ഈ കയ്യടി കാണാൻ തിയറ്ററിൽ നിങ്ങളുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ മമ്മൂക്കയ്ക്ക് മെസേജ് അയച്ചു, അദ്ദേഹം അതിന് എനിക്ക് തന്ന മറുപടി...

ഈ കയ്യടി കാണാൻ തിയറ്ററിൽ നിങ്ങളുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ മമ്മൂക്കയ്ക്ക് മെസേജ് അയച്ചു, അദ്ദേഹം അതിന് എനിക്ക് തന്ന മറുപടി...
Published on

രേഖാചിത്രത്തിൽ മമ്മൂട്ടിയെ കാണിക്കുന്ന സീൻ തനിക്ക് ശരിക്കും ഒരു ഫാൻ ബോയ് മൊമെന്റായിരുന്നുവെന്ന് നടൻ ആസിഫ് അലി. മമ്മൂട്ടിയുടെ 369 നമ്പർ പ്ലേറ്റുള്ള കാറ് കാണുമ്പോൾ തന്നെ ആളുകൾ തിയറ്ററിൽ കയ്യടിക്കാൻ തുടങ്ങിയിരുന്നുവെന്നും മമ്മൂക്കയെ ഇത്രത്തോളം ആളുകൾ ആഘോഷിക്കുന്നത് കണ്ട് താൻ അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നുവെന്നും ആസിഫ് അലി പറയുന്നു. എങ്ങനെയാണ് താങ്കളെ പ്രേക്ഷകർ സെലിബ്രേറ്റ് ചെയ്യുന്നതെന്ന് തിയറ്ററിലെത്തി തന്നെ മമ്മൂക്ക കാണണം എന്ന് തനിക്ക് ആ​ഗ്രഹമുണ്ടായിരുന്നുവെന്നും അത് പ്രകടിപ്പിച്ചാണ് താൻ മെസേജ് അയച്ചതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.

ആസിഫ് അലി പറഞ്ഞത്:

സൂപ്പർ സ്റ്റാർഡം എന്നു പറയുന്നതിന്റെ ഡെഫനിഷൻ എന്താണെന്ന് എനിക്ക് മനസ്സിലായ ഒരു പോയിന്റ് ആയിരുന്നു അത്. 369 എന്നെഴുതിയ ഒരു കാറ് വരുമ്പോൾ തിയറ്ററിൽ കയ്യടി വരികയാണ്. അതൊക്കെയാണ് സ്റ്റാർ‍ഡം എന്ന് പറയുന്നത്. അത് കാണുമ്പോൾ ശരിക്കും എനിക്കൊരു ഫാൻ ബോയ് മൊമെന്റ് കിട്ടുകയായിരുന്നു അവിടെ. മമ്മൂക്കയെ ഇപ്പോ കാണിക്കും എന്ന തരത്തിൽ തോന്നലുണ്ടാക്കുന്ന ഒരുപാട് സ്ഥലങ്ങൾ സിനിമയിൽ വരുന്നുണ്ട്. അവിടെയെല്ലാം ആളുകൾ എന്തോ പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ച് സിനിമയിൽ റിലീസിന് മുന്നേ ഇദ്ദേഹം ഉണ്ടെന്നും ഇല്ലെന്നും തുടങ്ങി കുറേ സംസാരങ്ങളുണ്ടായിരുന്നല്ലോ? പഴയ മമ്മൂക്കയെ സ്ക്രീനിൽ കാണിക്കുന്ന സമയത്ത് തിയറ്ററിൽ ശരിക്കും അദ്ദേഹം ഹീറോ ആയി അഭിനയിച്ച ഒരു പടത്തിന്റെ ഇൻട്രോ കാണിക്കുന്നതിനെക്കാൾ ബഹളമാണ് അവിടെ കേൾക്കുന്നത്. ഒരോ ഷോട്ടിലും അദ്ദേഹം സെലിബ്രേറ്റ് ചെയ്യപ്പെടുന്നു. ഇത് കണ്ടു കൊണ്ടിരിക്കേ ഞാൻ അദ്ദേഹത്തിന് മെസേജ് അയച്ചു എന്തൊരു സ്വാ​ഗ് ആണ് നിങ്ങൾക്ക്, ആളുകൾ തിയറ്ററിൽ നിങ്ങളുടെ പ്രസൻസ് ആസ്വദിക്കുന്നത് നിങ്ങളൊന്ന് തിയറ്ററിലിരുന്ന് കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആ​ഗ്രഹിക്കുന്നു എന്ന്. അപ്പോൾ എനിക്ക് തിരിച്ച് ഒരു മറുപടി വന്നു. കൺ​ഗ്രാജുലേഷൻസ് ഫ്രം മമ്മൂട്ടി ചേട്ടൻ എന്ന്.

ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ജനുവരി ഒൻപതിന് തിയറ്ററുകളിലെത്തിയ ചിത്രം ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ ഒരുക്കിയ ഒരു മിസ്റ്ററി ക്രൈം ഡ്രാമയാണ്. തിയറ്ററിലെത്തി രണ്ടാം വാരം പിന്നിടുമ്പോൾ 33 കോടിയിലധികം കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. 2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ഹിറ്റായി രേഖപ്പെടുത്തിയ രേഖാചിത്രം ആസിഫ് അലിയുടെ കരിയറിൽ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫീസ് ഇനിഷ്യലാണ്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമ്മിച്ചത്. രേഖാചിത്രത്തിൽ നായിക വേഷം അനശ്വര രാജനാണ് അവതരിപ്പിച്ചത്.മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

Related Stories

No stories found.
logo
The Cue
www.thecue.in