
താൻ സിനിമയിലെത്താൻ കാരണം മമ്മൂട്ടിയാണ് എന്ന് നടി മാളവിക മോഹനൻ. മമ്മൂട്ടി സജസ്റ്റ് ചെയ്തിട്ടാണ് പട്ടം പോലെ എന്ന സിനിമ തന്നിലേക്ക് വരുന്നത്. തന്നെ കണ്ടതും അദ്ദേഹം എന്നോട് ചോദിച്ചത് ദുൽഖർ സൽമാന്റെ നായികയായി അഭിനയിക്കാൻ താൽപര്യമുണ്ടോ എന്നായിരുന്നു എന്നും മാളവിക മോഹനൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
മാളവിക മോഹനന്റെ വാക്കുകൾ
ഞാൻ സിനിമയിലേക്ക് വരുന്നത് മമ്മൂട്ടി കാരണമാണ്. അദ്ദേഹം സജസ്റ്റ് ചെയ്തിട്ടാണ് പട്ടം പോലെ എന്ന സിനിമ എന്നിലേക്ക് വരുന്നത്. അതില്ലായിരുന്നുവെങ്കിൽ അഭിനയത്തിലേക്ക് ഞാൻ വരില്ലായിരുന്നു. അച്ഛൻ ബോളിവുഡിലെ വലിയ താരങ്ങൾക്കൊപ്പം ജോലി ചെയ്തതുകൊണ്ടുതന്നെ ആമീർ ഖാൻ, സൽമാൻ ഖാൻ, ഷാറൂഖ് ഖാൻ എന്നീ പേരുകളെല്ലാം ഞങ്ങൾക്ക് വലിയ എക്സൈറ്റ്മെന്റ് തന്നിരുന്നില്ല. പക്ഷെ, ഒരു ദിവസം പുള്ളി വന്ന് പറഞ്ഞു, എനിക്ക് നാളെ മമ്മൂട്ടിയുമായി ഷൂട്ടുണ്ട് എന്ന്. അത് എന്നെയും അമ്മയെയും എക്സൈറ്റ് ചെയ്യിപ്പിച്ചു. അങ്ങനെ ഞങ്ങൾ ഷൂട്ട് കാണാൻ പോയി.
മമ്മൂട്ടി അവിടെ ഒരു ടാബ് നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു. അദ്ദേഹം എന്നെ വിളിച്ച് അടുത്തിരുത്തി സംസാരിച്ചു. ദുൽഖറിന്റെ ഒരു പടമുണ്ട്, അതിൽ നായികയായി അഭിനയിക്കാമോ എന്ന് ചോദിച്ചു. ഞാൻ പേടിച്ച് നെർവസായി. ഞാൻ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല എന്ന് പറഞ്ഞു. അദ്ദേഹം അപ്പോൾ പറഞ്ഞു, ഒന്ന് നടക്കാമോ എന്ന്. അദ്ദേഹം അത് തന്റെ ടാബിൽ ഷൂട്ട് ചെയ്തു. അതിന് ശേഷം സംസാരിക്കാൻ പറഞ്ഞു, അതും റെക്കോർഡ് ചെയ്തു. അതായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ ഓഡീഷൻ.