അണികളാണ് രക്തസാക്ഷികളാവുന്നത്; ഒരു നേതാവും രക്തസാക്ഷിയായി നമ്മൾ കണ്ടിട്ടില്ല : അനൂപ് മേനോൻ

അണികളാണ് രക്തസാക്ഷികളാവുന്നത്; ഒരു നേതാവും രക്തസാക്ഷിയായി നമ്മൾ കണ്ടിട്ടില്ല : അനൂപ് മേനോൻ

രാഷ്ട്രീയ നേതാക്കന്മാർക്ക് പരസ്പരം സൗഹൃദമാണ്, അണികളെയാണ് ഭിന്നിപ്പിക്കുന്നതെന്നും അവരാണ് രക്തസാക്ഷികളാവുന്നതെന്നും നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. ഒരു നേതാവും രക്തസാക്ഷിയായി നമ്മൾ കണ്ടിട്ടില്ലെന്നും അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ വരാൽ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിൽ അനൂപ് മേനോൻ ആരോപിച്ചു. രാഷ്ട്രീയത്തിൽ മതം കലർത്തേണ്ട കാര്യമുണ്ടോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തോടാണ് പ്രതികരണം.

അനൂപ് മേനോൻ പറഞ്ഞത്:

രാഷ്ട്രീയത്തിലെന്നല്ല, മതം ഒന്നിലും കലർത്തേണ്ട കാര്യമില്ല. അത് ഓരോരുത്തരുടെയും വ്യക്തിപരമായ വിശ്വാസമാണ്. മറ്റൊരാളുടെ മതത്തെയും വിശ്വാസത്തെയും ബഹുമാനിക്കുക എന്നതാണ് ഇതിലെ ഏറ്റവും ശരിയായ കാര്യം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മതം രാഷ്ട്രീയത്തിൽ ഉപയോഗിക്കുന്നത് പൊളിറ്റിക്കൽ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പല രാഷ്ട്രീയ പാർട്ടിയിലെയും നേതാക്കൾ തമ്മിൽ നല്ല സൗഹൃദത്തിലാണ്. അണികളെ മാത്രമാണ് ഭിന്നിപ്പിക്കുന്നത്. അവരാണ് രക്തസാക്ഷികളാവുന്നത്. ഒരു നേതാവും രക്തസാക്ഷിയായി നമ്മൾ കണ്ടിട്ടില്ല.

കണ്ണൻ സംവിധാനം ചെയ്യുന്ന വരാൽ എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് അനൂപ്‌മേനോനാണ്. പൊളിറ്റിക്കൽ ഴോണറിൽ ഇറങ്ങുന്ന സിനിമയിൽ അനൂപ് മേനോന് ഒപ്പം പ്രകാശ് രാജ്, സണ്ണി വെയ്ൻ, രഞ്ജി പണിക്കർ എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നുണ്ട്. ട്രിവാൻഡ്രം ലോഡ്ജിനു ശേഷം ടൈം ആഡ്സ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് വരാൽ. ചിത്രം ഒക്‌ടോബർ 14 നാണ് റിലീസിനെത്തുന്നത്.

സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം രവി ചന്ദ്രനും, എഡിറ്റർ അയൂഖാനുമാണ്. ദീപ സെബാസ്റ്റ്യനും, കെ.ആർ പ്രകാശുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് നിർവഹിക്കുന്നത് അജിത് എ ജോർജ്ജും സംഘട്ടനങ്ങൾ ഒരുക്കുന്നത് മാഫിയ ശശിയുമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in