'കാറുകളുടെ നിറത്തിൽ വരെ വേർതിരിവ്': പ്രാഞ്ചിയേട്ടൻ സെറ്റിലെ ദുരനുഭവം പങ്കിട്ട് കലാസംവിധായകൻ മനു ജഗത്

'കാറുകളുടെ നിറത്തിൽ വരെ വേർതിരിവ്': പ്രാഞ്ചിയേട്ടൻ സെറ്റിലെ ദുരനുഭവം പങ്കിട്ട് കലാസംവിധായകൻ മനു ജഗത്
Published on

രഞ്ജിത്ത് സംവിധാനം ചെയ്ത പ്രാഞ്ചിയേട്ടൻ എന്ന സിനിമയുടെ സെറ്റിലുണ്ടായിരുന്ന വിവേചനത്തെക്കുറിച്ച് പറഞ്ഞ് കലാസംവിധായകൻ മനു ജഗത്. സിനിമയിൽ വലിപ്പച്ചെറുപ്പങ്ങൾ അനുസരിച്ച് ആളുകളെ ഗ്രേഡ് ചെയ്യുന്ന അവസ്ഥയുണ്ട്. ഇവർ ഉപയോഗിക്കുന്ന കാറുകളുടെ നിറത്തിൽ പോലും ഈ വേർതിരിവ് ഉണ്ടെന്നാണ് കുറിപ്പിൽ പറയുന്നത്. പച്ച നിറത്തിലുള്ള കാർ ഉപയോഗിക്കുന്നത് ഗ്രേഡ് കൂടിയ ആളുകളാണെന്നും കുറിപ്പിൽ പറയുന്നു. സിനിമയിലെ ഡ്രൈവർക്ക് നേരിടേണ്ടിവന്ന അപമാനത്തെക്കുറിച്ചും മനു ജഗതിന്റെ കുറിപ്പിലുണ്ട്. ചിത്രത്തിന്റെ കലാസംവിധായകൻ കൂടിയായ മനു ജഗത് നടൻ മമ്മൂട്ടിയെ പരാമർശിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

മനു ജഗതിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ലൊക്കേഷനിൽ ഒരു ദിവസം എനിക്ക് കുറച്ചുദിവസമായി ഓടിക്കൊണ്ടിരുന്ന ഒരു ഗ്രീൻ കളർ ക്വാളിസ് (പച്ച ക്വാളിസ് അങ്ങനെ പറയണം) മാറി പകരം മറ്റൊരു വൈറ്റ് ക്വാളിസ് വരുന്നു. ഇന്ന് മുതൽ ഞാനാണ് ചേട്ടന് എന്ന് ഡ്രൈവർ പറഞ്ഞു. ഓക്കേ എന്നും പറഞ്ഞു അതിൽ യാത്ര ചെയ്യവേ ആ പുതിയ ഡ്രൈവറോട് മറ്റേ ഡ്രൈവർക്ക് എന്തുപറ്റിയെന്നു ഞാൻ ചോദിക്കുന്നു. (അദ്ദേഹം എന്റെയൊരു സുഹൃത്ത് കൂടിയാണ്. എല്ലാവരേയും സൗഹൃദപരമായാണല്ലോ കാണുക). ചേട്ടാ... ചേട്ടൻ ആർട്ട്‌ ഡയറക്ടർ ആയതിനാൽ പച്ച ക്വാളിസ് വേണ്ടെന്നു പറഞ്ഞു. അത് ഗ്രേഡ് കൂടിയവർക്കാണത്രെ... എനിക്ക് ഒന്നും മനസ്സിലായില്ല. പ്രത്യേകിച്ച് ഒന്നും തോന്നിയുമില്ല. ലൊക്കേഷനിൽ ഗ്രേഡ് കൂടിയ വണ്ടിയിൽ പ്രൊഡക്ഷൻ കൺട്രോളർ വന്നിറങ്ങുന്ന കണ്ടു. ആ ഡ്രൈവർ എന്നോട് ചേട്ടാ sorry കേട്ടോ എന്ന് പറഞ്ഞു.. ഇതൊന്നും എനിക്ക് ഒരുവിധ പ്രശ്നവുമുള്ള കാര്യവും ആയിരുന്നില്ല എന്നിട്ടും എന്തൊക്കെയോ പ്രശ്നമുള്ളപോലെ ചില തോന്നൽ ഉളവാക്കി. എനിക്ക് തന്ന വണ്ടിയിലും വന്ന ഡ്രൈവറിലും എനിക്ക് എനിക്കൊരു കുഴപ്പവും ഉണ്ടായും ഇല്ല.

രണ്ടു മൂന്നു ദിവസം കഴിഞ്ഞു എന്തോ ചില purchase ആവശ്യങ്ങൾക്കായി എനിക്ക് തൃശ്ശൂരിലെ ലൊക്കേഷനിൽ നിന്നും എറണാകുളം പോവണമായിരുന്നു. രാവിലെ നേരത്തെ പുറപ്പെടണം എന്നെനിക്ക് വന്ന ഡ്രൈവറെ അറിയിച്ചു. എന്നാൽ നൈറ്റ്‌ എന്നെ ആദ്യഡ്രൈവർ ( പച്ച ക്വാളിസ് ) വിളിച്ചു. ചേട്ടാ നാളെ എറണാകുളം പോവാൻ ചേട്ടനൊപ്പം ഞാനാണ് വരുന്നത്. മറ്റവനല്ല. കേട്ടപ്പോൾ ഞാൻ പറഞ്ഞു അതെന്തുപറ്റി ഞാൻ അവനോട് എല്ലാം പറഞ്ഞുവെച്ചിരുന്നതാണല്ലോ. അല്ല കൺട്രോളർ പറഞ്ഞു. എനിക്ക് വരുന്നവഴി വീട്ടിൽ പോകേണ്ട ആവശ്യവുമുണ്ട്. ഞാൻ പറഞ്ഞു അതുവേണ്ട ഇനി പച്ച ക്വാളിസിൽ പോയി എനിക്കിത്തിരി ഗ്രേഡ് കൂടിയാലോ.. വേണ്ട എനിക്ക് അനുവദിച്ച വണ്ടി മതി. മാത്രവുമല്ല ഇടയ്ക് നിന്റെ വീട്ടിലൊക്കെ പോയി വരാനുള്ള സമയവും എനിക്കില്ല. purchase ചെയ്ത സാധനങ്ങൾ എത്രയും വേഗം എത്തിച്ചെനിക്കെന്റെ പണികൾ പൂർത്തിയാക്കണം. നാളെ ഷൂട്ടിനുള്ളതാണ്.

അടുത്ത നാൾ ഞാൻ പോകുമ്പോൾ എനിക്ക് വന്ന ഡ്രൈവർ പറഞ്ഞു..ചേട്ടാ.. എനിക്ക് പണികിട്ടും. ഇവരൊക്കെ കൺട്രോളർടെ സ്വന്തം ആൾക്കാരാ...ഏയ്‌ അങ്ങനൊന്നുമില്ല. ആ ഡ്രൈവർ എനിക്കൊരു സുഹൃത്ത് കൂടിയാണ് ഞാൻ പറഞ്ഞോളാം. ഞങ്ങളങ്ങനെ എറണാകുളം എത്തി.. വേണ്ട സാധനങ്ങളൊക്കെ വാങ്ങിത്തീർത്തു.. എല്ലാം കഴിഞ്ഞപ്പോ മണി ഉച്ചയ്ക്ക് 2.30 കഴിഞ്ഞു. ഡ്രൈവറോട് വാ എന്തേലും കഴിച്ചിട്ട് തിരിക്കാം എന്ന് പറഞ്ഞപ്പോ.. വേണ്ട ചേട്ടാ.. നമുക്ക് തിരിച്ചു ലൊക്കേഷനിൽ ( തൃശൂർ )പോയിട്ട് കഴിക്കാം ഞാൻ allready ലൊക്കേഷനിൽ പ്രൊഡക്ഷൻ ചീഫിനോട് വിളിച്ചുപറഞ്ഞു നമുക്ക് രണ്ടുപേർക്കുമുള്ള food എടുത്ത് വെയ്ക്കാൻ. അത് വേസ്റ്റ് ആകും. ഞാൻ പറഞ്ഞു എനിക്ക് കുഴപ്പമില്ല ഇപ്പൊ മണി 2.5.അവിടെയോടി എത്തുമ്പോ മണി 4 ആകും. നിനക്കാണ് അവിടം വരെ വണ്ടിയോടിക്കാനുള്ളത്. ഞാൻ വണ്ടിക്കേറി അവിടം വരെ കിടന്നുറങ്ങും.. വിശപ്പ്‌ സഹിച്ചു പോണോ... കഴിച്ചിട്ട് വേണേൽ പോവാം. അവൻ സമ്മതിച്ചില്ല വേണ്ട ചേട്ടാ ഞാൻ പറഞ്ഞുപോയി അതാ..

ഞങ്ങൾ ഒന്നും കഴിക്കാതെ തിരിച്ചു. 4 മണിയോടടുപ്പിച്ചു ഞങ്ങൾ ലൊക്കേഷനിൽ എത്തി. അവിടെ ചെന്നപ്പോ അത്രയും ലേറ്റായ കൊണ്ട് പ്രൊഡക്ഷൻ എല്ലാരും കഴിച്ചു എല്ലാം കഴുകി പാക്ക് ചെയ്തു. അയ്യോ ചേട്ടാ ഇവിടെ ഫുഡൊന്നും ഇല്ല അവരൊക്കെ പാക്ക് ചെയ്തു. ഞാൻ പറഞ്ഞു നിന്നോട് മര്യാദക്ക് പറഞ്ഞതല്ലേ.. അപ്പഴേയ്ക്കും പ്രൊഡക്ഷൻ ചീഫ് ഓടിവന്നു. ചേട്ടാ നിങ്ങൾ ഇത്ര ലേറ്റായ കൊണ്ട് കഴിച്ചിട്ട് വരുമെന്ന് കരുതി. അത് സാരമില്ലന്ന് ഞാനും പറഞ്ഞു. പെട്ടെന്ന് പുള്ളി തിരിച്ചുവന്നു മമ്മുക്ക (മമ്മുട്ടി സർ ) കഴിച്ച കാരിയറിൽ Growing ബാലൻസ് food ഉണ്ട്. Adjust ചെയ്ത് നിങ്ങൾ 2 പേർക്ക് കഴിക്കാമോ ഓക്കേ ആണോ.. എന്തേലും മതി ചേട്ടാ എനിക്ക് കുഴപ്പമില്ല അവനു നല്ല വിശപ്പുകാണും.

എന്നാൽ വീടിന്റെ dinning ഏരിയയിൽ ഞാൻ അറേഞ്ച് ചെയ്യാം നിങ്ങളങ്ങോട്ട് പോര് എന്നും പറഞ്ഞു ചീഫ് ഒരു ഒരു കുഞ്ഞു ടേബിൾ രണ്ടു ചെയറും ഇട്ട് മമ്മുക്കയുടെ കാരിയർ ഉൾപ്പെടെ 2 പ്ലേറ്റും വെച്ചു. അത്യാവശ്യം നമുക്ക് കഴിക്കാവുന്ന ആഹാരവും അതിലുണ്ടായിരുന്നു. ഞങ്ങൾ കഴിക്കാൻ തുടങ്ങിയപ്പോഴേയ്ക്കും പ്രസ്തുത പ്രൊഡക്ഷൻ കൺട്രോളർ ആ വഴി കടന്നുപോകുന്നു. പോയ അയാൾ അതേ തിരികെ വന്നു എന്നോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഡ്രൈവറെ ആക്രോശിച്ചുകൊണ്ട് കൊണ്ട് എഴുന്നേൽക്കെടാ എന്ന് പറയുന്നു. നിനക്കിവിടെയിരുന്നു ഈ കാരിയറിൽ കഴിച്ചാലേ ഇറങ്ങത്തൊള്ളോയെന്നു ചോദിക്കുന്നു.. ആ പാവം എന്റെ മുന്നിൽ ഒന്നുമൊന്നും അല്ലാതാവുന്നു.. എണീറ്റ് കഴിക്കാൻ തുടങ്ങിയ പാത്രവുമെടുത്തു sorry പറഞ്ഞു വെളിയിലേയ്ക്ക്...

എനിക്ക് അയാളോട് ചില്ലറ ദേഷ്യമല്ല വന്നത്. അയാൾ ഇവിടത്തെ എന്തും ആവട്ടെ.. ഇങ്ങനെയാണോടോ ഒരു സഹജീവിയോട് പെരുമാറേണ്ടത്.. മമ്മുക്കയുടെ ഭക്ഷണം ആണേലും ഇപ്പൊ അത് ബാലൻസ് (പച്ചയ്ക്കു പറഞ്ഞാൽ എച്ചിൽ )ആണ്.. ഒന്നുകിൽ അതെടുത്തു ഒരു ഓടയിലോ ഡസ്ബിനിലോ അതുമല്ലേൽ വല്ല പട്ടിക്കോ ഇടുമായിരിക്കും. അതൊരു ഒപ്പം ജോലിചെയ്യുന്നവൻ അവന്റെ വിശപ്പടക്കാൻ കഴിച്ചതിനാണ് ഇവൻ എഴുനേൽപ്പിച്ചു വിട്ടത് എന്നത് എനിക്ക് ഉൾകൊള്ളാൻ പറ്റുന്നതിൽ അപ്പുറമായിരുന്നു. ഞാൻ react ചെയ്തു. എന്റെ വായിൽ തോന്നിയത് കൺട്രോളർ സാറെ അറിയിച്ചു. അന്നയാൾ പറഞ്ഞത് ഇവനെയൊന്നും തലയിൽ കേറ്റി വെക്കരുത് എന്നാ. ആ ഡ്രൈവർ കൈ കഴുകി തിരിച്ചു വന്നു എന്നോട് പറഞ്ഞു ചേട്ടൻ എനിക്ക് വേണ്ടി ഉടക്കാൻ നിക്കല്ലേ.. ഇവനൊക്കെ ഇന്ന് വൈറ്റ് & വൈറ്റ് ഇടുന്നതിനു മുന്നിൽ എന്റെ തോളിൽ കയ്യിട്ട് എന്റെ പോക്കറ്റിലെ ബീഡിയെടുത്തു വലിച്ചൊരു കാലമുണ്ടായിരുന്നു..

(അവിടെയും ഒന്നും തീർന്നില്ല)

പിന്നെ ഇതൊന്നും ആ മഹാനടൻ അറിഞ്ഞുപോലും ഉണ്ടാവില്ല. ദയവായി അങ്ങനെ കാണരുത്

Related Stories

No stories found.
logo
The Cue
www.thecue.in