മമ്മൂട്ടിയുടെ 40 ഏക്കര്‍ സ്ഥലം പിടിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മമ്മൂട്ടിയുടെ 40 ഏക്കര്‍ സ്ഥലം പിടിച്ചെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

നടന്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും ഉടമസ്ഥതയിലുള്ള 40 ഏക്കര്‍ സ്ഥലം പിടിച്ചെടുക്കാനുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ചെന്നൈയ്ക്കടുത്തുള്ള ചെങ്കല്‍പ്പെട്ടിലെ സ്ഥലം സംരക്ഷിത വനഭൂമിയായി പ്രഖ്യാപിച്ച തമിഴ്നാട് ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കമ്മിഷന്റെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

1997-ല്‍ കപാലി പിള്ള എന്നയാളില്‍ നിന്നാണ് മമ്മൂട്ടി സ്ഥലം വാങ്ങിച്ചത്. പിന്നീട് 2007-ല്‍ ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ സംരക്ഷിത വനഭൂമിയായി പ്രഖ്യാപിക്കുകയായിരുന്നു. ഉത്തരവിനെതിരേ അതേവര്‍ഷം മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് മമ്മൂട്ടി അനുകൂല വിധിയും നേടിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാന്‍ 2020 മെയ് മാസത്തില്‍ കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിട്രേഷന്‍ നീക്കം തുടങ്ങി. ഇതോടെ മമ്മൂട്ടി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

2021 ആഗസ്റ്റില്‍ ഹര്‍ജി പരിഗണിക്കവെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കിയിരുന്നു. ഹര്‍ജി ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കെവയാണ് ജസ്റ്റിസ് ഇളന്തിരിയന്‍ ലാന്‍ഡ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പൂര്‍ണമായി റദ്ദാക്കിക്കൊണ്ട് ഉത്തരവിട്ടത്.

ചൊവ്വാഴ്ച്ച നടന്ന വാദത്തില്‍ ലാന്‍ഡ് അഡ്മിനിസ്ട്രേഷന്റെ നടപടി ശരിവെച്ചുകൊണ്ട് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ മമ്മൂട്ടിയും ദുല്‍ഖറും വാങ്ങിയത് സ്വകാര്യ സ്ഥലമാണെന്ന് അവരുടെ അഭിഭാഷകനും വാദിച്ചു. വാദത്തിന് ഒടുവില്‍ ജസ്റ്റിസ് ലാന്‍ഡ് അഡ്മിനിസ്ട്രേഷന്റെ ഉത്തരവ് പൂര്‍ണമായും റദ്ദാക്കി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അതോടൊപ്പം മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും വിശദീകരണം കേട്ട ശേഷം കമ്മിഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിസ്ട്രേഷന് 12 ആഴ്ചയ്ക്കുള്ളില്‍ പുതിയ ഉത്തരവിറക്കാമെന്നും കോടതി വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in