'കരിയറിൽ ഉയർച്ചയുണ്ടാവാൻ വേണ്ടിയാണ് പേരിനൊപ്പം നമ്പ്യാർ ചേർത്തത്, ജാതിയുമായി ബന്ധമില്ല'; പേര് മാറ്റത്തിനെക്കുറിച്ച് മഹിമ നമ്പ്യാർ

'കരിയറിൽ ഉയർച്ചയുണ്ടാവാൻ വേണ്ടിയാണ് പേരിനൊപ്പം നമ്പ്യാർ ചേർത്തത്, ജാതിയുമായി ബന്ധമില്ല'; പേര് മാറ്റത്തിനെക്കുറിച്ച് മഹിമ നമ്പ്യാർ
Published on

ആർ.ഡി.എക്സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് മഹിമ നമ്പ്യാർ. കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ സിനിമ രം​ഗത്തേക്ക് വന്ന മഹിമയുടെ യഥാർത്ഥ പേര് ​ഗോപിക എന്നാണ്. ആദ്യത്തെ തമിഴ് ചിത്രത്തിന്റെ ഭാ​ഗമായിട്ടായിരുന്നു പേര് മാറ്റിയത് എന്നും പേര് മാറ്റിയ വിവരം ഇന്റർനെറ്റിലൂടെയാണ് അറിഞ്ഞതെന്നും മഹിമ പറയുന്നു. എന്നാൽ ന്യൂമറോളജി പ്രകാരം കരിയറിൽ ഉയർച്ചയുണ്ടാവാൻ വേണ്ടിയാണ് പേരിനറ്റത്ത് നമ്പ്യർ എന്ന് ചേർത്തതെന്നും അല്ലാതെ നമ്പ്യാർ എന്ന പേരിനും ജാതിയോ മതവുമായോ ബന്ധമില്ലെന്നും മഹിമ റെഡ് എഫ്.എമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ നമ്പ്യാർ എന്നത് ജാതിപ്പേരാണ് എന്നും കരിയറിൽ ഉയർച്ചുണ്ടാവാൻ ജാതിപ്പേര് ഉപയോ​ഗിക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് ജാതിബോധമാണെന്നും മഹിമയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ടാവുന്നുണ്ട്.

മഹിമ പറഞ്ഞത്:

എന്റെ പേര് ​ഗോപിക എന്നായിരുന്നു. ഇപ്പോഴും റെക്കോഡിക്കലി എന്റെ പേര് ​ഗോപിക എന്ന് തന്നെയാണ്. ​ഗോപിക പി.സി എന്നാണ്. വലിയൊരു പേരാണ് എന്റേത്. കാര്യസ്ഥനായിരുന്നു എന്റെ ആദ്യത്തെ സിനിമ. അതിൽ ദീലിപിന്റെ സഹോദരിയുടെ കഥാപാത്രമായിരുന്നു. ആ സമയത്ത് ​ഗോപിക എന്ന് തന്നെയായിരുന്നു പേര്. അത് കഴിഞ്ഞാണ് ഞാൻ തമിഴിൽ സാട്ടെെ എന്ന പടം ചെയ്യുന്നത്. പ്രഭു സോോളമൻ സാറിന്റെ പ്രൊജക്ടായിരുന്നു അത്. ആ സമയത്ത് ​ഗോപിക എന്ന് പേരുള്ള അഭിനയത്രിയുണ്ടായിരുന്നത് കൊണ്ട് പേര് മാറ്റാം എന്നുള്ള രീതിയിൽ മഹിമ എന്ന പേര് അദ്ദേഹമാണ് നിർദ്ദേശിച്ചത്. ഇന്റർനെറ്റിൽ കണ്ടിട്ടാണ് ഞാൻ എന്റെ പേര് മാറ്റിയ കാര്യം അറിയുന്നത് തന്നെ. എന്നെ ആ സിനിമയിലേക്ക് സെലക്ട് ചെയ്തു എന്ന കാര്യം തന്നെ ഞാൻ അറിഞ്ഞത് ഇന്റർനെറ്റ് കണ്ടിട്ടാണ്. ഓഡീഷനൊക്കെ ചെയ്ത് കഴിഞ്ഞ് എന്നോട് അറിയിക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ ഞാൻ ഈ സിനിമയുടെ ​ഗൂ​​ഗിൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. സിനിമയിലെ നായിക മഹിമയാണ് എന്നാണ് അന്ന് ​ഗൂ​ഗിളിൽ കണ്ടത്. പിന്നീടാണ് ഞാൻ അറിയുന്നത് ഞാനാണ് നായിക എന്നും എന്റെ പേര് മാറ്റി എന്നും. മ​ഹിമ എന്ന് പേര് വച്ചതിന് ശേഷം എന്നോട് ന്യൂമറോളജിയൊക്കെ വച്ചിട്ട് പേരിന് ഒരു വാലുണ്ടെങ്കിൽ കരിയറിന് ഒരു ​ഗ്രോത്തുണ്ടാകും എന്ന് പറഞ്ഞു. സത്യമാണോ എന്ന് അറിയില്ല. എന്തായാലും എന്നെ അത് ഹെൽപ്പ് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് നമ്പ്യാർ എന്ന പേര് കൂടെ ചേർക്കുന്നത്. മുത്തച്ഛന്‌‍‍റെ സർനെയിമാണ് അത്. അല്ലാതെ ഈ പേരിന് ജാതിയും മതവുമായി യാതൊരു വിധ ബന്ധവുമില്ല.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ.ഡി.എക്സ് എന്ന ചിത്രത്തിലൂടെയാണ് മഹിമ മലയാളത്തിൽ സുപരിചിതയാവുന്നത്. ഉണ്ണി മുകുന്ദനൊപ്പം നായികയായി എത്തിയ ജയ് ​ഗണേഷ് ആണ് മഹിമയുടേതായി അടുത്തിടെ തിയറ്ററിൽ എത്തിയ ചിത്രം.

Related Stories

No stories found.
logo
The Cue
www.thecue.in