'മാർക്കോ'യ്ക്ക് ശേഷം 'ഹൈ വോൾട്ടേജ്' ആക്ഷൻ എന്റര്‍ടെയ്‌നറുമായി ഹനീഫ് അദേനി, നിർമാണം കരൺ ജോഹർ

'മാർക്കോ'യ്ക്ക് ശേഷം 'ഹൈ വോൾട്ടേജ്' ആക്ഷൻ എന്റര്‍ടെയ്‌നറുമായി ഹനീഫ് അദേനി, നിർമാണം കരൺ ജോഹർ
Published on

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത റിവഞ്ച് ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു മാർക്കോ. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രം എന്ന ഖ്യാതിയോടെ തിയറ്ററുകളിലെത്തിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയോളം രുപയാണ് നേടിയത്. തിയറ്റർ റിലീസിൽ തന്നെ പാൻ ഇന്ത്യൻ തലത്തിൽ സിനിമ ചർച്ച ചെയ്യപ്പെട്ടതിന് പിന്നാലെ ഹനീഫ് അദേനിയുടെ അടുത്ത ചിത്രം ബോളിവുഡിൽ ആയിരിക്കും എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പിന്നാലെ പുറത്തു വന്ന റിപ്പോർട്ടുകളിൽ ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ ഹനീഫ് അദേനി. കരൺ ജോഹറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ധർമ പ്രൊഡക്ഷനുമായി ചേർന്നാണ് തന്റെ അടുത്ത ചിത്രം എന്ന് ഹനീഫ് അദേനി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ധർമ പ്രൊഡക്ഷൻസുമായി ചേർന്ന് ഞാൻ ഒരു സിനിമ ചെയ്യുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ പങ്കുവയ്ക്കാവുന്നൊരു സ്റ്റേജിൽ അല്ല ഇപ്പോൾ.

ഹനീഫ് അദേനി ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു.

ഒരു ഹൈ വോൾട്ടേജ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം ഹിന്ദിയിലും മറ്റ് ഇതരഭാഷകളിലുമായാണ് തിയറ്ററുകളിലെത്തുക എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഹനീഫ് അദേനിയുടെ സംവിധാനത്തിൽ എത്തിയ മാർക്കോയിൽ ഉണ്ണി മുകുന്ദന്റെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം. ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിൽ 100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രം കൂടിയാണ്. ചിത്രത്തിന് നോർത്ത് ഇന്ത്യയിലും മികച്ച വരവേൽപ്പാണ് ലഭിച്ചത്. ഒരു കുടുംബത്തിലെ ദത്തുപുത്രനായ ‘മാർക്കോ’ തന്റെ സഹോദരന്റെ ക്രൂരമായ കൊലപാതക വാർത്തയറിഞ്ഞതിന് ശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തുകയും, തന്റെ പിതാവായ ടോണിയും റസ്സൽ ഐസക്കും നയിച്ച ഗൂഢാലോചന മനസ്സിലാക്കുകയും ചെയ്യുന്നു. വിശ്വാസഘാതത്തിനും പ്രതികാരത്തിനുമിടയിൽ മാർക്കോയുടെ അതിജീവനത്തിന്റെ യാത്രയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

‘മാർക്കോ’ വെറുമൊരു ആക്ഷൻ ചിത്രം മാത്രമല്ല, ഒരുപാട് വികാരങ്ങളുടെയും വിശ്വാസഘാതത്തിന്റെയും കുടുംബത്തോടുള്ള അതിരില്ലാത്ത സ്നേഹത്തിന്റെയും കഥയാണ് എന്ന് ഉണ്ണി മുകുന്ദൻ നേരത്തെ പറഞ്ഞിരുന്നു. വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾക്കൊപ്പം ഭീകരമായ വയലൻസും ഉള്ളതിനാൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു ‘മാർക്കോ’. മികച്ച ഛായാഗ്രഹണവും മനോഹരമായ സ്ലോ മോഷൻ രംഗങ്ങളും മികവുറ്റ എഡിറ്റിംഗുമൊക്കെ ‘മാർക്കോ’ എന്ന ചിത്രത്തെ അതിന്റെ സാങ്കേതിക മികവിന്റെ പൂർണതയിൽ എത്തിച്ചു. ഉണ്ണി മുകുന്ദനെ കൂടാതെ, സിദ്ദിഖ്, ജഗദീഷ്, അഭിമന്യു തിലകൻ, കബീർ ദുഹാൻ സിങ്, ആൻസൻ പോൾ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലായിരുന്നു നടൻ ജഗദീഷ് ചിത്രത്തിലുണ്ടായിരുന്നത്. പ്രധാന വില്ലനായി എത്തിയ കബീർ ദുഹാൻ സിങ്ങിനും അഭിമന്യു തിലകനും ധാരാളം പ്രശംസ സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിച്ചു. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലായി സോണി ലിവിൽ ചിത്രം ഇപ്പോൾ ലഭ്യമാണ്

Related Stories

No stories found.
logo
The Cue
www.thecue.in