'ഇരുണ്ട കാലഘട്ടത്തിന്റെ നി​ഗൂഢതയൊളിപ്പിച്ച് മമ്മൂട്ടി'; പിറന്നാൾ ദിനത്തിൽ ഭ്രമയു​ഗം പോസ്റ്റർ

'ഇരുണ്ട കാലഘട്ടത്തിന്റെ നി​ഗൂഢതയൊളിപ്പിച്ച് മമ്മൂട്ടി'; പിറന്നാൾ ദിനത്തിൽ ഭ്രമയു​ഗം പോസ്റ്റർ

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ​ഭ്രമയു​ഗത്തിന്റെ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. 'ഭൂതകാലം' എന്ന സിനിമക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന ചിത്രമാണ് ഭ്രമയു​ഗം. ഒരു ഹൊറർ ത്രില്ലർ വിഭാ​ഗത്തിൽ പെടുന്ന ചിത്രത്തിൽ അർജുൻ അശോകനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയം ഒരുങ്ങുന്ന ചിത്രം 2024-ന്റെ തുടക്കത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

കറ പിടിച്ച പല്ലുകളും നര വീണ മുടിയുമായി നി​ഗൂഢത നിറഞ്ഞ ചിരിയോടെ മുഖത്തിന്റെ പകുതി മാത്രം വെളിപ്പെടുത്തിയ ചിത്രമാണ് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. 'ഭ്രമയുഗം' കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിൽ വേരൂന്നിയ കഥയാണ്. ഇത് ഒരു ആഴത്തിലുള്ള ചലച്ചിത്രാനുഭവമാക്കി മാറ്റുന്നതിന് നിർമ്മാതാക്കളുടെ പിന്തുണ ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ലോകമെമ്പാടുമുള്ള മമ്മൂക്കയുടെ ആരാധകർക്കും ഹൊറർ വിഭാഗത്തിലുള്ള ആരാധകർക്കും ഇത് ഒരു വിരുന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംവിധായകൻ രാഹുൽ സദാശിവൻ ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് പറഞ്ഞിരുന്നു. ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിനുള്ള പ്രൊഡക്ഷൻ ഹൗസ് ആയി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ആദ്യ നിർമാണ സംരംഭം കൂടിയാണ് 'ഭ്രമയുഗം'.

കൊച്ചിയിലും ഒറ്റപ്പാലത്തുമാണ് 'ഭ്രമയുഗം' ചിത്രീകരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, മേക്കപ്പ്: റോനെക്സ് സേവ്യർ, കോസ്റ്റംസ് : മെൽവി ജെ.

Related Stories

No stories found.
logo
The Cue
www.thecue.in