
കായംകുളം കൊച്ചുണ്ണി എന്ന സീരിയൽ ഒരു നിയോഗമായി തന്നിലേക്ക് വന്നതാണെന്ന് നടൻ മണിക്കുട്ടൻ. എട്ട് എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യാം എന്ന് ഉറപ്പിച്ച സീരിയൽ പിന്നീട് നാല് എന്ന നമ്പരിലേക്ക് ചുരുങ്ങുകയും പ്രേക്ഷക സ്വീകാര്യത കൊണ്ട് 250 എപ്പിസോഡുകൾ പോവുകയും ചെയ്തു. ഒരുപക്ഷെ, ഒരു സിനിമയിലെ നായകനായാണ് താൻ കരിയർ തുടങ്ങിയതെങ്കിൽ പോലും ഇത്രയും സ്നേഹം തനിക്ക് ലഭിക്കില്ലായിരുന്നു എന്ന് ക്യു സ്റ്റുഡിയോയോട് മണിക്കുട്ടൻ പറഞ്ഞു.
മണിക്കുട്ടന്റെ വാക്കുകൾ
അഭിനയം വളരെ പാഷണേറ്റായി കണ്ടുകൊണ്ടിരുന്ന ഒരാളായിരുന്നില്ല ഞാൻ. അവസരങ്ങൾ കിട്ടിയപ്പോൾ ഉപയോഗപ്പെടുത്തി എന്ന് മാത്രം. കോളേജിൽ പഠിക്കുമ്പോൾ എടുത്ത ഒരു ഷോട്ട് ഫിലിം കണ്ടതിന് ശേഷം കായംകുളം കൊച്ചുണ്ണിയുടെ അസിസ്റ്റന്റ് ഡയറക്ടർ കൊച്ചുണ്ണിയുടെ കൂടെ നിൽക്കുന്ന നിരവധി കള്ളന്മാരിൽ ഒരാളായിട്ടായിരുന്നു എന്നെ വിളിച്ചത്. അവിടെ ചെന്നപ്പോഴാണ് കായംകുളം കൊച്ചുണ്ണി എന്ന കഥാപാത്രം എനിക്ക് കിട്ടുന്നത്. മറ്റുള്ളവരുടെ ഇഷ്ടം പിടിച്ചുപറ്റിയ കള്ളനാണ് കൊച്ചുണ്ണി. അത് ഒരു നടൻ എന്ന നിലയിൽ എനിക്കും ഗുണമായി.
വളരെ സീരിയസായി തന്നെയായിരുന്നു ആ കഥാപാത്രത്തെ ഞാൻ സമീപിച്ചത്. പക്ഷെ, എന്റെ അഭിനയ മികവ് കൊണ്ട് എട്ട് എപ്പിസോഡ് പറഞ്ഞിരുന്നത് നാല് എപ്പിസോഡിലേക്ക് ചാനലുകാർ ചുരുക്കി. പക്ഷെ, സീരിയലിന് പെട്ടെന്ന് ടിആർപി കൂടുകയും പിന്നീടത് 250 എപ്പിസോഡ് വരെ പോവുകയും ചെയ്തു. ഒരുപക്ഷെ, സിനിമയിലെ നായകനായി ഞാൻ ആദ്യമേ വന്നിരുന്നെങ്കിൽ പോലും കൊച്ചുണ്ണിക്ക് കിട്ടിയ ഒരു സ്നേഹം എനിക്ക് ഒരിക്കലും കിട്ടിയെന്ന് വരില്ല. അത് വലിയൊരു ഭാഗ്യമായാണ് ഞാൻ കണക്കാക്കുന്നത്. മണിക്കുട്ടൻ പറഞ്ഞു.