ലോകാരോ​ഗ്യ സംഘടനയുടെ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി വിദ്യാർത്ഥിയുടെ ഷോർട്ട് ഫിലിം

ലോകാരോ​ഗ്യ സംഘടനയുടെ ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി വിദ്യാർത്ഥിയുടെ  ഷോർട്ട് ഫിലിം

അക്കാദമിക്ക് പ്രൊജക്ടിന് വേണ്ടി ഡോക്യുമെന്ററി തയ്യാറാക്കാൻ കോളേജിൽ നിന്ന് ആവശ്യപ്പെടുമ്പോൾ പി.ജി വിദ്യാർത്ഥിയായ അശ്വിന് ഉള്ളിലുണ്ടായിരുന്നത് താൻ കടന്നു പോയ ഏറ്റവും മോശം അവസ്ഥയെക്കുറിച്ചുള്ള ചിത്രമാണ്. പരിമിതമായ റിസോഴ്സുകൾ ഉപയോ​ഗിച്ച് ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത നാല് മിനിട്ട് നീളമുള്ള ആ ഷോർട്ട് ഫിലിം, ഡോക്യുമെന്ററി അധ്യാപകനായ വരുണിന്റെ നിർദേശ പ്രകാരം ലോകാരോ​ഗ്യ സംഘടനയുടെ ചലച്ചിത്രോത്സവത്തിലേക്ക് അയച്ചു കൊടുക്കുമ്പോഴും അത് തെരഞ്ഞെടുക്കപ്പെടുമെന്നോ ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന രണ്ട് ചിത്രങ്ങളിൽ ഒന്നായി അത് മാറുമെന്നോ അശ്വിൻ പ്രതീക്ഷിച്ചിരുന്നില്ല. 'ദ റൂം വിത്തിൻ' എന്ന അശ്വിന്റെ ഡോക്യുമെന്ററി മാനസികരോ​ഗ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. വിഷാദത്തിൽ ആഴ്ന്ന് പോകുന്ന ജീവിതവും അവിടെ നിന്നും ഒരു മടങ്ങി വരവും ലെെഫിൽ സംഭവിക്കുമെന്ന് ഓർമ്മിപ്പിക്കുകയാണ് ദ റൂം വിത്തിൻ എന്ന ഹ്രസ്വ ചിത്രത്തിലൂടെ അശ്വിൻ. വ്യക്തി ജീവിതത്തിൽ താൻ കടന്നു പോകേണ്ടി വന്ന അവസ്ഥയും താൻ സ്വയം ചോദിച്ച ചോദ്യങ്ങളുമാണ് ഷോർട്ട് ഫിലിമിന് ആധാരമെന്ന് അശ്വിൻ ക്യു സ്റ്റുഡിയോയ്ക്ക് നൽ‌കിയ അഭിമുഖത്തിൽ പറയുന്നു.

ഡബ്ല്യു.എച്ച്.ഒ യുടെ മത്സരത്തിന് വേണ്ടി ചെയ്ത ഡോക്യുമെന്ററിയായിരുന്നു ദ റു വിത്തിൻ?

കോളേജിന് വേണ്ടി ചെയ്ത മിനി പ്രൊജക്ടായിരുന്നു ദ റൂം വിത്തിൻ എന്നത്. എന്റെ ഡോക്യുമെന്ററി അധ്യാപകനായ വരുൺ സാറിന് ഡോക്യുമെന്ററി ഇഷ്ടപ്പെടുകയും അദ്ദേഹമാണ് ഇത് ഷോട്ട് ഫിലിമിന്റെ കാറ്റ​ഗറിയിൽ ഡബ്ല്യു.എച്ച്.ഒയ്ക്ക് അയച്ചു കൊടുത്താലോ എന്ന് ചോദിക്കുന്നതും. അങ്ങനെയാണ് മത്സരത്തിന് വേണ്ടി ഡോക്യുമെന്ററി അയക്കുന്നത്.

ഒരു കോളേജ് പ്രൊജക്ടിന് വേണ്ടി മാനസികാരോ​ഗ്യം വിഷയമായി തിരഞ്ഞെടുക്കാം എന്ന് തീരുമാനിക്കാൻ കാരണം?

എന്റെ വ്യക്തി ജീവിതത്തിൽ നിന്നും ഉണ്ടായ അനുഭവമാണ് ഡോക്യുമെന്ററിയായി ആവിഷ്കരിച്ചിരിക്കുന്നത്. ഞാൻ കടന്നു പോയ സ്റ്റേജോ അല്ലെങ്കിൽ ഞാൻ പറയാൻ ആ​ഗ്രഹിച്ച കാര്യമോ ആണ് ഞാൻ അതിൽ ഉപയോ​ഗിച്ചിരിക്കുന്നത്.‌ എന്റെ ഒരു സമയത്തെ അവസ്ഥ അങ്ങനെയായിരുന്നു. ഡോക്യുമെന്റി ചെയ്യണം എന്ന് പറഞ്ഞപ്പോൾ എന്തുകൊണ്ട് ഇത് എടുത്തുകൂടാ എന്ന് തോന്നി. മാത്രമല്ല റിസോഴ്സുകളും പരിമിതമായിരുന്നു. അങ്ങനെയായാണ് ഇത് തന്നെ ചെയ്യാം എന്ന് തീരുമാനിക്കുന്നത്.

വിഷ്വൽസ് ഉപയോ​ഗിച്ച് കഥ പറയാം എന്ന് തീരുമാനിച്ചത് എന്തുകൊണ്ട്?

സിറ്റുവേഷന് മാച്ചായുള്ള ഒരു വിഷ്വൽ എടുക്കാൻ മാത്രമേ ഞാൻ നോക്കിയിട്ടുള്ളൂ. എന്റെ റൂമിലൂടെ ഞാൻ നോക്കുമ്പോൾ കാണുന്ന മാറാലയും മറ്റുമാണ് അതിൽ കാണിച്ചിരിക്കുന്നത്. എങ്ങനെയായിരിക്കും വിഷാദം മൂർച്ഛിച്ച ഒരാളുടെ മുറിയുണ്ടാവുക അതുപോലെയാണ് വിഷ്വൽ എടുത്തിരിക്കുന്നത്. ഞാൻ കഴിക്കുന്ന മെഡിസിൻ പൊടി പിടിച്ച മുറി, അത്തരത്തിലുള്ള സാധാരണ കാഴ്ചയാണ് അതിൽ ഉപയോ​ഗിച്ചിരിക്കുന്നത്. കാണുന്നവർക്ക് അത് ചിലപ്പോൾ റിലേറ്റ് ചെയ്യാൻ കഴിഞ്ഞേക്കും സെൽഫ് കെയർ ചെയ്യാൻ കഴിയാതെ, ചുറ്റുപാടുകളെയും കെയർ ചെയ്യാൻ കഴിയാതെ കഴിഞ്ഞു കൂടുന്ന ആളുകൾ. എന്റെ കണ്ണിൽ കൂടി ഞാൻ എന്താണ് കണ്ടത് അതാണ് ഞാൻ ചിത്രീകരിച്ചത്.

എൻട്രി കിട്ടിയപ്പോൾ എന്ത് തോന്നി?

ഡബ്ല്യൂ.എച്ച്.ഒയ്ക്ക് കൊടുത്താലോയെന്ന് സാർ ചോദിച്ചത് തന്നെ വലിയൊരു കാര്യമായിരുന്നു. എൻട്രി കിട്ടും എന്നൊന്നും ഒരിക്കലും കരുതിയിരുന്നില്ല. സാറാണ് പറഞ്ഞത് അശ്വിൻ അവർ ഡോക്യുമെന്ററി സെലക്ട് ചെയ്തു, നമുക്ക് ചാൻസുണ്ടാകുമായിരിക്കും എന്ന്. തിരഞ്ഞെടുക്കപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ തന്നെ അത്ഭുതമാണ് തോന്നിയത്. അവരുടെ വെബ്സെെറ്റിൽ എന്റെ ഡോക്യുമെന്ററി വന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ സന്തോഷമായി.

110 രാജ്യങ്ങളിൽ നിന്നായി ലഭിച്ച 900 എൻട്രികളിൽനിന്നാണ് 60 ഷോർട്ട് ഫിലിമുകളുടെ ചുരുക്കപ്പട്ടികയാണ് ഡബ്ല്യു.എച്ച്.ഒ തയ്യാറാക്കിയിരിക്കുന്നത്. അടുത്ത മാസമാണ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in