'നൂറ് നാടകം കളിച്ചാലും ഷോട്ടെടുക്കുമ്പോൾ ഭയമുണ്ട് '; നാടകീയത വന്നാൽ നിയന്ത്രിക്കാൻ ​ഗണേഷിനോട് പറഞ്ഞിരുന്നുവെന്ന് കെ.പി.എ.സി ലീല

'നൂറ് നാടകം കളിച്ചാലും ഷോട്ടെടുക്കുമ്പോൾ ഭയമുണ്ട് '; നാടകീയത വന്നാൽ നിയന്ത്രിക്കാൻ ​ഗണേഷിനോട് പറഞ്ഞിരുന്നുവെന്ന് കെ.പി.എ.സി ലീല

നീണ്ട ഇടവേളയ്ക്കു ശേഷം കെ.പി.എ.സി ലീല മുഖ്യ വേഷത്തിലെത്തുന്ന മലയാള ചിത്രമാണ് പൂക്കാലം. ​ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊച്ചുത്രേസ്യാമ്മ എന്ന കഥാപാത്രമായാണ് ലീല ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. പൂക്കാലം വളരെ സന്തോഷമുള്ള ഒരുനുഭവമായിരുന്നുവെന്ന് കെ.പി.എ.സി ലീല പറഞ്ഞു. സംവിധായകനും നിർമാതാവും അഭിനേതാക്കളുമെല്ലാം ചെറുപ്പക്കാരാണ്,

വളരെ പക്വതയോടെ അവർ ഇടപെട്ടിരുന്നുവെന്നും അഭിനയിക്കുമ്പോൾ നാടകീയത ഉണ്ടായാൽ നിയന്ത്രിക്കണമെന്ന് സംവിധായകനോട് പറഞ്ഞിരുന്നുവെന്നും കെ.പി.എ.സി ലീല ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജയരാജിന്റെ രൗദ്രം 2018 ൽ അഭിനയിച്ചിരുന്നെങ്കിലും പൂക്കാലത്തിലേതുപോലെ ഉള്ള അനുഭവമായിരുന്നില്ല. അഭിനയിക്കുമ്പോൾ ചിലപ്പോൾ നാടകീയത ഉണ്ടായേക്കാമെന്ന് ​ഗണേഷിനോട് പറഞ്ഞിരുന്നു, അങ്ങനെ ഉണ്ടായാൽ അത് നിയന്ത്രിക്കണമെന്നും ഗണേഷിനോട് പറഞ്ഞിരുന്നു. ഇത്രയും പ്രായമായ കഥാപാത്രം അവതരിപ്പിക്കുമ്പോൾ കൃത്രിമത്വം ഉണ്ടായേക്കാം, അത് മറികടക്കാൻ ഷോട്ടിന് മുന്നേ സ്വയം തയാറെടുപ്പുകൾ നടത്തുമായിരുന്നു. ഇത്രയും നന്നായി അഭിനയിക്കുമെന്ന് കരുതലോടെയല്ല അവർ എന്നെ വിളിച്ചത്. അഭിനയിച്ചു കഴിഞ്ഞപ്പോൾ നന്നായിരുന്നുവെന്നു പറഞ്ഞു. എനിക്കത് കേട്ട് വളരെ സന്തോഷം തോന്നി.

കെ.പി.എ.സി ലീല

നൂറ് നാടകം കളിച്ചാലും ഷോട്ടെടുക്കുമ്പോൾ ഒരു ഭയമുണ്ടാകും. ഇത്രയും പ്രായമായതും വലിയൊരു കൂട്ടുകുടുംബത്തിലുള്ളതുമായ ആരുടേയും ജീവിതം നേരിട്ട് പരിചിതമല്ല. അങ്ങനെയുള്ളവരെ കണ്ട് അവരുടെ രീതികൾ മനസിലാക്കാൻ വിജയരാഘവനും മറ്റും പറയുമായിരുന്നു. പഠിക്കാൻ എനിക്ക് അവസരങ്ങൾ ഉണ്ടായിരുന്നില്ല. ഒരു ഊഹം വച്ച് അഭിനയിച്ചു. അതെല്ലാവർക്കും ഇഷ്ടപെട്ടുവെന്നും ലീല പറഞ്ഞു.

വിജയരാഘവൻ , കെ.പി.എ.സി ലീല, വിനീത് ശ്രീനിവാസന്‍, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 90 കഴിഞ്ഞ ഇട്ടൂപ് എന്ന കഥാപാത്രത്തെയാണ് വിജയരാഘവന്‍ അവതരിപ്പിക്കുന്നത്. നാല് തലമുറകളുടെ കഥയാണ് പൂക്കാലം. ആനന്ദത്തിനു ശേഷം ഗണേഷ് സംവിധാനം ചെയുന്ന കുടുംബ ചിത്രമാണ് പൂക്കാലം. വിനീത് ശ്രീനിവാസന്റെ സഹസംവിധായകന്‍ ആയി തട്ടത്തിന്‍ മറയത്തിലൂടെയാണ് ഗണേഷ് സിനിമ മേഖലയില്‍ അരങ്ങേറിയത്.

വിനോദ് ഷൊര്‍ണ്ണൂര്‍, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-സച്ചിന്‍ വാര്യര്‍,എഡിറ്റര്‍-മിഥുന്‍ മുരളി

Related Stories

No stories found.
logo
The Cue
www.thecue.in