
തങ്കലാനിലെ തന്റെ പ്രകടനം കണ്ട് ഫഹദ് ഫാസിൽ വിളിച്ച് അഭിനന്ദിച്ചുവെന്ന് നടി മാളവിക മോഹനൻ. ഫഹദ് അങ്ങനെ ഒന്നും വെറുതെ പറയുന്ന ഒരു വ്യക്തിയല്ല. മാത്രമല്ല, മഞ്ജു വാര്യരടക്കം മലയാളത്തിൽ നിന്നും ഒരുപാട് പേർ തന്നെ വിളിച്ചിരുന്നു. ആറ് മാസമെങ്കിലും തയ്യാറെടുപ്പുകൾ വേണ്ടിയിരുന്ന സിനിമയിൽ താൻ ജോയിൻ ചെയ്യുന്നത് വെറും രണ്ടാഴ്ച മുമ്പായിരുന്നുവെന്നും മാളവിക മോഹനൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
മാളവിക മോഹനന്റെ വാക്കുകൾ
തങ്കലാൻ സിനിമ കണ്ട് മലയാളത്തിൽ നിന്നും ഒരുപാടുപേർ എന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫഹദ് ഫാസിലിന്റെ വിളിയായിരുന്നു. ഫഹദ് അങ്ങനെ വെറുതെ പറയുന്ന ഒരാളല്ല. നല്ലതല്ലെങ്കിൽ അല്ല എന്നും നല്ലതാണെങ്കിൽ ആണ് എന്നും പറയുന്ന വ്യക്തിയാണ്. അദ്ദേഹം വിളിച്ച് പറഞ്ഞു, ആ സിനിമയിൽ എന്നെ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമായി എന്നായിരുന്നു ഫഹദ് വിളിച്ച് പറഞ്ഞു. പിന്നെ, മഞ്ജു വാര്യർ, അഞ്ജലി മേനോൻ അങ്ങനെ ഒരുപാടുപേർ എന്നെ വിളിച്ച് എന്റെ പെർഫോമൻസ് നല്ലതാണെന്ന് പറഞ്ഞിരുന്നു.
തങ്കലാനിന്റെ ഷൂട്ടിങ്ങിനെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ എനിക്ക് ക്ഷീണമാകും. അത്രയ്ക്ക് ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു ഷൂട്ട്. ഷൂട്ടിന് രണ്ടാഴ്ച മുമ്പാണ് ഞാൻ ഓൺ ബോർഡ് ആകുന്നത്. പക്ഷെ, ആ കഥാപാത്രം വളരെ നന്നായി ചെയ്യണമെങ്കിൽ ഒരു 6 മുതൽ 8 മാസം വരെ പരിശീലനം ആവശ്യമായിരുന്നു. അത്രയ്ക്ക് ഫിസിക്കൽ ആക്ടിവിറ്റിയുള്ള ക്യാരക്ടറാണ്. എനിക്ക് അത് ചെയ്യാൻ ഒരു റെഫറൻസ് പോയിന്റ് പോലും ഉണ്ടായിരുന്നില്ല. കാണാൻ പോലും അപ്പോകാലിപ്റ്റോ പോലെയുള്ള വളരെ കുറച്ച് സിനിമകൾ മാത്രമാണുണ്ടായിരുന്നത്. ഷൂട്ട് തുടങ്ങി രണ്ട് ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം തന്നെ പറഞ്ഞു, രണ്ട് മാസം സമയത്തിൽ ട്രെയിൻ ചെയ്തിട്ട് വരാൻ. അങ്ങനെ മാർഷ്യൽ ആർട്സ് ട്രെയിനിങ്ങിന് പോയി പ്രിപ്പയേർഡ് ആയി വന്ന് ചെയ്ത സിനിമയാണ് തങ്കലാൻ.