
മൾട്ടിസ്റ്റാർ ചിത്രങ്ങളുടെ കാര്യം പരിഗണിക്കുമ്പോൾ അതിലെ മാസ്റ്റർപീസായി താൻ കാണുന്ന ചിത്രമാണ് 'ട്വന്റി ട്വന്റി' എന്ന് നടൻ ഉണ്ണി മുകുന്ദൻ. മൾട്ടി സ്റ്റാർ ചിത്രങ്ങൾ ചെയ്യണം എന്നാഗ്രഹമുള്ള ആളാണ് താൻ. അത്തരത്തിലുള്ള സിനിമകളുടെ ശേഷി എത്രത്തോളമുണ്ടെന്ന് തനിക്കറിയാം. മൾട്ടി സ്റ്റാർ ചിത്രത്തിന് സ്ക്രിപ്റ്റ് ഒരുക്കാൻ കെൽപ്പുള്ള സംവിധായകനും ടീമും ഉണ്ടാകണം. മലയാളത്തിൽ ഹരികൃഷ്ണൻസ് മികച്ച ഒരു മൾട്ടി സ്റ്റാർ ചിത്രമാണ്. ട്വന്റി ട്വന്റി പോലെ ഒരു സിനിമ ഇന്ത്യയിലെ മറ്റേതെങ്കിലും ഭാഗത്ത് സംഭവിക്കുമെന്ന് തോന്നുന്നില്ല. ഒരു താരത്തിനും അഭിനേതാവിനും ഒരുപോലെ പ്രാധാന്യം കൊടുക്കുന്ന തിരക്കഥയായിരുന്നു സിനിമയുടേത്. ഫിലിം സ്‌കൂളുകളിൽ പഠിപ്പിക്കേണ്ടുന്ന തിരക്കഥയാണ് ട്വന്റി ട്വന്റി സിനിമയുടേതെന്ന് ഗലാട്ട പ്ലസ്സിനു നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഉണ്ണി മുകുന്ദൻ പറഞ്ഞത്:
മൾട്ടി സ്റ്റാർ ചിത്രങ്ങൾ ചെയ്യണം എന്ന് ആഗ്രഹമുള്ള ആളാണ് ഞാൻ. ഒരുപാട് ഹോളിവുഡ് സിനിമകൾ ഞാൻ ആ രീതിയിൽ കണ്ടിട്ടുണ്ട്. ഹിന്ദിയിലാണെങ്കിൽ ഷോലെ പോലെയുള്ള മൾട്ടി സ്റ്റാർ ചിത്രങ്ങളുണ്ട്. മലയാളത്തിൽ ഹരികൃഷ്‌ണൻസ് അതുപോലെ ഒരു മികച്ച മൾട്ടിസ്റ്റാർ ചിത്രമാണ്. മൾട്ടി സ്റ്റാർ ചിത്രങ്ങൾക്ക് എത്രത്തോളം നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ അങ്ങനെയുള്ള ഒരു സ്ക്രിപ്റ്റ് തീരുമാനിക്കാൻ കെൽപ്പുള്ള ഒരു സംവിധായകനും ടീമും വേണം.
ട്വന്റി ട്വന്റി ആ രീതിയിൽ ഒരു മാസ്റ്റർപീസാണ്. അങ്ങനെയൊരു സിനിമ ഇന്ത്യയുടെ വേറെ ഏതെങ്കിലും ഭാഗത്ത് സംഭവിക്കുമെന്ന് തോന്നുന്നില്ല. താരങ്ങളെയും അവരുടെ ഉള്ളിലുള്ള അഭിനേതാവിനെയും തുല്യമായി പരിഗണിക്കുന്ന അങ്ങനെയൊരു തിരക്കഥയും ഞാൻ മുൻപ് കണ്ടിട്ടേയില്ല. എല്ലാ ഫിലിം സ്‌കൂളുകളിലും പഠിപ്പിക്കേണ്ട ഒന്നാണ് ആ സ്ക്രിപ്റ്റ്. വാണിജ്യപരമായ രീതിയിലും കലാപരമായും എഴുതിയിട്ടുള്ള ഒരു തിരക്കഥയാണ് അത്. എങ്ങനെയാണ് എല്ലാ നടന്മാരെയും കൃത്യമായി ബാലൻസ് ചെയ്യുന്നതെന്ന് സിനിമ കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് തോന്നി. അങ്ങനെയാണ് മൾട്ടി സ്റ്റാർ ചിത്രങ്ങളെ ഞാൻ നോക്കികാണുന്നതും.
ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാർക്കോ പാൻ ഇന്ത്യൻ തലത്തിൽ മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തിൽ 100 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ഫെബ്രുവരി 14 ന് സോണി ലീവിൽ ആരംഭിക്കും.