സിനിമ കണ്ട് ആഘോഷിക്കുന്നവര്‍ക്ക് ഒരു ഉപകാരവും ഞാന്‍ ചെയ്തിട്ടില്ല; ആ സ്‌നേഹമാണ് ഏറ്റവും വലിയ ധനമെന്ന് മമ്മൂട്ടി

സിനിമ കണ്ട് ആഘോഷിക്കുന്നവര്‍ക്ക് ഒരു ഉപകാരവും ഞാന്‍ ചെയ്തിട്ടില്ല; ആ സ്‌നേഹമാണ് ഏറ്റവും വലിയ ധനമെന്ന് മമ്മൂട്ടി

മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിന് റിലീസിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. തിയേറ്ററില്‍ നൂറ് ശതമാനം കപ്പാസിറ്റിയോടെയാണ് ചിത്രം റിലീസ് ചെയ്തത്. സിനിമയുടെ വിജയത്തില്‍ പ്രേക്ഷകരും മമ്മൂട്ടി ആരാധകരും വലിയ ആഘോഷത്തിലാണ്. സിനിമ കണ്ട് ആഘോഷമാക്കിയ പ്രേക്ഷകരെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്.

ഖത്തറില്‍ ഭീഷ്മപര്‍വ്വത്തിന്റെ വിജയം ആഘോഷിക്കുന്നതിനിടെയാണ് മമ്മൂട്ടി തന്നെയും സിനിമയെയും സ്‌നേഹിക്കുന്ന ആരാധകരെ കുറിച്ച് പറഞ്ഞത്. 'സിനിമ കണ്ട് ആഘോഷിക്കുന്നവര്‍ക്ക് ഒരു ഉപകാരവും ഞാന്‍ ചെയ്തിട്ടില്ല. അവരെ എനിക്ക് അറിയുക പോലുമില്ല. അത്തരം ആളുകളുടെ സ്‌നേഹം കിട്ടുക എന്നത് വലിയ ഭാഗ്യമാണ്. അതാണ് ഏറ്റവും വലിയ ധനം' എന്നാണ് മമ്മൂട്ടി പറഞ്ഞത്.

മമ്മൂട്ടിയുടെ വാക്കുകള്‍

ഞാന്‍ ഇന്ന് ഇങ്ങോട്ട് വന്നപ്പോള്‍ ആലോചിച്ച ഒരു കാര്യമാണ്. പരസ്യമായി പറയേണ്ട ഒന്നല്ല. എങ്കിലും ഈ സിനിമ കാണുകയും ആര്‍ത്തലക്കുകയും ഉല്ലസിക്കുകയും ബഹളമുണ്ടാക്കുകയും ഒക്കെ ചെയ്യുന്ന ആളുകളെ ഒന്നും എനിക്ക് അറിയില്ല. ഞാന്‍ ഒന്നും ഒരു ഉപകാരവും അവര്‍ക്ക് ചെയ്തിട്ടില്ല. അപ്പോള്‍ അങ്ങനെ ഉള്ളവരുടെ സ്‌നേഹം കിട്ടുക എന്നത് വലിയൊരു മഹാഭാഗ്യമാണ്. കണ്ടാല്‍ പോലും തിരിച്ചറിയില്ല ഞാന്‍ ആരെയും. ഇവിടെ നിങ്ങളെ കുറച്ച് പേരെ കാണുന്നു എന്നല്ലെ ഉള്ളു. പക്ഷെ കാണാത്ത എത്രയോ ആളുകള്‍ ഉണ്ട്.

ഈ സിനിമ തിയേറ്ററില്‍ ഞാന്‍ നേരിട്ട് പോയി കണ്ടതല്ല, വീഡിയോയില്‍ കണ്ടതാണ്. അവിടെ ആളുടെ ആര്‍ത്തുല്ലസിക്കുകയൊക്ക ചെയ്യുമ്പോള്‍ നമ്മള്‍ ഒന്നും ചെയ്ത് കൊടുത്തിട്ടില്ല അവര്‍ക്ക്. സിനിമയില്‍ അഭിനയിക്കുക എന്നല്ലാതെ മറ്റൊരു പണിയും നമുക്ക് പറ്റില്ല, ചെയ്ത് കൊടുത്തിട്ടുമില്ല. അപ്പോള്‍ അത് എത്രത്തോളം സ്വാധീനിക്കുന്നുണ്ട്, എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ട് എന്നൊക്കെ അറിയുന്നത് ഒരു സന്തോഷമാണ്. അതാണെന്റെ ഏറ്റവും വലിയ സന്തോഷവും. ഏറ്റവും വലിയ വരുമാനവും, ഏറ്റവും വലിയ ധനം സ്വത്ത് സമ്പാദ്യം എന്നൊക്കെ പറയുന്നത്.

മാര്‍ച്ച് 3നാണ് ഭീഷ്മപര്‍വ്വം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ബിഗ് ബിക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ഭീഷ്മപര്‍വ്വം.

Related Stories

No stories found.
logo
The Cue
www.thecue.in