മലയാളത്തിലെ കമേഴ്സ്യൽ സിനിമകളുടെ അവതരണ ശൈലി മാറ്റിയ സിനിമകളിലൊന്നാണ് അമൽ നീരദിന്റെ ബിഗ് ബി. ബിഗ് ബി എന്ന സിനിമയുടെ പ്രീക്വൽ ബിലാൽ 2023ൽ ചിത്രീകരണം തുടങ്ങുമെന്ന് റിപ്പോർട്ടുകൾ വന്നിരിക്കെ ആ സിനിമ പിറന്ന കഥ ഓർത്തെടുത്ത് മമ്മൂട്ടി.
ഫോർ ബ്രദർ എന്ന സിനിമയുടെ സി.ഡിയാണ് അമൽ നീരദ് ആദ്യം ബിഗ് ബിയെക്കുറിച്ച് പറയാൻ തന്റെ കയ്യിൽ തന്നതെന്ന് മമ്മൂട്ടി. യൂട്യൂബ് ചാനൽ കൂട്ടായ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മമ്മൂട്ടി പറഞ്ഞത്
അമൽ നീരദ് ഒരു സി.ഡിയാണ് എന്റെ കയ്യിൽ കൊണ്ട് തന്നത്, ഫോർ ബ്രദേഴ്സ് എന്ന സിനിമയുടെ സി.ഡി., ഇതായിരിക്കും നമ്മുടെ സിനിമയുടെ ബേസ് എന്ന് അമൽ നീരദ് അന്ന് പറഞ്ഞു. അമൽ നീരദിനെ എനിക്ക് ഇഷ്ടപ്പെടാൻ കാരണം ബ്ലാക്ക് എന്ന സിനിമയുടെ ഫോട്ടോഗ്രഫി കണ്ടിട്ടാണ്. അമൽ നീരദിന്റെ ഫോട്ടോഗ്രഫിയും സിനിമയോടുള്ള സമീപനവും കണ്ടിട്ടാണ് എനിക്ക് ഇഷ്ടമായത്. അമൽ നീരദിന്റെ ശിഷ്യരാണ് ഇപ്പോൾ കാണുന്നവർ പലരും. നമ്മൾ ഇപ്പോൾ മലയാളത്തിൽ കാണുന്ന ഫോട്ടോഗ്രഫി സ്റ്റൈൽ തുടങ്ങുന്നത് ബ്ലാക്ക് എന്ന സിനിമയിൽ നിന്നാണ്.
സൗത്ത് അമേരിക്കൻ-സ്പാനിഷ് സിനിമകളോട് ആഭിമുഖ്യമുള്ള സിനിമ എടുക്കുമ്പോൾ അതിൽ നമ്മൾ ഉണ്ടാകണ്ടേ എന്ന ആലോചനയിലാണ് ബിഗ് ബിയുടെ ഭാഗമായത്. അന്നൊക്കെ ഹാൻഡ് ഹെൽഡ് സിനിമകളും ബ്രീത്തിംഗ് ഷോട്ടുള്ള സിനിമകളും ഉണ്ടല്ലോ. അമൽ നീരദിന് മുമ്പും പുതിയ സംവിധായകർക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്. അവർ കൊണ്ടുവരുന്ന പുതുമയിലാണ് വിശ്വസിക്കുന്നത്.
ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെയാണ് ബിഗ് ബിയിൽ മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ ട്രെൻഡ് സെറ്റർ കഥാപാത്രവുമായിരുന്നു ബിലാൽ. അമൽ നീരദ് തന്നെയാണ് ബിഗ് ബിയുടെ തിരക്കഥ. എഴുത്തുകാരൻ ഉണ്ണി ആർ ആയിരുന്നു സംഭാഷണം. ബിഗ് ബിയിലെ പഞ്ച് വൺ ലൈനറുകൾ പിന്നീട് എവർഗ്രീൻ ഹിറ്റായി മാറിയിരുന്നു. കൊച്ചി പഴയ കൊച്ചിയല്ല.2005ൽ പുറത്തുവന്ന അമേരിക്കൻ ആക്ഷൻ ചിത്രമായ ഫോർ ബ്രദേഴ്സിൽ നിന്ന് കഥയിലും കഥാപാത്രങ്ങളിലും പ്രചോദനം ഉൾക്കൊണ്ട് ചെയ്ത ചിത്രവുമായിരുന്നു ബിഗ് ബി.
2017ലാണ് അമൽ നീരദ് ബിലാൽ പ്രഖ്യാപിച്ചത്. 2018ൽ ചിത്രീകരിക്കാനായിരുന്നു ആലോചന. ഇന്ത്യയിലും വിദേശത്തുമായിരുന്നു ലൊക്കേഷനുകൾ. 2020 മാർച്ചിൽ ബിലാൽ ഷൂട്ട് ചെയ്യാനിരിക്കെയായിരുന്നു കൊവിഡ് വ്യാപനം. തുടർന്ന് പ്രൊജക്ട് മാറ്റി വെക്കുക ആയിരുന്നു.
ബിലാലിന് പകരം ഭീഷ്മ എന്ന ചിത്രത്തിന് വേണ്ടി അമൽ നീരദും മമ്മൂട്ടിയും കൈകോർത്തു. വലിയ ഇടവേളക്ക് ശേഷം ബോക്സ് ഓഫീസിൽ മമ്മൂട്ടിയുടെ കരുത്തുറ്റ തിരിച്ചുവരവുമായിരുന്നു ഭീഷ്മപർവം. മമ്മൂട്ടിയുടെ കരിയറിലെ തിരിച്ചുവരവ് ചിത്രമെന്ന നിലക്ക് കൂടിയാണ് 2022ൽ റിലീസ് ചെയ്ത ഭീഷ്മ വിലയിരുത്തപ്പെടുന്നത്. 2022ൽ ഏറ്റവുമധികം കളക്ട് ചെയ്ത സിനിമ കൂടിയാണ് ഭീഷ്മ.