
ആക്ഷൻ ഹീറോകൾക്കുള്ള തന്റെ ട്രിബ്യുട്ടാണ് മാർക്കോ സിനിമയെന്ന് നടൻ ഉണ്ണി മുകുന്ദൻ. പ്രത്യേകിച്ച് മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ജയനുള്ള സമർപ്പണമാണ് സിനിമ. സിനിമയിൽ സ്റ്റണ്ട് ചെയ്യുന്നതിനിടെയാണ് അദ്ദേഹം മരണപ്പെടുന്നത്. അദ്ദേഹം ചെയ്തതും ഞാൻ ചെയ്തതും ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. എങ്കിലും ആ നേച്ചറിലുള്ള കാര്യങ്ങൾ ചെയ്യാതെ ഞാൻ ഒരു ആക്ഷൻ ഹീറോ ആകുന്നില്ല. ആളുകൾക്ക് ആലോചിക്കാൻ കഴിയാത്ത കാര്യങ്ങൾ സിനിമയിൽ ചെയ്തിട്ടുള്ള നായകന്മാരാണ് മലയാളം ഇൻഡസ്ട്രിയിൽ ഉള്ളത്. അവിടെയുള്ളവർക്ക് എല്ലാ തരത്തിലുള്ള സിനിമകളും ചെയ്യാൻ കഴിയുമെന്ന് ട്രൈഡ് & റെഫ്യൂസ്ഡ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ ഉണ്ണിമുകുന്ദൻ പറഞ്ഞു.
ഉണ്ണി മുകുന്ദൻ പറഞ്ഞത്:
ആക്ഷൻ സിനിമകളുടെ വലിയ ഫാനാണ് ഞാൻ. ഹനീഫ് അദേനിയോട് ഞാൻ പറഞ്ഞിരുന്നു, നിങ്ങൾ ഈ സിനിമ റിലീസ് ചെയ്യുന്ന ദിവസം എല്ലാ ആക്ഷൻ ഹീറോസിനുമുള്ള ട്രിബൂട്ട് ആയിരിക്കും അതെന്ന്. പ്രത്യേകിച്ച് ജയനുള്ള ട്രിബൂട്ട് ആയിരിക്കും അത്. മലയാളത്തിൽ ഞങ്ങൾക്കുള്ള സൂപ്പർ സ്റ്റാറാണ് ജയൻ. സ്റ്റണ്ട് ചെയ്യുന്നതിനിടയിലാണ് ജയൻ മരിക്കുന്നത്. എന്റെ അബോധ മനസ്സിൽ ആ സംഭവം വലിയ ഒരു അടയാളമാണ് ബാക്കി വെച്ചത്. ആ നേച്ചറിലുള്ള എന്തെങ്കിലും ചെയ്യാതെ ഞാൻ ഒരു ആക്ഷൻ ഹീറോ ആകുന്നില്ല. അത്രയും തീവ്രമായ എന്തെങ്കിലും ചെയ്യാൻ എന്നെ അനുവദിക്കുമോ എന്നെനിക്ക് അറിയില്ല. പക്ഷെ അദ്ദേഹം അതിന് തയ്യാറായി പിന്നീട് മരണപ്പെട്ടു. പ്രേക്ഷകരെ ത്രസിപ്പിക്കാൻ ഒരു ഹീറോ മുന്നിട്ടിറങ്ങുന്നതിനെക്കുറിച്ചാണ് ഞാൻ പറയുന്നത്. ഞാൻ ചെയ്തതിനെ അതുമായി താരതമ്യം ചെയ്യാനാകില്ല.
ആളുകൾക്ക് ആലോചിക്കാൻ കഴിയാത്ത കാര്യങ്ങൾ സിനിമയിൽ നായകന്മാർ ചെയ്തിട്ടുള്ള ഒരു ഇൻഡസ്ട്രിയിൽ നിന്നാണ് ഞാൻ വരുന്നത്. ഒരു തരത്തിലുള്ള സിനിമയുടെ പേരിൽ മാത്രം അംഗീകരിക്കപ്പെടുന്ന അവസ്ഥ മലയാള സിനിമയ്ക്ക് ഒരു കാലത്തുണ്ടായിരുന്നു. എന്നാൽ ഞാൻ അതിൽ വിശ്വസിക്കുന്നില്ല. എല്ലാ തരത്തിലുള്ള സിനിമകളും ചെയ്യാൻ മായാളത്തിലുള്ളവർക്ക് കഴിയും. ഇന്ത്യയുടെ പല ഭാഗത്തും 300 കോടി മുതൽ മുടക്കിൽ സിനിമകൾ വരുമ്പോൾ മാർക്കോയുടെ ബഡ്‌ജറ്റ് എന്ന് പറയുന്നത് 30 കോടി മാത്രമാണ്.
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാളത്തിന് പുറത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ചിത്രത്തിന് ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസിൽ 100 കോടിയിലധികം ചിത്രം ഇതുവരെയും നേടിയിട്ടുണ്ട്.