'എന്റെ മനക്കലേക്ക് ​സ്വാഗതം', മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത ഭാവം; ഭ്രമയു​ഗം ടീസറെത്തി

'എന്റെ മനക്കലേക്ക് ​സ്വാഗതം', മമ്മൂട്ടിയുടെ
ഇതുവരെ കാണാത്ത ഭാവം;
ഭ്രമയു​ഗം ടീസറെത്തി

'ഭൂതകാലം' എന്ന സിനിമക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ഭ്രമയു​ഗം എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒരു മനയിൽ എത്തിപ്പെടുന്ന അർജുൻ അശോകന്റെ കഥാപാത്രവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ടീസർ നൽകുന്ന സൂചന. ഇതുവരെ കാണാത്ത ഭാവത്തിൽ മമ്മൂട്ടിയെത്തുന്ന ചിത്രം ഒരു ഹൊറർ ത്രില്ലർ ആയി ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് ഒരുങ്ങുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം ഒരുങ്ങുന്ന ചിത്രം ഉടൻ തിയറ്ററുകളിൽ റിലീസ് ചെയ്യും. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകർക്കും ഹൊറർ വിഭാഗത്തിലുള്ള ആരാധകർക്കും ഇത് ഒരു വിരുന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംവിധായകൻ രാഹുൽ സദാശിവൻ ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് പറഞ്ഞിരുന്നു. ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിനുള്ള പ്രൊഡക്ഷൻ ഹൗസ് ആയി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് 'ഭ്രമയുഗം'.

കൊച്ചിയിലും ഒറ്റപ്പാലത്തുമാണ് 'ഭ്രമയുഗം' ചിത്രീകരണം പൂർത്തിയാക്കിയത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, മേക്കപ്പ്: റോനെക്സ് സേവ്യർ, കോസ്റ്റംസ് : മെൽവി ജെ.

Related Stories

No stories found.
logo
The Cue
www.thecue.in