നമുക്ക് മലയാള സിനിമയെ ലോകത്തിന്റെ നെറുകില്‍ കൊണ്ട് വെക്കണം: മമ്മൂട്ടി

നമുക്ക് മലയാള സിനിമയെ ലോകത്തിന്റെ നെറുകില്‍ കൊണ്ട് വെക്കണം: മമ്മൂട്ടി

മലയാള സിനിമയെ ലോകത്തിന്റെ നെറുകില്‍ കൊണ്ട് വെക്കണമെന്ന് നടന്‍ മമ്മൂട്ടി. പുതിയ ചിത്രമായ ഭീഷ്മപര്‍വ്വത്തിന്റെ വാര്‍ത്താ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളുമായി നടന്ന ഇന്‍ട്രാക്ഷനിടയിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. ഒടിടിയുടെ വരവോടെ മലയാള സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്തി. അത് വലിയൊരു അംഗീകാരമാണെന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടു.

'നമുക്ക് എല്ലാവര്‍ക്കും കൂടി മലയാള സിനിമയെ ലോകത്തിന്റെ നെറുകില്‍ കൊണ്ട് വെക്കണം. ഇപ്പോള്‍ തന്നെ ഒടിടിയുടെ വരവ് മൂലം ഒരുപാട് പേര്‍ മലയാള സിനിമകള്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്. മലയാളം സംസാരിക്കാത്തവരും മലയാളം മനസിലാക്കാത്തവരും മലയാള സിനിമ കാണുന്നുണ്ട്. അത് നമുക്ക് വലിയൊരു അംഗീകാരമാണ്. അത് നവ മാധ്യമങ്ങളും നവ സിനിമ പ്രവര്‍ത്തകരുമെല്ലാം നമ്മുടെ ഈ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയെ സിനിമയുടെ ഓണ്‍ കണ്‍ട്രിയാക്കി മാറ്റണം.' - മമ്മൂട്ടി

അതേസമയം ഭീഷ്മപര്‍വ്വം ഇന്ന് രാവിലെ 8 മണിയോടെ കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ചിത്രം ഏകദേശം 350 തിയേറ്ററുകളിലായാണ് കേരളത്തില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ബിഗ് ബിക്ക് ശേഷം അമല്‍ നീരദ്-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഭീഷ്മപര്‍വ്വത്തിനുണ്ട്.

ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. 'ഞാന്‍ ചെയ്ത ഗാങ്ങ്സ്റ്റര്‍ റോളുകളെല്ലാം വളരെ വ്യത്യസ്തമാണ്. ഗ്യാങ്സ്റ്റര്‍ എന്ന് പേരുള്ള സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ഭീഷ്മപര്‍വ്വം ഒരു ഗ്യാങ്സ്റ്റര്‍ സിനിമയല്ല. മൈക്കിള്‍ ഒരു മാഫിയ കിങ്ങല്ല. ഒരു ഫാമിലി ഹെഡ്ഡാണ്.' എന്നാണ് മമ്മൂട്ടി തന്റെ കഥാപാത്രത്തെ കുറിച്ച് ദ ക്യുവിനോട് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in