'മമ്മൂക്ക ആട്ടം കണ്ടു, വീട്ടിലേക്ക്‌ വരാൻ പറഞ്ഞു'; ആട്ടം ടീമിനെ അഭിനന്ദിച്ച് മമ്മൂട്ടി

'മമ്മൂക്ക ആട്ടം കണ്ടു, വീട്ടിലേക്ക്‌ വരാൻ പറഞ്ഞു'; ആട്ടം ടീമിനെ അഭിനന്ദിച്ച് മമ്മൂട്ടി

ആട്ടം എന്ന ചിത്രത്തിന് അഭിനന്ദനമറിയിച്ച് നടൻ മമ്മൂട്ടി. സിനിമ കണ്ട് ഇഷ്ടപ്പെട്ട മമ്മൂട്ടി അഭിനേതാക്കളെ എല്ലാവരെയും വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. നടൻ ഷാജോണാണ് മമ്മൂട്ടിക്ക് സിനിമ കാണാനുള്ള അവസരം ഒരുക്കി നൽകിയത്. ആട്ടം നല്ല സിനിമയാണ് എന്നാണ് മമ്മൂട്ടി പറഞ്ഞത് എന്ന് നടൻ വിനയ് ഫോർട്ട്. നവാ​ഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ചിത്രമായ ആട്ടം ജനുവരി അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്. റിലീസിന് മുമ്പേ നിരൂപക പ്രശംസ നേടി ചർച്ചയായ ചിത്രമാണ് ആട്ടം. രാജ്യാന്തര ചലച്ചിത്ര മേളകളിലെ സ്ക്രീനിം​ഗിലും കൊച്ചിയിലും കോഴിക്കോടും നടന്ന പ്രിവ്യൂകളിലും ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. വീട്ടിലേക്ക് ക്ഷണിക്കപ്പെട്ട ആട്ടം ടീമിന്റെ അം​ഗങ്ങൾക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രവും നടൻ വിനയ് ഫോർട്ട് ഫേസ്ബുക്കിൽ പങ്കുവച്ചു.

വിനയ് ഫോർട്ടിന്റെ പോസ്റ്റ്:

മമ്മൂക്ക, ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾക്ക് തീർത്താൽ തീരാത്ത നന്ദിയാണ്. ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്ക്‌ വരാൻ പറഞ്ഞു. ഓരോരുത്തരേയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. ഞങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകൾ എടുത്തു. ഇതെല്ലാം ഞങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. കൈ തന്ന് 'നല്ല സിനിമയാണ് ' എന്ന് സാക്ഷാൽ മമ്മൂക്ക പറഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും ഓർത്തു - സുകൃതം!

ആട്ടം കാണാത്തവർ നിങ്ങളുടെ തൊട്ടടുത്ത തിയേറ്ററുകളിൽ കാണണം എന്ന് ഞങ്ങൾ എല്ലാവരും അതിയായി ആഗ്രഹിക്കുന്നു. മമ്മൂക്ക'യ്ക്ക് സിനിമ കാണാൻ കാര്യങ്ങൾ ഒരുക്കിയ ഷാജോൺ ചേട്ടന് ആയിരം ഉമ്മകൾ

ആട്ടം തനിക്ക് ഒരു സാധാരണ സിനിമയല്ല എന്നും ഈ സിനിമ തിയറ്ററിൽ എങ്ങനെ പെർഫോം ചെയ്യുന്നു എന്നതും, അതുമൂലം ഈ സിനിമയിലെ അഭിനേതാക്കളായ തന്റെ സുഹൃത്തുക്കൾക്ക് എങ്ങനെ അഭിനയിച്ച് ജീവിക്കാൻ സാധിക്കുമെന്നതിലുമാണ് ഈ സിനിമയുടെ യാത്ര പുർണ്ണമാകുന്നത് എന്നാണ് മുമ്പ് ആട്ടത്തെക്കുറിച്ച് നടൻ വിനയ് ഫോർട്ട് ക്യു സ്റ്റുഡിയോയോട് പറഞ്ഞത്.

വിനയ് ഫോർട്ട് പറഞ്ഞത്:

എന്നെ സംബന്ധിച്ച് ആട്ടം എനിക്ക് ഒരു സാധാരണ സിനിമയല്ല, ഇന്ത്യയിൽ നിന്ന് കിട്ടാവുന്ന എല്ലാ ബഹുമതികളും ഈ സിനിമയ്ക്ക് കിട്ടി. ഒരു തിയറ്റർ ​ഗ്രൂപ്പിൽ എത്താൻ ബസ്സ് കാശില്ലാത്ത ഒരു പറ്റം നാടകക്കാരാണ് ഇതിലെ അഭിനേതാക്കൾ, ജീവിക്കാൻ പല തൊഴിൽ ചെയ്ത, ജീവിതാവസ്ഥയുടെ കർണ്ണഭാരം ചുമന്ന് ഞങ്ങൾ ചെയ്ത ഈ സിനിമ ഇന്ത്യൻ പനോരമയുടെ ഓപ്പണിം​ഗ് സിനിമയായി. ആനന്ദ് എഴുത്ത് തുടങ്ങിയപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു ഈ സോൺ സേഫാണ് എന്ന്. ഈ സിനിമയുടെ പൂർണ്ണത എന്നത് ഈ സിനിമ തിയറ്ററിൽ‌ എങ്ങനെ പെർഫോം ചെയ്യുന്നു എന്നുള്ളതാണ്. ഐഎഫ്എഫ്കെയിൽ അവസാനത്തെ രണ്ട് ഷോയിൽ പോലീസിന്റെ വണ്ടി വന്ന് ക്രൗഡ് കൺട്രോൾ ചെയ്യേണ്ടി വന്നു. അത്രയ്ക്കധികം ആളുകൾ വന്നിട്ട്. എങ്ങനെ തിയറ്ററുകളിൽ തിരക്കുകൾ ഉണ്ടാക്കാം , ഏറ്റവും കൂടുതൽ ആളുകളെ എങ്ങനെ ഈ സിനിമ കാണിക്കാൻ പറ്റും? ഈ സിനിമ ഒരു കൊമേഴ്ഷ്യൽ സക്സസ്സായിട്ട് എന്റെ സുഹൃത്തുക്കൾക്കും ഈ അഭിനയിച്ച ചേട്ടന്മാർക്കും എങ്ങനെ ഒരു ബെറ്റർ ലെെഫ് ഉണ്ടാവുന്നു, അവർക്ക് എങ്ങനെ ഒരു ആർട്ടിസ്റ്റിക്ക് ലെെഫ് ഉണ്ടാകുന്നു, അഭിനയിച്ച് അവർക്ക് എങ്ങനെ ജീവിക്കാൻ പറ്റുന്നു, അത്തരം പരിപാടികൾ നടക്കുമ്പോഴാണ് കഴിഞ്ഞ ഒന്നര വർഷത്തെ ഞങ്ങളുടെ ഈ യാത്ര സന്തോഷമായിട്ട് പൂർണ്ണമാകുന്നത്.

കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ആട്ടം 2023 ലെ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലിലും ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ലോസ് ഏഞ്ചൽസിലും ​ഗോവാ രാജ്യാന്തര ചലച്ചിത്രമേളയിലും സ്ക്രീൻ ചെയ്തിട്ടുണ്ട്. അനിരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും രംഗനാഥ് രവി ശബ്ദസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതം ബേസിൽ സി ജെയും പ്രൊഡക്ഷൻ ശബ്ദമിശ്രണം ജിക്കു എം ജോഷിയും കളർ ഗ്രേഡിംഗ് ശ്രീക് വാരിയറും നിർവ്വഹിച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in