'ഇതുവഴി പലരും പോയിട്ടുണ്ട്, ചിലര്‍ ചത്തും പോയിട്ടുണ്ട്'; 'നന്‍പകല്‍ നേരത്ത് മയക്കത്തി'ന്റെ ട്രെയ്‌ലറെത്തി

'ഇതുവഴി പലരും പോയിട്ടുണ്ട്, ചിലര്‍ ചത്തും പോയിട്ടുണ്ട്'; 'നന്‍പകല്‍ നേരത്ത് മയക്കത്തി'ന്റെ ട്രെയ്‌ലറെത്തി

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന 'നന്‍പകല്‍ നേരത്ത്' മയക്കത്തിന്റെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്ത്. മമ്മൂട്ടിക്കമ്പനിയുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ച ട്രെയ്‌ലര്‍ വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് എസ്. ഹരീഷ് തിരക്കഥ തയ്യാറാക്കിയ ചിത്രത്തില്‍ അശോകന്‍, രമ്യ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍ തുടങ്ങിയവർ മറ്റ് പ്രധാന വേഷത്തിലെത്തുന്നു.

27-ാമത് ഐഎഫ്എഫ്‌കെയില്‍ വേള്‍ഡ് പ്രീമിയര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. ഐഎഫ്എഫ്കെയില്‍ നടന്ന ആദ്യ പ്രദര്‍ശനത്തിനിടെ ടാഗോര്‍ തിയറ്ററില്‍ മുന്നിലുണ്ടായ ഡെലിഗേറ്റുകളുടെ തിരക്കിലും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലുകളിലൂടെയും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. തുടര്‍ന്ന് അടുത്തുതന്നെ ചിത്രത്തിന്റെ തിയറ്റര്‍ റിലീസുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ എത്തുന്ന 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിന്റെ നിര്‍മ്മാണത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മോണാസ്ട്രിയും പങ്കാളിയാണ്.

തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചനാണ്. എഡിറ്റിംഗ് ദീപു ജോസഫ്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്‌സ് ഫസല്‍ എ ബക്കര്‍. തമിഴ്‌നാട് പശ്ചാത്തലമാകുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in