

ഇന്ത്യയിൽ ഇന്ന് ലോകനിലവാരത്തിൽ സിനിമ ചെയ്യുന്നത് മലയാളത്തിലാണെന്ന് നടൻ മകരന്ദ് ദേശ്‌പാണ്ഡേ. ഇവിടുത്തെ പ്രേക്ഷകരുടെ സിനിമപരിജ്ഞാനമാണ് താരങ്ങൾക്ക് പരീക്ഷണ ചിത്രങ്ങൾ ചെയ്യാൻ ധൈര്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ വവ്വാലിന്റെ പൂജയ്ക്കായി കൊച്ചിയിൽ എത്തിയതായിരുന്നു മകരന്ദ് ദേശ്‌പാണ്ഡേ.
“മലയാള സിനിമ ഒരേ സമയം പുതുമ നിറഞ്ഞതും മനുഷ്യരോട് ചേർന്ന് നിൽക്കുന്നതുമാണ്. എന്തുകൊണ്ടാണ് മലയാളത്തിൽ മികച്ച സിനിമകൾ ഉണ്ടാകുന്നത് എന്ന് ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. സുഹൃത്തുക്കളെ കാണുമ്പോൾ, ‘അടുത്തിടെ ഏത് മലയാള സിനിമ കണ്ടു?’ എന്ന് ചോദിക്കാറുണ്ട്. അതിന് കാരണം ഇവിടുത്തെ പ്രേക്ഷകരുടെ സിനിമപരിജ്ഞാനമാണ്. ഇതാണ് പരീക്ഷണ ചിത്രങ്ങൾ ചെയ്യാൻ മലയാളത്തിലെ സൂപ്പർതാരങ്ങൾക്ക് ധൈര്യം നൽകുന്നത്. ബോളിവുഡിൽ അത് സംഭവിക്കുന്നില്ല,” — മകരന്ദ് ദേശ്‌പാണ്ഡേ പറഞ്ഞു.
ഓൺഡിമാൻഡ്സ് ബാനറിൽ ഷഹ്‌മോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വവ്വാൽ എന്ന സിനിമയുടെ പൂജയും സ്വിച്ച് ഓൺ ചടങ്ങും ചാവറ കൾച്ചറൽ സെന്ററിൽ നടന്നു. ചിത്രത്തിലെ മറ്റു താരങ്ങളായ ലെവിൻ സൈമൺ, നായിക ലക്ഷ്മി ചപോർക്കർ, പ്രവീൺ, ഗോകുലൻ എന്നിവർ ഉൾപ്പെടെ അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ജോസഫ് നെല്ലിക്കൽ ആദ്യ ക്ലാപ്പ് നൽകി.
മനോജ് എം.ജെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലാണ്. എഡിറ്റർ — ഫൈസൽ പി. ഷഹ്‌മോൻ. സംഗീതം — ജോൺസൺ പീറ്റർ. പ്രൊഡക്ഷൻ കൺട്രോളർ — അനിൽ മാത്യു. മേക്കപ്പ് — സന്തോഷ് വെൺപകൽ. കോസ്റ്റ്യൂം ഡിസൈനർ — ഭക്തൻ മങ്ങാട്. സംഘടനം — നോക്കൗട്ട് നന്ദ. ചീഫ് അസോസിയേറ്റ് — ആഷിഖ് ദിൽജിത്ത്. പി.ആർ.ഒ. — എ. എസ്. ദിനേശ്, സതീഷ് എരിയാളത്ത്. സ്റ്റിൽസ് — രാഹുൽ തങ്കച്ചൻ. ഡിജിറ്റൽ മാർക്കറ്റിംഗ് — ഒപ്പറ, ഹോട്ട് ആൻഡ് സോർ. ഡിസൈൻ — കോളിൻസ് ലിയോഫിൽ. സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച ആരംഭിക്കും.