
കേരളാ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് പിന്നാലെ സജി നന്ത്യാട്ട് നടത്തിയ പ്രസ്താവനകളിൽ പ്രതികരണവുമായി നിർമ്മാതാവ് മനോജ് റാംസിംഗ്. സജി നന്ത്യാട്ട് ചേംബറിൽ അംഗത്വം നേടിയത് വ്യാജ രേഖകൾ ഹാജരാക്കിയാണ് എന്ന് മനോജ് റാംസിംഗ് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു സജി രാജിവെച്ചത്. പിന്നാലെ 27-ന് നടക്കാനിരിക്കുന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ താന്‍ ചേംബര്‍ പ്രസിഡന്റാവാതിരിക്കാന്‍ ഒരു ലോബി ഗൂഢാലോചന നടത്തുന്നുവെന്ന് സജി നന്ത്യാട്ട് ആരോപിക്കുകയായിരുന്നു. എന്നാൽ സജി നന്ത്യാട്ട് ഉൾപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയായിരുന്നു തന്റെ പരാതി ആദ്യം പരിഗണിച്ചതെന്നും ഇത് ഗൂഢാലോചനയാണെങ്കിൽ സജി നന്ത്യാട്ടും അതിൽ പങ്കാളിയാകില്ലേ എന്നും മനോജ് റാംസിംഗ് ചോദിച്ചു. താൻ ഉന്നയിച്ച പരാതിയിലെ എല്ലാ കാര്യങ്ങളിലും കൃത്രിമം നടന്നിട്ടുണ്ടെന്ന് തെളിഞ്ഞുവെന്നും ബാക്കി എല്ലാം ബാലിശമാണെന്നും മനോജ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'കഴിഞ്ഞ മാർച്ചിൽ ഫിലിം ചേംബറിന്റെ ഡിസ്ട്രിബ്യൂഷൻ അംഗത്വം നേടുന്നതിനായി സജി നന്ത്യാട്ട് രേഖകൾ സമർപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം സമർപ്പിച്ച രേഖകളിൽ ചില ക്രമക്കേടുകളുണ്ടെന്ന് എന്റെ അന്വേഷണത്തിൽ മനസ്സിലായി. ഫിലിം ചേംബറിലെ പല നിയമാവലികളും പാലിക്കപ്പെട്ടിട്ടില്ലെന്ന് മനസ്സിലായതിനെ തുടർന്ന് ചില ചോദ്യങ്ങളാണ് ഞാൻ ഉന്നയിച്ചത്. സജി നന്ത്യാട്ട് ഒരു വിതരണക്കാരനെയല്ല. പിന്നെ എങ്ങനെയാണ് രേഖകൾ ഹാജരാക്കാൻ കഴിയുക. സജി നന്ത്യാട്ട് സമർപ്പിച്ച എല്ലാ രേഖകളും വ്യാജമാണ്. അതിനെ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായത്. എന്നാൽ ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ പാർട്ണർഷിപ്പും പ്രൊപ്രൈറ്റര്‍ഷിപ്പും തമ്മിൽ മാറിപോയതായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അതല്ല പ്രശ്നം, അത് എന്റെ ചോദ്യങ്ങളിൽ ഒന്ന് മാത്രമാണ്,'
'ഡിസ്ട്രിബ്യൂഷൻ അംഗത്വം റദ്ദാക്കിയ ശേഷം സജി നന്ത്യാട്ട് എന്നെ വിളിച്ചിരുന്നു. അപ്പോഴാണ് ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിൽ നിന്ന് ഫിലിം ചേംബർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം അംഗത്വത്തിന് ശ്രമിച്ചതെന്ന് എനിക്ക് മനസ്സിലായത്. സജി നന്ത്യാട്ട് ഫിലിം ചേംബറിന്റെ തലപ്പത്തുള്ള വ്യക്തിയാണല്ലോ. അദ്ദേഹം തന്റെ അധികാര ദുർവിനിയോഗം ചെയ്യുകയാണ് ഉണ്ടായിരിക്കുന്നത്. അതിനെ ചോദ്യം ചെയ്യുക മാത്രമാണ് ഞാൻ ചെയ്തത് എന്ന് ഞാൻ അദ്ദേഹത്തോട് വ്യക്തമാക്കി,' എന്ന് മനോജ് റാംസിംഗ് പറഞ്ഞു.
'ജൂലൈ 18 നാണ് ഞാൻ ഈ പരാതി കൊടുക്കുന്നത്. അന്ന് ചേംബർ ഇലക്ഷനെക്കുറിച്ച് പ്രഖ്യാപനം ഒന്നും വന്നിട്ടില്ല. സജി ഉൾപ്പെടുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇക്കാര്യം ആദ്യം ചർച്ച ചെയ്തത്. സജി അതിനെ എതിർത്തിരുന്നു. പിന്നീട് അത് സ്ക്രൂട്ടിനിങ് കമ്മിറ്റിക്ക് അയച്ചു. അവർ അത് ലീഗൽ ഒപ്പീനിയന് വിട്ടു. സജി അടക്കമുള്ള കമ്മിറ്റി നിയോഗിച്ചിട്ടുള്ള ലീഗൽ അഡ്വൈസർ നിയമോപദേശം നൽകിയത് പ്രകാരമാണ് ഇന്നലെ അർജന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച്, അദ്ദേഹത്തിന്റെ ഡിസ്ട്രിബ്യൂഷൻ അംഗത്വം റദ്ദാക്കുന്നത്. സജി പറയുന്നത് പോലെ പാർട്ണർഷിപ്പും പ്രൊപ്രൈറ്റര്‍ഷിപ്പും പ്രശ്നം കൊണ്ടല്ല, ഞാൻ ഉന്നയിച്ച എല്ലാ ചോദ്യങ്ങളിലും വയലേഷൻ നടന്നിട്ടുണ്ട് എന്നത് കൊണ്ടാണ് അംഗത്വം നിഷേധിച്ചത്,'
'സജി ആരോപിക്കുന്നത് ഞാൻ അദ്ദേഹത്തെ പാരവെച്ചു എന്നാണ്. എന്നെ ആരൊക്കെയോ പിന്തുണയ്ക്കുന്നു എന്നും ചേംബറിൽ നിന്നും ചില രേഖകൾ എനിക്കും ലഭിച്ചു എന്നും സജി പറയുന്നുണ്ട്. എന്നാൽ അത്തരമൊരു രേഖ ലഭിച്ചുവെങ്കിൽ ഞാൻ എന്തിന് ചോദ്യം ഉന്നയിക്കണം, അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാൽ പോരെ. അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടന്നതായാണ് സജി പറയുന്നത്. എന്നാൽ സജി ഉൾപ്പെടുന്ന കമ്മിറ്റിയാണല്ലോ ഇത് ആദ്യം പരിഗണിക്കുന്നത്. ഇത് ഗൂഢാലോചന ആണെങ്കിൽ സജി ഉൾപ്പടെ ആ ഗൂഢാലോചനയ്ക്ക് പങ്കാളിയാകില്ലേ? അതുപോലെ സ്ക്രൂട്ടിനിങ് കമ്മിറ്റിയിൽ ആരൊക്കെയാണ് ഉള്ളതെന്ന് പോലും എനിക്ക് അറിയില്ല. പിന്നെ എന്ത് ഗൂഢാലോചന നടന്നു എന്നാണ് പറയുന്നത്. ഞാൻ ഉന്നയിച്ച കാര്യങ്ങൾ സത്യമെന്ന് തെളിഞ്ഞു കഴിഞ്ഞു. ബാക്കി എല്ലാം തീർത്തും ബാലിശം മാത്രമാണ്,' എന്നും മനോജ് റാംസിംഗ് കൂട്ടിച്ചേർത്തു.