

ബൈസൺ എന്ന സിനിമയിൽ ധ്രുവ് വിക്രമിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംവിധായകൻ മാരി സെൽവരാജ്. സിനിമയോട് ഏറെ പാഷനുള്ള ഒരു നടനായിരിക്കണം ഈ കഥാപാത്രം അവതരിപ്പിക്കേണ്ടത് എന്ന് താൻ ആദ്യമേ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഈ ചിത്രം ചെയ്യുന്നത് ഒരു നടൻ എന്ന നിലയിൽ ഏറെ വെല്ലുവിളിയേറിയ അനുഭവമായിരിക്കും” എന്ന് ധ്രുവിനോടും വ്യക്തമാക്കിയിരുന്നുവെന്ന് മാരി സെൽവരാജ് കൂട്ടിച്ചേർത്തു. “ധ്രുവ് തന്നിൽ അർപ്പിച്ച വിശ്വാസം കൊണ്ടാണ് ഈ ചിത്രം സാധ്യമായത്,” എന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മാരി സെൽവരാജ് സംസാരിച്ചത്.
മാരി സെൽവരാജിന്റെ വാക്കുകൾ:
ബൈസൺ സിനിമയാക്കാൻ തീരുമാനിച്ച നിമിഷം മുതൽ തന്നെ, സിനിമയെ പാഷനായി കാണുന്ന എനർജറ്റിക് ആയ ഒരാളേ വേണം ഈ കഥാപാത്രത്തിലേക്ക് എന്ന് ഞാൻ തീരുമാനിച്ചിരുന്നു. ‘ഒരു സിനിമയ്ക്ക് വേണ്ടി ഇത്രത്തോളം ചെയ്യേണ്ട ആവശ്യമുണ്ടോ?', ,ഇത്രത്തോളം ഹാർഡ് വർക്ക് എന്തിന്?’ എന്നൊക്കെ ചിന്തിക്കാതെ, സംവിധായകൻ ആ സിനിമയെ അങ്ങനെയാണ് കൺസീവ് ചെയ്തിരിക്കുന്നത് എന്ന് മനസിലാക്കി ചെയ്യുന്ന നടൻ വേണമായിരുന്നു.
ഇത് വളരെ കഷ്ടപ്പാടായിരിക്കും, കുറച്ച് വർഷങ്ങളോളം നീളുന്ന ഒരു പ്രോസസായിരിക്കും എന്ന് ധ്രുവിനോട് ആദ്യമേ പറഞ്ഞിരുന്നു. എന്തുകൊണ്ട് ഇത്രത്തോളം സമയം, പ്രയത്നം ആവശ്യമാണ് എന്ന് ചോദിച്ചാൽ, ധ്രുവിന്റെ ജീവിത രീതികൾ തന്നെ വേറെയാണ്. അദ്ദേഹത്തിന് കബഡി അറിയില്ല. അത്തരത്തിലുള്ള ഒരാളെ ഈ കഥാപാത്രമായി മാറ്റാൻ ഏറെ സമയമെടുത്തു. കബഡിയെ മനസിലാക്കിയതിന് ശേഷം ആ നാടിനെയും അതിന്റെ ആത്മാവിനെയും അറിയാൻ ധ്രുവിന് സമയം നൽകി.
വെറുതെ സ്ക്രിപ്റ്റ് നൽകി, ഡയലോഗുകൾ പറഞ്ഞ് പഠിപ്പിക്കുക എന്നതല്ല ഞാൻ ചെയ്തത്. ആ കഥാപാത്രത്തിന്റെ ജീവിത സാഹചര്യങ്ങളിലൂടെ അദ്ദേഹത്തെ സഞ്ചരിപ്പിക്കുകയായിരുന്നു. ധ്രുവ് എന്നിൽ ഏറെ വിശ്വാസം അർപ്പിച്ചു. ഒരു അഭിനേതാവ് നമ്മളിൽ ആ വിധം വിശ്വാസം വയ്ക്കുമ്പോൾ അത് ഒരു വലിയ പ്രഷർ തന്നെയാണ്. ഒരാൾ നമ്മളെ വിശ്വസിച്ച് ഇത്രത്തോളം സമയം ചെലവഴിക്കുകയും അധ്വാനിക്കുകയും ചെയ്യുന്നുവെങ്കിൽ, ആ സിനിമ വിജയിപ്പിക്കുക എന്നത് നമ്മുടെ മേലുള്ള ഒരു വലിയ ഉത്തരവാദിത്വമാണ്.