘട്ടത്തിലെ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് മസ്തിഷ്ക മരണം ഒരുക്കിയിരിക്കുന്നത്. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ് എന്നിവർ നിർണായക വേഷങ്ങൾ ചെയ്യുന്ന ചിത്രത്തിൽ നടൻ സഞ്ജു ശിവറാം അതിഥി താരമായും എത്തുന്നു.സൂരജ് സന്തോഷ്, ഇന്ദുലേഖ, ജെമൈമ ഫെജോ, എം സി കൂപ്പർ എന്നിവർ ചിത്രത്തിലെ മറ്റു ഗാനങ്ങളുടെ ഭാഗമാണ്. ചിത്രം ഫെബ്രുവരിയിൽ പ്രേക്ഷകരിലേക്ക് എത്തും.
ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത്, പിആർഒ- ശബരി.