
മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾ ഒന്നടങ്കം തങ്ങളുടെ പ്രിയപ്പെട്ട നടന് ആശംസകൾ നേരുന്നുണ്ട്. ഇപ്പോഴിതാ തന്റെ പിറന്നാൾ ദിനത്തിലെ ആശംസകൾക്ക് നന്ദി പറഞ്ഞുകൊണ്ട് മമ്മൂട്ടിയും എത്തിയിരിക്കുകയാണ്.
അതിമനോഹരമായ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് മമ്മൂട്ടി തന്റെ സ്നേഹം രേഖപ്പെടുത്തിയത്. 'എല്ലാവര്‍ക്കും സ്നേഹവും നന്ദിയും, സര്‍വശക്തനും' എന്നാണ് മമ്മൂട്ടി കുറിച്ചത്. ഒപ്പം കടലിന്റെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന തന്റെ ചിത്രവും നടൻ പങ്കുവെച്ചിട്ടുണ്ട്.
കുറച്ചു കാലമായി സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിന്നിരുന്ന മമ്മൂട്ടി, ഈ അടുത്താണ് പൂർണ്ണ ആരോഗ്യവാനായി മടങ്ങിയെത്തിയത്. ഇത് മലയാളികൾ ഒന്നടങ്കം ആഘോഷിക്കുയും ചെയ്തിരുന്നു. അതേസമയം, ചെറിയ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സ്‌ക്രീനിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ജിതിന്‍ കെ ജോസ് ഒരുക്കുന്ന കളങ്കാവല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം.