മലയാള സിനിമകള്‍ ഓസ്‌കാറിലേക്ക് എത്താത്തത് എന്തുകൊണ്ട്?; മറുപടി നല്‍കി മമ്മൂട്ടി

മലയാള സിനിമകള്‍ ഓസ്‌കാറിലേക്ക് എത്താത്തത് എന്തുകൊണ്ട്?; മറുപടി നല്‍കി മമ്മൂട്ടി

മലയാള സിനിമകള്‍ ഓസ്‌കാര്‍ പുരസ്‌കാരത്തിലേക്ക് എത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നല്‍കി മമ്മൂട്ടി. മലയാള സിനിമയ്ക്ക് ഓസ്‌കാര്‍ ലഭിക്കാത്തത് ആരുടെയും പ്രശ്‌നമല്ല. മറിച്ച് ഓസ്‌കാര്‍ പുരസ്‌കാരത്തിന്റെ നിയമങ്ങള്‍ കാരണമാണ് മലയാള സിനിമകള്‍ അവിടേയ്ക്ക് എത്താതിരിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ റിലീസുമായ നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു പ്രതികരണം.

മമ്മൂട്ടിയുടെ വാക്കുകള്‍:

ഓസ്‌കറിന് മത്സരിക്കുന്ന സിനിമകളെക്കുറിച്ച് നമ്മള്‍ മനസ്സിലാക്കണം. ഇംഗ്ലിഷ് സംസാരിക്കുന്ന സിനിമകള്‍ക്കാണ് സാധാരണ ഓസ്‌കര്‍ ലഭിക്കുക. അമേരിക്കയിലെ ന്യൂയോര്‍ക്കിസും ലോസ് ആഞ്ചല്‍സ് റിലീസ് ചെയ്ത് കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും ഓടുന്ന സിനിമകളാണ് ഓസ്‌കറിന് പരിഗണിക്കുക. മോഷന്‍ പിക്‌ചേഴ്‌സ് ഓഫ് അക്കാദമിയിലെ ആറായിരം അംഗങ്ങളെങ്കിലും ആ സിനിമ കണ്ടിരിക്കണം. അവര്‍ നോമിനേറ്റ് ചെയ്യുന്ന സിനിമകളാണ് അവാര്‍ഡിന് മത്സരിക്കുക.

നമുക്ക് മത്സരിക്കാവുന്ന വിഭാഗത്തില്‍ ഇംഗ്ലിഷ് ഒഴികെയുള്ള ലോകത്തെ എല്ലാ രാജ്യത്തെ സിനിമയും ഉണ്ടാകും. മികച്ച വിദേശ ഭാഷ ചിത്രം. പക്ഷേ ഈ വിദേശ സിനിമകളും ജനറല്‍ വിഭാഗത്തില്‍ പരിഗണിക്കപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പഴയ ഓര്‍മയില്‍ നോക്കുകയാണെങ്കില്‍ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ഇറ്റാലിയന്‍ ചിത്രത്തിന് മികച്ച ചിത്രത്തിനും മികച്ച നടനുമുള്ള ഓസ്‌കര്‍ ലഭിച്ചു.

മികച്ച വിദേശഭാഷാ ചിത്രത്തില്‍ മാത്രമേ മലയാളത്തിന് മത്സരിക്കാന്‍ സാധിക്കൂ. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നും തിരഞ്ഞെടുത്ത് ഒരു സിനിമയാണ് ഓസ്‌കറിന് വിടുന്നത്. അത് അവിടെ കണ്ടു എന്നൊരു സര്‍ട്ടിഫിക്കറ്റ് നമുക്ക് കിട്ടും. അക്കാദമിയിലെ ആറായിരം അംഗങ്ങളിലെ കുറച്ചുപേര്‍ എങ്കിലും കാണണം. അങ്ങനെ കുറേ കടമ്പകള്‍ കഴിഞ്ഞാലേ ഓസ്‌കറില്‍ എത്താന്‍ കഴിയൂ.

അതേസമയം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ ക്രിസ്റ്റഫര്‍ ഫെബ്രുവരി 9നാണ് തിയേറ്ററിലെത്തുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഉദയ കൃഷ്ണയാണ്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in