ബാബുരാജ് നല്ല സംഘാടകനായിരിക്കാം, എന്നാൽ ആരോപണ വിധേയരായവർ മാറി നിൽക്കുക തന്നെ വേണം: മാല പാർവതി

ബാബുരാജ് നല്ല സംഘാടകനായിരിക്കാം, എന്നാൽ ആരോപണ വിധേയരായവർ മാറി നിൽക്കുക തന്നെ വേണം: മാല പാർവതി
Published on

അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ബാബുരാജ് മാറിനിൽകുന്നതാണ് ഉചിതമെന്ന് നടി മാല പാർവതി. ഈ സംഘടന എന്നും നിലനിൽക്കണം. ഒരുപാടുപേർക്ക് പ്രതീക്ഷയും സഹായവുമാണ് ഈ സംഘടന. ആരോപണ വിധേയരായവർ മത്സരത്തിൽ നിന്ന് മാറി നിൽക്കുന്നതാണ് സംഘടനയുടെ കെട്ടുറപ്പിന് നല്ലത് എന്ന് മാല പാർവതി പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന നടൻ ജഗദിഷ് സംഘടനയിൽ അത്രത്തോളം സമ്മതനല്ലെന്നും മാല പാർവതി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

'ബാബുരാജ് ഒരു മികച്ച സംഘാടകൻ തന്നെയാണ്. എന്നെ വ്യക്തിപരമായി ഏറെ സഹായിച്ചിട്ടുള്ള വ്യക്തിയുമാണ്. എന്നാൽ അദ്ദേഹം മാറി നിൽക്കണം എന്നാണ് എന്റെ അഭിപ്രായം. ഇത്തരം ആരോപണങ്ങൾ ഉണ്ടായപ്പോൾ നാല് പേർ സംഘടനയിൽ നിന്ന് മാറി നിന്നിട്ടുണ്ട്. അതേപോലെ ആരോപണത്തിൽ പശ്ചാത്തലത്തിൽ ബാബുരാജും മാറിനിൽക്കണം. നാളെ ഇത്തരത്തിൽ ഒരു ആരോപണം ഉണ്ടായാൽ മറ്റുപലരും ഈ ഉദാഹരണം കാട്ടി മാറി നിൽക്കാത്ത അവസ്ഥ വരും. അതിനാലാണ് ബാബുരാജ് മാറി നിൽക്കണം എന്ന ആവശ്യം ഞാൻ ഉന്നയിച്ചത്. അമ്മ എന്ന സംഘടന ഏറെ വിവാദങ്ങളിലൂടെ കടന്നു പോയി കഴിഞ്ഞു. അതെല്ലാം മാറി സംഘടന പ്രൗഡിയോടെ മുന്നേറണം എന്ന് ആഗ്രഹിക്കുന്ന നിരവധിപ്പേരുണ്ട്. അതിൽ ഒരാളാണ് ഞാനും. ഈ സംഘടന എന്നും നിലനിൽക്കണം. കാരണം ഒരുപാടുപേർക്ക് പ്രതീക്ഷയും സഹായവുമാണ് ഈ സംഘടന. അതുകൊണ്ടാണ് ആരോപണവിധേയരാവർ മത്സരത്തിൽ നിന്ന് മാറി നിൽക്കണമെന്ന അഭിപ്രായം പറഞ്ഞത്,' മാല പാർവതി പറഞ്ഞു.

'എന്തെങ്കിലും അസുഖങ്ങളോ പ്രതിസന്ധികളോ ഉണ്ടാകുമ്പോൾ ഈ സംഘടന ഒപ്പമുണ്ടാകും എന്ന് നിരവധിപ്പേർ പ്രതീക്ഷിക്കുന്നുണ്ട്. ഇത്രയും കാലം സംഘടന അവർക്കൊപ്പം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ബീന കുമ്പളങ്ങി ചേച്ചി, വിചിത്ര ചേച്ചി എന്നിവരുടെയെല്ലാം ചികിത്സ കാര്യങ്ങൾ അമ്മയും അമ്മയുടെ നേതൃത്വവുമാണ് നോക്കിയത്. അത്തരം നല്ല കാര്യങ്ങൾ തുടരണമെങ്കിൽ ഈ സംഘടന കെട്ടുറപ്പോടെ മുന്നോട്ട് പോവക തന്നെ വേണം. അതിന് അത്തരത്തിലുള്ളവർ സംഘടനയുടെ നേതൃത്വ നിരയിലേക്ക് വരണം. ഇപ്പോൾ നടക്കുന്ന ഇലക്ഷൻ കാണുമ്പോൾ അങ്ങനെ ഒരു നേതൃത്വ നിരയിലേക്കാണോ പോകുന്നത് എന്ന് തോന്നുന്നില്ല,' എന്ന് മാല പാർവതി അഭിപ്രായപ്പെട്ടു.

'ലാൽ സാർ പോയതിന്റെ ആശങ്ക എല്ലാവർക്കുമുണ്ട്. അദ്ദേഹത്തെപോലെ സമ്മതനായ വ്യക്തി ഇല്ല എന്നത് ഒരു പ്രശ്നമുണ്ട്. അതുപോലെ ഒരു വ്യക്തിയാണ് ഇടവേള ബാബു. അദ്ദേഹം സംഘടനയിൽ എല്ലാവർക്കും സമ്മതനായ വ്യക്തിയാണ്. സംഘടനയ്ക്കുള്ളിൽ അദ്ദേഹം ചെയ്ത കാര്യങ്ങളിൽ എല്ലാവർക്കും മതിപ്പ് തന്നെയാണ് ഉള്ളത്. അദ്ദേഹവും മത്സരിക്കുന്നില്ല. ജഗദീഷ് പൊതുസമൂഹത്തിൽ സമ്മതനാണെങ്കിലും അമ്മയിൽ എതിർ അഭിപ്രായങ്ങളുണ്ട്. ജഗദീഷേട്ടനെതിരെ സംഘടനയിൽ എതിർപ്പുകളുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് സമയം ഒരു മീറ്റിങ് നടത്തണമെന്ന് ആവശ്യം വന്നപ്പോൾ അതിന് സമ്മതിക്കാതിരുന്ന വ്യക്തിയാണ് ജഗദീഷ് എന്നാണ് ചിലർ പറയുന്നത്. പിന്നീട് അമ്മയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ജഗദീഷേട്ടൻ രംഗത്ത് വന്നു. അത് സംഘടനയെ പ്രതിസന്ധിയിലാക്കി എന്നുള്ള പരാതിയും അവിടെ കേൾക്കുന്നുണ്ട്. ജഗദീഷേട്ടനെതിരെ അവിടെ ക്യാംപയിൻ നടക്കുന്നുണ്ട്. ഇത് എന്നെ സംബന്ധിച്ചിടത്തോളം കേട്ടറിവ് മാത്രമാണ്. പൊതുസമൂഹത്തിൽ നിന്നും ജഗദീഷേട്ടന് 100 മാർക്ക് കിട്ടും. എന്നാൽ സംഘടനയ്ക്കുള്ളിൽ അദ്ദേഹത്തിന് അത്രത്തോളം മാർക്ക് കിട്ടില്ല,' എന്നും മാല പാർവതി കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Cue
www.thecue.in