'നമ്മുടെ യശ്ശസ്സ് ഉയര്‍ത്തിപ്പിടിച്ചവരാണ്, സാധാരണക്കാരന് ലഭിക്കുന്ന നീതിയെങ്കിലും ലഭിക്കണം'; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ടൊവിനോ

'നമ്മുടെ യശ്ശസ്സ് ഉയര്‍ത്തിപ്പിടിച്ചവരാണ്, സാധാരണക്കാരന് ലഭിക്കുന്ന നീതിയെങ്കിലും  ലഭിക്കണം'; ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി ടൊവിനോ

ഡല്‍ഹിയില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം തുടരുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ടൊവിനോ തോമസ്. ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയവരെന്ന പരിഗണന കൊടുക്കേണ്ട പക്ഷേ രാജ്യത്തെ എല്ലാ പൗരനും അര്‍ഹിക്കുന്ന നീതിയെങ്കിലും ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ എന്ന് ടൊവിനോ തോമസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വൈകിയ ലഭിക്കുന്ന നീതി നീതി നിഷേധമാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

'അന്തരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തി പിടിച്ചവരാണ്, ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷകള്‍ക്ക് വിജയത്തിന്റെ നിറം നല്‍കിയവര്‍ ! ആ പരിഗണനകള്‍ വേണ്ട, പക്ഷേ നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ, എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ'

ടൊവിനോ തോമസ്

ടൊവിനോ തോമസിനെക്കൂടാതെ നേരത്തെ നടി പാര്‍വതി തിരുവോത്ത്, അപര്‍ണ്ണ ബാലമുരളി, റിമ കല്ലിങ്കല്‍, അഞ്ജലി മേനോന്‍ എന്നിവരും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

'നീതിക്ക് വേണ്ടി ആവശ്യപ്പെടുമ്പോള്‍ മോദിയുടെ ഇന്ത്യയില്‍ നിന്നും ഇതാണ് നിങ്ങള്‍ക്ക് ലഭിക്കുക' എന്നാണ് ഗുസ്തി താരങ്ങളെ നടുറോഡിലൂടെ വലിച്ചിഴച്ച പോലീസ് ക്രൂരതയെയും മോദി ഭരണത്തെയും അപലപിച്ച് നടി പാര്‍വതി തിരുവോത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നേരത്തെ നടന്‍ കമല്‍ഹാസന്‍, സ്വരഭാസ്‌കര്‍ തുടങ്ങിയവര്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.

ലൈംഗീകാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധത്തില്‍ പോലീസ് അക്രമം അഴിച്ചുവിട്ടിരുന്നു. ഒളിംപിക്‌സ് മെഡല്‍ ജേതാക്കളായ സാക്ഷി മാലിക്ക്, ബജ്രംഗ് പുനിയ, ഏഷ്യന്‍ ഗെയിംസ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത പൊലീസ്, ജന്തര്‍മന്തറിലെ അവരുടെ സമരപ്പന്തലും താമസസൗകര്യങ്ങളും നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് സമര മുറ കടുപ്പിക്കുന്നതചിന്റെ ഭാഗമായി രാജ്യാന്തര മല്‍സരവേദികളില്‍ ഉള്‍പ്പെടെ ലഭിച്ച മെഡലുകള്‍ പ്രതിഷേധസൂചകമായി ഗംഗാനദിയില്‍ ഒഴുക്കാന്‍ അവര്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കര്‍ഷക നേതാവ് നരേഷ് ടികായത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഗംഗയില്‍ മെഡലുകള്‍ ഒഴുക്കാനുള്ള തീരുമാനത്തില്‍ നിന്ന് താത്ക്കാലികമായി പിന്മാറിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in