

വിജയ് ചിത്രം ജനനായകന് പ്രദര്‍ശനാനുമതി നല്‍കി മദ്രാസ് ഹൈക്കോടതി. U/A സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടു. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാനുള്ള സെൻസർ ബോർഡ് ചെയർ പേഴ്സന്റെ തീരുമാനം ഹൈക്കോടതി റദ്ദ് ചെയ്തു.
പൊങ്കൽ റിലീസായി ജനുവരി ഒമ്പതിനായിരുന്നു ജനനായകന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയ സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടുന്നതായി നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിരുന്നു. പലയിടത്തും സിനിമയുടെ ബുക്കിംഗ് ഉൾപ്പടെ ആരംഭിച്ചിരുന്നു. തുടർന്ന് ഈ ടിക്കറ്റുകൾ എല്ലാം റീഫണ്ട് ചെയ്യുകയായിരുന്നു.
എച്ച്. വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.