
സിനിമാപ്രേമികളുടെ കാത്തിരിപ്പുകൾക്ക് വിരാമം കുറിച്ച് കൊണ്ട് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി വീണ്ടും സിനിമാ സെറ്റിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ ഒക്ടോബർ ഒന്നിന് മമ്മൂട്ടി ജോയിൻ ചെയ്യും. നിർമ്മാതാവ് ആന്റോ ജോസഫാണ് ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
ആന്റോ ജോസഫിന്റെ വാക്കുകൾ:
പ്രിയപ്പെട്ട മമ്മൂക്ക വരുന്നു...
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ.
അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു. മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും.പ്രാർത്ഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.
കുറച്ചു കാലമായി സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിന്നിരുന്ന മമ്മൂട്ടി, ഈ അടുത്താണ് പൂർണ്ണ ആരോഗ്യവാനായി മടങ്ങിയെത്തിയത്. ഇത് മലയാളികൾ ഒന്നടങ്കം ആഘോഷിക്കുയും ചെയ്തിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സ്‌ക്രീനിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. അതേസമയം, ജിതിന്‍ കെ ജോസ് ഒരുക്കുന്ന കളങ്കാവല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം.