'ഇത് ഭ്രമയു​ഗാ, കലിയു​ഗത്തിന്റെ ഒരു അപഭ്രംശം'; മമ്മൂട്ടിയുടെ ഭ്രമയു​ഗം ട്രെയ്ലർ

'ഇത് ഭ്രമയു​ഗാ, കലിയു​ഗത്തിന്റെ ഒരു അപഭ്രംശം'; മമ്മൂട്ടിയുടെ ഭ്രമയു​ഗം ട്രെയ്ലർ
Published on

ഇരുണ്ട കാലത്തിന്റെ കാഴ്ചകളുമായി പ്രേക്ഷകരെ ഭ്രമിപ്പിക്കാനൊരുങ്ങി ഭ്രമയു​ഗം ട്രെയ്ലർ. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയു​ഗം. ഒരു മനയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളും ഒപ്പം സ്വന്തം വിധി പണയം വച്ച് ജീവിതം കൊണ്ട് പകിട കളിക്കുന്ന രണ്ട് പേരെയും ട്രെയ്ലറിൽ കാണാൻ സാധിക്കും. പതിനെട്ടാം നൂറ്റാണ്ടിൽ നടക്കുന്നൊരു കഥയാണ് ഭ്രമയു​ഗം. കഴിഞ്ഞ ദിവസം അബുദാബിയിലാണ് ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് നടന്നത്. മുൻവിധിയൊന്നുമില്ലാതെ കാണേണ്ട ചിത്രമാണ് ഭ്രമയ​ഗുമെന്നും ഇത് ഭയപ്പെടുത്തുമോ, സംഭ്രമിപ്പിക്കുമോ, ഞെട്ടിപ്പിക്കുമോ, വിഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്നൊന്നും നിങ്ങൾ ആദ്യമേ ആലോചിക്കേണ്ടെന്നും അങ്ങനെ വരുമ്പോൾ, നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ സംഭവിക്കുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ ആസ്വാദനം കുറയുമെന്നും മമ്മൂട്ടി ട്രെയ്ലർ ലോഞ്ചിൽ പറഞ്ഞു.

മമ്മൂട്ടി പറഞ്ഞത്:

ഭ്രമയു​ഗം കാണാൻ വരുന്നവരോട് എനിക്ക് ഒരു അപേക്ഷയുണ്ട്, ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതും തോന്നിയിട്ടുണ്ടാകും. പക്ഷേ ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ട് ഞങ്ങൾ ഇങ്ങനെ വിചാരിച്ചു, അങ്ങനെ വിചാരിച്ചു എന്ന് തോന്നാതിരിക്കാൻ വേണ്ടിയാണ്. സിനിമ ശൂന്യമായ മനസോടെ കാണണം. എങ്കിൽ മാത്രമേ ഈ സിനിമ ആസ്വദിക്കാൻ കഴിയൂ. ഒരു മുൻവിധിയുമില്ലാതെ കാണണം. ഇത് ഭയപ്പെടുത്തുമോ, സംഭ്രമിപ്പിക്കുമോ, ഞെട്ടിപ്പിക്കുമോ, വിഭ്രമിപ്പിക്കുമോ, സന്തോഷിപ്പിക്കുമോ എന്നൊന്നും നിങ്ങൾ ആദ്യമേ ആലോചിക്കേണ്ട.

അങ്ങനെ വരുമ്പോൾ, നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ സംഭവിക്കുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ ആസ്വാദനം കുറയും. ശുദ്ധമായ മനസോടെ, പ്രസന്നമായി ഈ സിനിമ കാണുക. ഈ സിനിമ ഭയപ്പെടുത്തുമോ ആകുലപ്പെടുത്തുമോ എന്നൊന്നും ഞാൻ പറയുന്നില്ല. പുതുതലമുറയുടെ മലയാള സിനിമയില‍് ഇത് ആദ്യാനുഭവമായിരിക്കും. നമ്മൾ വർണങ്ങളിൽ കാണുന്ന ഒരു പാട് കാഴ്ചകൾ കറുപ്പിലും വെളുപ്പിലും കാണിക്കുന്ന സിനിമയാണിത്. പതിനെട്ടാം നൂറ്റാണ്ടിൽ നടക്കുന്ന സിനിമയാണിത്.

ഒരു സസ്പെൻസ് സ്പേയ്സിൽ നിൽക്കുന്ന ചിത്രമാണ് ഭ്രമയു​ഗം എന്നും ഭൂതകാലം എന്ന ചിത്രം വേറൊരു ടൈപ്പ് ഹൊറർ ചിത്രമായിരുന്നു എന്നും ഭ്രമയു​ഗം മറ്റൊരു രീതിയിലുള്ള ഹൊറർ ചിത്രമാണ് എന്നുമാണ് സംവിധായകൻ രാഹുൽ സദാശിവൻ മുമ്പ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിനുള്ള പ്രൊഡക്ഷൻ ഹൗസ് ആയി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് 'ഭ്രമയുഗം'. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 15 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in