മാമന്നൻ കണ്ട് കമൽ സാർ പറഞ്ഞ ആ വാക്കുകൾക്കപ്പുറം എനിക്കെന്ത് വേണം, തേവർ മകൻ വിമർശനത്തിൽ മാരി സെൽവരാജ്

മാമന്നൻ കണ്ട് കമൽ സാർ പറഞ്ഞ ആ വാക്കുകൾക്കപ്പുറം എനിക്കെന്ത് വേണം, തേവർ മകൻ വിമർശനത്തിൽ മാരി സെൽവരാജ്

'തേവർ മകനെ' വിമർശിച്ച് സംസാരിച്ചത് കമൽഹാസന്റെ കണ്ണിൽ നോക്കി തന്നെയാണെന്നും പൂർണ ബോധ്യത്തിലായിരുന്നു ആ വിമർശനമെന്നും സംവിധായകൻ മാരി സെൽവരാജ്. തേവർ മകനിലെ നായകനായ കമൽഹാസനെ മുന്നിലിരുത്തി മാരി സെൽവരാജ് സിനിമയുടെ ജാതിരാഷ്ട്രീയത്തെ വിമർശിച്ചത് വലിയ ചർച്ചയായിരുന്നു. എന്ത് ബോധ്യത്തിലാണോ ആ വേദിയിൽ ഇക്കാര്യം പറഞ്ഞത് അത് ഉൾക്കൊണ്ടാണ് കമൽഹാസൻ മറുപടിയായി സംസാരിച്ചതെന്നും മാരി സെൽവരാജ്. തനിക്കൊപ്പമിരുന്ന് മാമന്നൻ കണ്ട്, തന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച കമൽ സാറിനറിയാം തന്റെ വികാരങ്ങൾ എന്തായിരുന്നുവെന്നും മാരി സെൽവരാജ് പറയുന്നു. ഫിലിം കംപാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിലാണ് മാരി സെൽവരാജ് ഇക്കാര്യം പറഞ്ഞത്.

പതിമൂന്ന് വർഷങ്ങൾക്കു മുൻപ് തേവർ മകനെ കുറിച്ച് കമൽഹാസന് കത്തെഴുതിയത് അന്നുണ്ടായ അമർഷത്തിൽ നിന്നാണ്. എന്നാൽ ഇന്ന് അത് പോലെയല്ല. ഇന്ത്യൻ സിനിമയിലെ എല്ലാ രാഷ്ട്രീയവും, എല്ലാ മേഖലയും തൊട്ട് നോക്കിയ ഒരു കലാകാരൻ ആണ് കമൽ സർ. ചിത്രം കണ്ട ശേഷം അദ്ദേഹം നടുക്കം മാറുന്നതിന് മുൻപ് തന്നെ, ഇത് മാരിയുടെ മാത്രം രാഷ്ട്രീയമല്ല, നമ്മുടേതാണ് എന്നാണ് പറഞ്ഞത്. ഇതിനപ്പുറം തനിക്കെന്ത് വേണമെന്നും മാരി സെൽവരാജ്.

തമിഴ് സിനിമയിൽ നിന്ന് കമൽ സാർ മാത്രമാണ് മാമന്നൻ കണ്ടത്. അദ്ദേഹത്തിന്റെ അടുത്ത് ഇരുന്ന് കാണുമ്പോൾ ഞാനെത്ര ഇമോഷണൽ ആയിരുന്നുവെന്ന് എനിക്കും അദ്ദേഹത്തിനും മാത്രമേ അറിയൂ. എന്റെ ജീവിതത്തിന് വിശ്വാസം തരേണ്ട ഒരു വിഷയമാണ് ഇത് എന്നത് ചിന്തിച്ച് കൊണ്ട് തന്നെയാണ് ആ വേദിയിൽ വച്ച് 'തേവർ മകനെ' കുറിച്ച് സംസാരിച്ചത്. അദ്ദേഹത്തിന്റെ കണ്ണിൽ നോക്കിയാണ് ഞാൻ സംസാരിച്ചത്. എന്ത് വിശ്വാസത്തിലാണോ ഞാൻ പറഞ്ഞത്, അത് മനസിലാക്കിയാണ്, അദ്ദേഹം സംസാരിച്ചത്. മാമന്നൻ കണ്ട ശേഷം ഇത് മാരിയുടെ രാഷ്ട്രീയം മാത്രമല്ല, എന്റെ രാഷ്ട്രീയം കൂടെയാണ്. മനുഷ്യരെല്ലാവരും കൊണ്ട് നടക്കേണ്ട രാഷ്ട്രീയമാണ് എന്ന് പറയുന്നതിന് അപ്പുറത്തേക്ക് എനിക്ക് മറ്റെന്തു വേണം. മറ്റൊരാൾക്ക് അത് പറഞ്ഞുകൊടുക്കാൻ എനിക്കറിയില്ല, എന്നാൽ എന്നെ കെട്ടിപ്പിടിച്ച, എന്റെ കണ്ണുകൾ കണ്ട അദ്ദേഹത്തിന് അതറിയാം.

മാരി സെൽവരാജ്

തേവർ മകൻ എന്ന സിനിമ ചലച്ചിത്രാവിഷ്കാര ഭാഷ എന്ന നിലയിൽ മികച്ചു നിൽക്കുമ്പോഴും, അത് തന്നിൽ വേദനയുണ്ടാക്കിയ ചിത്രം കൂടിയാണെന്നായിരുന്നു സംവിധായകൻ മാരി സെൽവരാജ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരു സിനിമ സമൂഹത്തിനോട് എന്ത് ചെയ്യുന്നുവെന്ന് മനസ്സിലാക്കിയതിന് തേവർ മകനും കാരണമാണ്. ആ സിനിമ കാണുമ്പോൾ എന്നിലുണ്ടാക്കിയ വേദനയും വിങ്ങലുമെല്ലാം മാമന്നന് കാരണമായിട്ടുണ്ടെന്നും മാരി പറഞ്ഞിരുന്നു.

മാരി സെൽവരാജ് പറഞ്ഞത്;

അതിൽ പൊസിറ്റിവും നെ​ഗറ്റീവുമുണ്ട്. തേവർ മകൻ ഒരു മാസ്റ്റർ സ്ട്രോക്ക് എന്ന കാര്യത്തിൽ സംശയമില്ല. എല്ലാ സംവിധായകരും ആ സിനിമയെ മാതൃകയാക്കാറുണ്ട്, അതേ സമയം ആ സിനിമയുടെ ഉള്ളടക്കം എന്നിലുണ്ടാക്കിയ വേദന തീവ്രമായിരുന്നു. ഈ പ്ലോട്ടിൽ എന്റെ അച്ഛൻ ഇരുന്നാൽ എങ്ങനെയിരിക്കുമെന്ന് ഞാൻ ആലോചിച്ചു. ഇത് എന്റെ അപ്പാക്ക് വേണ്ടി പണിത സിനിമ കൂടിയാണ്. തേവർ മ​കനിൽ വടിവേലു അവതരിപ്പിച്ച ഇസൈക്കി ഇതിൽ മാമന്നനനാണ്. ഇസൈക്കി എന്ന ഭൃത്യനിൽ നിന്ന് മാമന്നനിലേക്കുള്ള ട്രാൻസ്ഫർമേഷൻ കൂടിയാണ് ഈ സിനിമ.

വടിവേലുവിനൊപ്പം ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് എന്നിവരാണ് മാമന്നനിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാരി സെൽവരാജിന്റെ മുൻ ചിത്രങ്ങളെ പോലെ തന്നെ ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന ചിത്രമായിരിക്കും 'മാമന്നൻ' എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഉദയനിധി സ്റ്റാലിന്റെ കീഴിലുള്ള റെഡ് ജയന്റ് മൂവിസ് നിർമിക്കുന്ന ചിത്രം ജൂൺ 29 ന് തിയറ്ററുകളിലെത്തും.

എ.ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുന്നത് തേനി ഈശ്വർ ആണ്. മാരി സെൽവരാജിന്റെ 'പരിയേറും പെരുമാളും', 'കർണ്ണനും' എഡിറ്റ് ചെയ്തിട്ടുള്ള സെൽവയാണ് 'മാമന്നന്റെ'യും എഡിറ്റിംഗ് നിർവഹിക്കുന്നത്. കലാസംവിധാനം ദിലീപ് സുബ്ബരയ്യയും കൈകാര്യം ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in