'നീതിക്ക് പകരം മോദിയുടെ ഇന്ത്യയില്‍ നിന്നും ഇതാണ് ലഭിക്കുക', ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പാര്‍വതിയും അപര്‍ണ ബാലമുരളിയും റിമയും

'നീതിക്ക് പകരം മോദിയുടെ ഇന്ത്യയില്‍ നിന്നും ഇതാണ് ലഭിക്കുക', ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പാര്‍വതിയും അപര്‍ണ ബാലമുരളിയും റിമയും

ഡല്‍ഹിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി മലയാള താരങ്ങള്‍. നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, അപര്‍ണ ബാലമുരളി എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യമറിയിച്ചത്.

'നീതിക്ക് വേണ്ടി ആവശ്യപ്പെടുമ്പോള്‍ മോദിയുടെ ഇന്ത്യയില്‍ നിന്നും ഇതാണ് നിങ്ങള്‍ക്ക് ലഭിക്കുക' ഗുസ്തി താരങ്ങളെ നടുറോഡിലൂടെ വലിച്ചിഴച്ച പോലീസ് ക്രൂരതയെയും മോദി ഭരണത്തെയും വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുസമീപം 'മഹിളാ മഹാപഞ്ചായത്ത്' നടത്താനൊരുങ്ങിയ ഗുസ്തിതാരങ്ങളെ ഡല്‍ഹി പൊലീസ് തെരുവിലൂടെ വലിച്ചിഴക്കുന്ന ചിത്രം പങ്കുവച്ചാണ് പാര്‍വതിയുടെ പ്രതികരണം.

'മോദി ഭരണത്തില്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്ക് സംഭവിക്കുന്നതിതൊക്കെയാണ്, അനീതി, ഭീതിജനകമായ ആള്‍ക്കൂട്ട കൊലപാതകം, ജാതി-മത വിവേചനം, ആക്രമണങ്ങള്‍ തുടങ്ങി ഒരു നിര തന്നെയുണ്ട്.' - പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ അപര്‍ണ്ണ ബാലമുരളിയും ഗുസ്തി താരങ്ങള്‍ പിന്തുണച്ച് രംഗത്തെത്തി. 'വൈകിയെത്തുന്ന നീതി നീതി നിഷേധമാണ്' എന്ന ഹാഷ് ടാഗോടെയാണ് അപര്‍ണ ബാലമുരളി പോസ്റ്റ് പങ്കുവച്ചത്. റിമ കല്ലിങ്കല്‍, ആഷിക് അബു തുടങ്ങിയവരും സോഷ്യല്‍ മീഡിയയില്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായെത്തി.

ലൈംഗീകാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധത്തിലാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്. ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്ക്, ബജ്രംഗ് പുനിയ, ഏഷ്യന്‍ ഗെയിംസ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത പൊലീസ്, ജന്തര്‍മന്തറിലെ അവരുടെ സമരപ്പന്തലും താമസസൗകര്യങ്ങര്യങ്ങളും നീക്കം ചെയ്തിരുന്നു.

നേരത്തെ നടന്‍ കമല്‍ഹാസന്‍, സ്വരഭാസ്‌കര്‍ തുടങ്ങിയവര്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in