

മമ്മൂട്ടിയെ നായകനാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് തുടക്കം. 'പദയാത്ര' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ ഇന്ന് നടന്നു. മമ്മൂട്ടി കമ്പനിയുടെ എട്ടാമത് നിർമാണ സംരംഭമായാണ് ചിത്രം ഒരുങ്ങുന്നത്.
അടൂർ ഗോപാലകൃഷ്ണനും കെ.വി. മോഹൻകുമാറും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ഷെഹ്നാദ് ജലാലാണ് സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിംഗ്:പ്രവീൺ പ്രഭാകർ, കല സംവിധാനം:ഷാജി നടുവിൽ, സംഗീത സംവിധാനം: മുജീബ് മജീദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:ജോർജ് സെബാസ്റ്റ്യൻ, തുടങ്ങിവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.
ഇത് നാലാം തവണയാണ് മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നത്. 1987 ൽ അനന്തരം എന്ന സിനിമയിലൂടെയാണ് മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ആദ്യമായി ഒന്നിച്ചത്. തുടർന്ന് വിധേയൻ, മതിലുകൾ എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ചു. വിധേയനിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു.