മാരി സെൽവരാജ് സിനിമകളിൽ എന്തുകൊണ്ട് മെറ്റഫറുകൾ ഉപയോഗിക്കുന്നു? മറുപടിയുമായി സംവിധായകൻ

മാരി സെൽവരാജ് സിനിമകളിൽ എന്തുകൊണ്ട് മെറ്റഫറുകൾ ഉപയോഗിക്കുന്നു? മറുപടിയുമായി സംവിധായകൻ
Published on

തന്റെ സിനിമകളിൽ മെറ്റഫറുകൾ ചേർക്കുന്നതിന് പിന്നിലെ കാരണം വിശദീകരിച്ച് സംവിധായകൻ മാരി സെൽവരാജ്. ചുറ്റുമുള്ള സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനുള്ള മാർഗമാണ് ഇത്തരം മെറ്റഫറുകൾ. ഇതിലൂടെ ആ വിഷയങ്ങളെ പ്രേക്ഷകരിലേക്ക് എത്തിച്ചാൽ പ്രേക്ഷകർ അതിനെക്കുറിച്ച് ചിന്തിക്കും. തന്നെപ്പറ്റിയും തനിക്ക് ചുറ്റുമുള്ള സമൂഹത്തെപ്പറ്റിയും ചിന്തിക്കുന്നതിന് മെറ്റഫറുകൾ ആവശ്യമാണ് എന്നും മാരി സെൽവരാജ് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്.

മാരി സെൽവരാജിന്റെ വാക്കുകൾ:

നമ്മുടെ സമൂഹത്തിൽ നിരവധി പ്രശ്നങ്ങളുണ്ട്. അതാണ് ഞാൻ എന്റെ സിനിമകളുടെ കഥകളായി തെരഞ്ഞെടുക്കുന്നത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ തിയറ്ററിൽ ഇരുന്നു കാണുന്ന മാസ് മീഡിയയാണല്ലോ സിനിമ എന്നത്. അതിനകത്ത് ജാതി, മതം എന്നിങ്ങനെയുള്ള സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. എന്നാൽ നേരിട്ട് അത് പറയുന്നതിനായി സാമൂഹിക-രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവർത്തകരും ഉണ്ടല്ലോ.സിനിമ എന്ന ആർട്ട് ഫോമിലൂടെ ഈ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനായാണ് ഞാൻ എന്റെ സിനിമകളിൽ മെറ്റഫറുകൾ ഉപയോഗിക്കുന്നത്. അങ്ങനെ ആ വിഷയങ്ങളെ പ്രേക്ഷകരിലേക്ക് എത്തിച്ചാൽ അവർ അതിനെക്കുറിച്ച് ചിന്തിക്കും.

എന്നെ നിങ്ങൾക്ക് അവോയ്ഡ് ചെയ്യാം, എന്നാൽ എന്റെ വിഷ്വലുകൾ അവർക്ക് അവോയ്ഡ് ചെയ്യാൻ കഴിയരുത്. മാരി സെൽവരാജിനെ അവർ ഒഴിവാക്കിയാലും, മാരി സെൽവരാജ് കാണിച്ച വിഷ്വലുകൾ അവരെ വിട്ട് പോകാൻ പാടില്ല. തിയറ്ററിൽ എന്നെ അവോയ്ഡ് ചെയ്ത പ്രേക്ഷകർ നാളെ ടിവിയിലോ ഫോണിലോ എന്റെ വിഷ്വലുകൾ കാണുമ്പോൾ അത് അവരെ അലട്ടണം. മറ്റെല്ലാം മറന്ന് ആ വിഷ്വലുകളിലൂടെ പറയുന്ന കാര്യങ്ങളെക്കുറിച്ച് അവർ ചിന്തിക്കണം. തന്നെപ്പറ്റിയും തനിക്ക് ചുറ്റുമുള്ള സമൂഹത്തെപ്പറ്റിയും ചിന്തിക്കുന്നതിന് നമ്മുടെ ജീവിതത്തിൽ കാണുന്ന മെറ്റഫറുകൾ ആവശ്യമാണ്. ഒരു നായയോ പൂച്ചയോ ചത്ത് കിടക്കുന്നത് കാണുമ്പോൾ തോന്നുന്ന സഹതാപം പോലെ — ആ സഹതാപം വളരെ ആവശ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in