'പട്ടം പോലെ' ചെയ്യുമ്പോൾ ഒരുപാട് ബോഡി ഷെയ്മിങ് ട്രോളുകൾ വന്നു, അതെല്ലാം എന്നെ വല്ലാതെ ബാധിച്ചിരുന്നു: മാളവിക മോഹനൻ

'പട്ടം പോലെ' ചെയ്യുമ്പോൾ ഒരുപാട് ബോഡി ഷെയ്മിങ് ട്രോളുകൾ വന്നു, അതെല്ലാം എന്നെ വല്ലാതെ ബാധിച്ചിരുന്നു: മാളവിക മോഹനൻ
Published on

പട്ടം പോലെ സിനിമ ചെയ്യുന്ന സമയത്ത് തനിക്ക് എതിരെ ഒരുപാട് ബോഡി ഷെയിമിങ് ട്രോളുകൾ വന്നിരുന്നു എന്ന് നടി മാളവിക മോഹനൻ. 2013 ൽ ഛായാഗ്രാഹകൻ അഴകപ്പൻ ആദ്യമായി സംവിധാനം ചെയ്ത ദുൽഖർ സൽമാൻ മാളവിക തുടങ്ങിയവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു പട്ടം പോലെ. എന്നാൽ ചിത്രം പുറത്തു വന്നതിന് പിന്നാലെ തന്റെ മെലിഞ്ഞ ശരീര പ്രകൃതത്തെ അവഹേളിക്കുന്ന തരത്തിലുള്ള ട്രോളുകൾ ഒരുപാട് വന്നു എന്നും അതെല്ലാം തന്നെ തന്നെ വലിയ രീതിയിൽ ബാധിച്ചിരുന്നുവെന്നും മാളവിക പറയുന്നു. ഹൗട്ടർഫ്ലൈ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മാളവികയുടെ പ്രതികരണം.

മാളവിക മോഹനൻ പറഞ്ഞത്:

ഞാൻ എന്റെ ആദ്യ സിനിമ പട്ടം പോലെ ചെയ്യുന്ന സമയത്ത് എനിക്ക് 21 വയസ്സായിരുന്നു പ്രായം. ആ സമയത്ത് എന്റേത് ഒരു മെലിഞ്ഞ ശരീര പ്രകൃതം ആയിരുന്നതിനാൽ അതിന്റെ പേരിൽ എനിക്ക് ഒരുപാട് ട്രോൾ നേരിടേണ്ടി വന്നിരുന്നു. നല്ല മെലിഞ്ഞ ശരീരമായിരുന്നു എനിക്ക് ആ സമയത്ത്. ഇരുപതുകളുടെ പകുതി എത്തയപ്പോഴാണ് എന്റെ ശരീരം പിന്നീട് മാറി തുടങ്ങിയത്. പക്ഷേ ഏറ്റവും മോശമായ രീതിയിൽ ആണ് എനിക്ക് എതിരെ അന്ന് ട്രോളുകൾ വന്നത്. ആ സമയത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റ​ഗ്രാം ട്വിറ്റർ തുടങ്ങിയവ വളരെ വിരളമായിരുന്നു. അതുകൊണ്ട് തന്നെ പ്രധാനമായും ഫേസ്ബുക്കിലാണ് എനിക്ക് അത്തരം ട്രോളുകൾ വന്നത്. എല്ലിൽ തൊലി ചുറ്റിയ പോലെയുണ്ട് തുടങ്ങിയ കമന്റുകളൊക്കെ എനിക്ക് വന്നിരുന്നു. ട്രോൾ ചെയ്യപ്പെട്ടതിൽ ഇതൊക്കെയാണ് അത്യവശ്യം പറയാൻ പറ്റുന്ന കമന്റുകൾ. ഒരുപാട് തരംതാഴ്ത്തുന്ന തരത്തിലുള്ള കമന്റുകളാണ് എനിക്ക് വന്നത്. ആ സമയത്ത് അത് എന്നെ വല്ലാതെ ബാധിച്ചിരുന്നു. നമ്മൾ ഒരാളുടെ ശരീരത്തെക്കുറിച്ച് നാണം കെടുത്തി സംസാരിക്കുമ്പോൾ അയാളുടെ ശരീരം മോശമാണെന്ന് അയാൾക്ക് തന്നെ തോന്നാൻ തുടങ്ങും. അതൊരിക്കലും ഒരു നല്ല കാര്യമല്ല. നിങ്ങൾ അവരെ ബുള്ളി ചെയ്യുകയാണ്. പക്ഷേ ഇപ്പോൾ അതെന്നെ ബാധിക്കാറില്ല. പക്ഷേ ആ സ്റ്റേജിലേക്ക് എത്താൻ നമുക്കൊരു സമയം എടുക്കും.

Related Stories

No stories found.
logo
The Cue
www.thecue.in