'തീർത്തും ലജ്ജാകരം, ഇത് വിചാരിക്കുന്നതിനെക്കാൾ അപമാനകരമാണ്'; മന്‍സൂര്‍ അലിഖാന്റെ സ്ത്രീവിരുദ്ധ പരമാർശത്തിൽ മാളവിക മോഹൻ

'തീർത്തും ലജ്ജാകരം, ഇത് വിചാരിക്കുന്നതിനെക്കാൾ അപമാനകരമാണ്'; മന്‍സൂര്‍ അലിഖാന്റെ സ്ത്രീവിരുദ്ധ പരമാർശത്തിൽ മാളവിക മോഹൻ

നടി തൃഷയ്ക്കെതിരെ മന്‍സൂര്‍ അലിഖാൻ നടത്തിയ സ്ത്രീ വിരുദ്ധ പരമാർശങ്ങളിൽ പ്രതികരണവുമായി നടി മാളവിക മോഹൻ. മന്‍സൂര്‍ അലിഖാൻ നടത്തിയ പ്രസ്താവന വെറുപ്പുളവാക്കുന്നതാണെന്നും അയാളോട് ലജ്ജ തോന്നുന്നുവെന്നും മാളവിക മോഹൻ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. ലോകേഷ് കനകരാജിന്റെ ലിയോ എന്ന ചിത്രത്തിന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് മൻസൂർ അലിഖാൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. ഇതിനെതിരെ നടി തൃഷ തന്നെ രം​ഗത്ത് വന്നിരുന്നു. അയാളെപ്പോലെ മോശമായ ഒരാളുമായി സ്‌ക്രീൻ സ്‌പെയ്‌സ് പങ്കിടാത്തതിൽ സന്തോഷമുണ്ടെന്നും, തന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അത് ഒരിക്കലും സംഭവിക്കില്ലെന്ന് ഉറപ്പാക്കുമെന്നും തൃഷ ട്വിറ്ററിൽ കുറിച്ചു.

മാളവിക മോഹന്റെ പോസ്റ്റ് :

ഇത് പല തലങ്ങളിൽ വെറുപ്പുളവാക്കുന്നതാണ്. ഇയാൾ ഇങ്ങനെയാണ് സ്ത്രീകളെ കാണുന്നതും അവരെക്കുറിച്ച് ചിന്തിക്കുന്നതും എന്നത് തീർത്തും ലജ്ജാകരമാണ്. എന്നാൽ അതേക്കുറിച്ച് പരസ്യമായി സംസാരിക്കാനുള്ള ധൈര്യം ഉണ്ടാകുമോ, പ്രത്യാഘാതങ്ങളെക്കുറിച്ച് പോലും ആശങ്കപ്പെടാതെ?? നിങ്ങളെക്കുറിച്ചോർത്ത് ലജ്ജതോന്നുന്നു. ഇത് വിചാരിക്കുന്നതിനെക്കാൾ അപമാനകരമാണ്.

മുൻപൊരു സിനിമയിൽ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയിൽ തൃഷയെ ഇടാൻ പറ്റിയില്ലെന്നും ലിയോ സിനിമയിൽ റേപ്പ് സീനുകളൊന്നുമില്ലെന്നും തൃഷയോടൊപ്പം ഉറപ്പായും ഒരു ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചെന്നുമായിരുന്നു മന്‍സൂര്‍ അലിഖാന്റെ പരാമർശം. തൃഷ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ സിനിമ മേഖലയിൽ നിന്നുള്ള നിരവധിപ്പേർ തൃഷയ്ക്ക് സപ്പോർട്ടുമായി രം​ഗത്തെത്തി. മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നിയെന്നും സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം എല്ലാ വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം എന്നും ഈ പെരുമാറ്റത്തെ താൻ തികച്ചും അപലപിക്കുന്നുവെന്നും ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജ് പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in