'കണ്ണ് ഇറുക്കെപ്പൂട്ടി വാ പൊളിച്ചുകൊണ്ടാണു ഞാനോടി വന്നത്' ആദ്യ സിനിമയെക്കുറിച്ച് മമ്മൂട്ടി

'കണ്ണ് ഇറുക്കെപ്പൂട്ടി വാ പൊളിച്ചുകൊണ്ടാണു ഞാനോടി വന്നത്' ആദ്യ സിനിമയെക്കുറിച്ച് മമ്മൂട്ടി

അഭിനയ ജീവിതത്തിലെ അമ്പതാം വര്‍ഷത്തില്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ആദ്യ സിനിമയെക്കുറിച്ചും ആ സിനിമയിലെത്തിയതിനെക്കുറിച്ചും മമ്മൂട്ടി. മനോരമ ആഴ്ചപ്പതിപ്പില്‍ 1990 ല്‍ പ്രസിദ്ധീകരിച്ച ലേഖനം മനോരമ വാരാന്തപതിപ്പിലാണ് പുനപ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോട്ടയത്ത് അവസരം തേടിയെത്തിയ മമ്മൂട്ടിയോട് കൊള്ളാം ശരീരം പോര എന്നായിരുന്നു സംവിധായകന്‍ കെ.എസ് സേതുമാധവന്റെ ആദ്യ പ്രതികരണം. അതേക്കുറിച്ച് മമ്മൂട്ടി പറയുന്നത് ഇങ്ങനെ.

''എന്റെ ശരീരം പുഷ്ടിപ്പെടാന്‍ അന്നു സേതുമാധവന്‍സാര്‍ ഒരു ഉപായം പറഞ്ഞു തന്നു. രാത്രി കുറച്ചു പാലെടുത്ത് അതില്‍ ചോറിട്ട് മോരൊഴിച്ച് വയ്ക്കണം. പിറ്റേന്ന് രാവിലെ പാലും ചോറും ആകെയൊരു കട്ടത്തൈരായി മാറിയിട്ടുണ്ടാകും. അതു കഴിച്ചാല്‍ ശരീരം പുഷ്ടിപ്പെടും. പക്ഷേ, ഞാനീ വിദ്യ ഇതുവരെ പരീക്ഷിച്ചിട്ടില്ല. കാരണം അന്നും ഇന്നും തൈരു കഴിക്കാന്‍ എന്നെക്കൊണ്ടാകില്ല. സേതുമാധവന്‍ സാറുമായി സംസാരിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു സന്തോഷമായി. ഞാന്‍ അംഗീകാരം കിട്ടിയതുപോലെ കുറച്ചു ഗൗരവത്തില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ഷൂട്ടിങ് കാണാന്‍ വന്ന ആളുകളെ നിയന്ത്രിച്ചു ''ഹോ ഒന്നു മാറി നില്‍ക്ക്.ബഹളം വച്ചാല്‍ ഒന്നും നടക്കില്ല''

ആദ്യ സീന്‍ ചിത്രീകരിച്ചതിനെക്കുറിച്ച് മമ്മൂട്ടി

കണ്ണ് ഇറുക്കെപ്പൂട്ടി വാ പൊളിച്ചുകൊണ്ടാണു ഞാനോടി വന്നത്. കാരണം റിഫ്ലക്ടറിന്റെ ചൂടും പ്രകാശവും മൂലം എനിക്കു കണ്ണ് തുറക്കാനാകുന്നില്ല. '' അയ്യേ നിങ്ങളെന്തിനാ വാ പൊളിക്കുകയും കണ്ണടയ്ക്കുകയും ചെയ്യുന്നത്. ശരിക്കും ഓടി വരൂ.. സംവിധായകന്‍ നിര്‍ദേശിച്ചു. രണ്ടു റിഹേഴ്സലായി. എന്റെ പ്രകടനം ശരിയാകുന്നില്ല. ഒരു കാര്യം ചെയ്യൂ, നിങ്ങളങ്ങോട്ടു മാറി നില്‍ക്കൂ. മറ്റാരെയെങ്കിലും നോക്കാം'' സേതുമാധവന്‍ സാറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ തളര്‍ന്നുപോയി.

പൊട്ടിക്കരഞ്ഞുപോകുമെന്ന നിലയിലാണ് എന്റെ നില്‍പ്. അതിനിടെ സഹസംവിധായകന്‍ എനിക്കു പകരം മറ്റാരെയോ അന്വേഷിക്കുന്നു.''സാര്‍ ഒരു പ്രാവശ്യം കൂടി ഞാന്‍ ശ്രമിക്കാം ''- എന്റെ സങ്കടം കലര്‍ന്ന ശബ്ദവും മുഖഭാവവും കണ്ടതുകൊണ്ടാകണം സേതുസാര്‍ ഒരു റിഹേഴ്‌സല്‍ കൂടി നടത്തി. വളരെ പ്രയാസപ്പെട്ട് ഞാന്‍ കണ്ണു തുറന്നു പിടിച്ചു. വായടച്ചു. അങ്ങനെ ഒരു വിധത്തില്‍ ആ ഷോട്ടെടുത്തു

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ മിന്നിമറയുന്ന കഥാപാത്രമായെത്തിയ മമ്മൂട്ടിയുടെ കരിയറില്‍ വഴിത്തിരിവായത് കെ.ജി ജോര്‍ജിന്റെ മേള എന്ന സിനിമയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in