അനധികൃത സ്വത്ത് സമ്പാദന കേസിൽ മറ്റൊരാളെ അറസ്റ്റ് ചെയ്ത വാർത്തയിൽ തന്റെ പടം ദുരുപയോഗം ചെയ്തതിന് മലയാള മനോരമ ദിനപത്രത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങി നടൻ മണികണ്ഠൻ ആചാരി. പാലക്കാട് ഒറ്റപ്പാലത്ത് അനധികൃത സ്വത്ത് സമ്പാദന കേസിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ. മണികണ്ഠനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പൊലീസ് കേസെടുക്കുകയും ചെയ്ത വാർത്തയിലാണ് മണികണ്ഠൻ ആചാരിയുടെ ഫോട്ടോ മനോരമ ദിനപത്രം തെറ്റായി നൽകിയത്. ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചെന്നും, അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കൺട്രോളർ തന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞതെന്നും ഇൻസ്റ്റഗ്രാം ലൈവിൽ നടൻ മണികണ്ഠൻ പറയുന്നു.
മലയാള മനോരമയുടെ മലപ്പുറം എഡിഷനിലെ വാർത്തയിലായിരുന്നു ഫോട്ടോ ദുരുപയോഗം ചെയ്തത്. അനധികൃത സ്വത്ത് സമ്പാദനക്കേസ്; നടൻ മണികണ്ഠനു സസ്‌പെൻഷൻ എന്ന തലക്കെട്ടോടെയായിരുന്നു മണികണ്ഠന്റെ ഫോട്ടോ നൽകിയ വാർത്ത. കള്ളപ്പണമാണ് വിഷയം. മനോരമയ്ക്ക് തന്റെ ഫോട്ടോ കണ്ടാൽ അറിയില്ലേ എന്നൊരു സംശയം തനിക്കുണ്ടെന്നും മണികണ്ഠൻ പറഞ്ഞു.
മണികണ്ഠൻ ലൈവിൽ പറഞ്ഞത്:
മലയാള മനോരമ പത്രത്തിൽ മലപ്പുറം എഡിഷനിൽ എന്നെക്കുറിച്ച് ഒരു വാർത്ത വന്നു. എന്റെ ഫോട്ടോ ആണ് അതിലുണ്ടായിരുന്നത്. തുടർന്ന് വായിക്കുമ്പോഴാണ് എന്നെക്കുറിച്ചുള്ളതല്ല ആ വാർത്തയെന്ന് മനസ്സിലാവുന്നത്. കള്ളപ്പണമാണ് വിഷയം. മനോരമയ്ക്ക് എന്റെ ഫോട്ടോ കണ്ടാൽ അറിയില്ലേ എന്നൊരു സംശയം എനിക്കുണ്ട്. മനോരമയ്ക്ക് അറിയാത്ത ഒരാളാണോ ഞാൻ എന്ന് സംശയിച്ച് പോവുകയാണ്. എന്തായാലും അതെന്നെ വളരെയധികം ബാധിച്ചു എന്നതുകൊണ്ടാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. കാരണം ഞാൻ ഈ വാർത്ത അറിയുന്നത് ഞാൻ അടുത്ത മാസം ചെയ്യേണ്ട ഒരു തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ എന്നെ വിളിച്ചു പറഞ്ഞപ്പോഴാണ്. നിങ്ങള്‍ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസ്സിലായി അത് ഞാനല്ലെന്ന്. അയാള്‍ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവര്‍ ആലോചിച്ചിരുന്നെങ്കില്‍ എന്റെ ആ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരങ്ങൾ നഷ്ടപ്പെടുമെന്ന് അറിയില്ല. അതുകൊണ്ടാണ് എത്രയും പെട്ടെന്ന് ഈ സത്യാവസ്ഥ ജനങ്ങളെ അറിയിച്ചത്. വളരെ എളുപ്പത്തിൽ എനിക്ക് ഇത്തരമൊരു ചീത്തപ്പേരുണ്ടാക്കി തന്ന മനോരമയ്ക്ക് എന്റെ നല്ല നമസ്കാരം. നിയമപരമായി തന്നെ മുന്നോട്ട് പോകും.