'ആ ആക്ഷന്‍ സീക്വന്‍സുകളും ഷോട്ടുകളും ഇതിന് മുമ്പ് ചെയ്തിട്ടില്ല': തുനിവ് പുതിയൊരു അനുഭവമെന്ന് മഞ്ജു വാര്യര്‍

'ആ ആക്ഷന്‍ സീക്വന്‍സുകളും ഷോട്ടുകളും ഇതിന് മുമ്പ് ചെയ്തിട്ടില്ല': തുനിവ് പുതിയൊരു അനുഭവമെന്ന് മഞ്ജു വാര്യര്‍

എച്ച്.വിനോദ് സംവിധാനം ചെയ്ത തുനിവ് എന്ന ചിത്രം തനിക്കൊരു പുതിയ അനുഭവമായിരുന്നുവെന്ന് നടി മഞ്ജു വാര്യര്‍. ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകളും ഷോട്ടുകളും എല്ലാം തന്നെ താന്‍ ഇതിന് മുന്‍പ് ചെയ്തിട്ടില്ലെന്നും മഞ്ജു പറഞ്ഞു. തുനിവിന്റെ റിലീസുമായി ബന്ധപ്പെട്ട് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജു വാര്യരുടെ പ്രതികരണം.

തുനിവില്‍ ഞാന്‍ ചെയ്തത് എല്ലാം എനിക്ക് പുതിയ അനുഭവമായിരുന്നു. ഈ സിനിമയില്‍ ഞാന്‍ ചെയ്ത ഓരോ കാര്യങ്ങളും ഞാന്‍ ഇതിന് മുമ്പ് ഒരിക്കലും ചെയ്തിട്ടില്ല. എല്ലാ സീനും, ഷോട്ടും, ആക്ഷന്‍ സീക്വന്‍സുകളും എല്ലാം. ഇനി കൂടുതല്‍ അറിയാന്‍ നിങ്ങള്‍ സിനിമ കാണുക തന്നെ വേണം.

മഞ്ജു വാര്യര്‍

നടന്‍ അജിത്ത് നായകനായ തുനിവിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ട്രെയ്‌ലറില്‍ അജിത്തിന്റെ ആക്ഷന്‍ സീക്വന്‍സുകള്‍ക്കൊപ്പം തന്നെ നടി മഞ്ജു വാര്യറുടെ വ്യത്യസ്തമായ ലുക്കും ആക്ഷന്‍ സീനുകളും സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരുന്നു. സിനിമയില്‍ മഞ്ജു വാര്യര്‍ക്കും ഫൈറ്റ് സീക്വന്‍സുകള്‍ ഉണ്ടാകുമെന്നാണ് ട്രെയ്‌ലര്‍ നല്‍കിയ സൂചന. കണ്‍മണി എന്നാണ് 'തുനിവി'ലെ മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്.

അസുരന്‍ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം കൂടിയാണ് തുനിവ്. അസുരന് ശേഷം നിരവധി തിരക്കഥകള്‍ തമിഴ് സിനിമയില്‍ നിന്നും വന്നിരുന്നു. എന്നാല്‍ അതെല്ലാം തന്നെ അസുരനോട് സാദൃശ്യമുള്ള കഥാപാത്രങ്ങളായിരുന്നു. അതിനാല്‍ അതെല്ലാം താന്‍ വേണ്ടെന്ന് വെച്ചു. എന്നാല്‍ തുനിവ് അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമായതിനാലാണ് ചെയ്യാന്‍ തീരുമാനിച്ചതെന്നും മഞ്ജു വാര്യര്‍ അഭിപ്രായപ്പെട്ടു.

പൊങ്കല്‍ റിലീസായാണ് തുനിവ് തിയേറ്ററിലേക്ക് എത്തുന്നത്. കെജിഎഫ്, സര്‍പ്പാട്ട പരമ്പരൈ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജോണ്‍ കൊക്കനാണ് വില്ലനായി എത്തുക. ഇവര്‍ക്കുപുറമെ, വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in