അവസാനമായി ഒരു സിനിമ കണ്ട് ഇത്രത്തോളം ചിരിച്ചത് എന്നാണെന്ന് ഓർമ്മയില്ല; പ്രേമലുവിന്റെ തെലുങ്ക് പതിപ്പിന് നന്ദി അറിയിച്ച് മഹേഷ് ബാബു

 അവസാനമായി ഒരു സിനിമ കണ്ട് ഇത്രത്തോളം ചിരിച്ചത് എന്നാണെന്ന് ഓർമ്മയില്ല; പ്രേമലുവിന്റെ തെലുങ്ക് പതിപ്പിന് നന്ദി അറിയിച്ച് മഹേഷ് ബാബു

'പ്രേമലു' തെലുങ്ക് പതിപ്പ് പ്രേക്ഷകരിലേക്ക് എത്തിച്ചതിന് നന്ദി അറിയിച്ച് തെലുങ്ക് നടൻ മഹേഷ് ബാബു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് പ്രദർശനത്തിനെത്തിയത്. ഇതിന് പിന്നാലെ സിനിമ താൻ നന്നായി ആസ്വദിച്ചുവെന്നും അവസാനമായി ഒരു സിനിമ കണ്ട് ഇത്രത്തോളം ചിരിച്ചതെന്നാണെന്ന് ഓർമ്മയില്ലെന്നും മഹേഷ് ബാബു പറഞ്ഞു. പ്രേമലുവിൽ യങ്സ്റ്റേഴ്സിന്റെ ടോപ്പ് ക്ലാസ് ആക്ടിം​ഗാണെന്ന് പറഞ്ഞ മഹേഷ് ബാബു ചിത്രത്തിന്റെ മുഴുവൻ ടീമിനും ആശംസകൾ അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു മഹേഷ് ബാബുവിന്റെ പ്രതികരണം.

മഹേഷ് ബാബുവിന്റെ പോസ്റ്റ്

പ്രേമലു തെലുങ്ക് പ്രേക്ഷകരിലേക്ക് എത്തിച്ചതിന് നന്ദി. ഞാൻ സിനിമ നന്നായി ആസ്വദിച്ചു. അവസാനമായി ഞാൻ ഒരു സിനിമ കണ്ട് ഇത്രത്തോളം ചിരിച്ചത് എന്നാണെന്ന് എനിക്ക് ഓർമ്മയില്ല. എന്റെ കുടുംബത്തിന് മുഴുവൻ ഇത് ഇഷ്ടപ്പെട്ടു. യങ്സ്റ്റേഴ്സിന്റെ ടോപ്പ് ക്ലാസ് ആക്ടിം​ഗ്. ചിത്രത്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.

ഗിരീഷ് എ ഡി സംവിധാനം ചെയ്ത് നസ്ലെൻ, മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് പ്രേമലു. മുമ്പ് ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ രാജമൗലിയും രം​ഗത്തെത്തിയിരുന്നു. ആദ്യാവസാനം വരെ പ്രേമലു ഒരു ചിരിയുത്സവം ആയിരുന്നെന്നും ട്രെയിലർ കണ്ടപ്പോഴെ റീനുവിനെയും സച്ചിനെയും എനിക്ക് ഇഷ്ടപ്പെട്ടുവെന്നും പക്ഷേ എന്റെ ഫേവറേറ്റ് ആദിയാണെന്നുമായിരുന്നു രാജമൗലിയുടെ പോസ്റ്റ്. രാജമൗലിയുടെ മകനായ എസ് എസ് കാർത്തികേയ ആണ് പ്രേമലു തെലുങ്കിൽ വിതരണാവകാശം സ്വന്തമാക്കിയത്. . മികച്ച പ്രതികരണമാണ് പ്രേമലുവിന് തെലുങ്ക് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in