ഇരുപത്തിയഞ്ച് ദിവസം കൊണ്ട് പത്ത് കോടി പിന്നിട്ട് മധുര മനോഹര മോഹം, സർപ്രൈസ് ഹിറ്റായി സ്റ്റെഫി സേവ്യർ ചിത്രം

ഇരുപത്തിയഞ്ച് ദിവസം കൊണ്ട് പത്ത് കോടി പിന്നിട്ട് മധുര മനോഹര മോഹം, സർപ്രൈസ് ഹിറ്റായി സ്റ്റെഫി സേവ്യർ ചിത്രം

കോസ്റ്റ്യൂം ഡിസൈനറായ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം ഇതുവരെ കളക്ട് ചെയ്തത് പത്ത് കോടി. ഷറഫുദ്ദീന്‍, രജിഷ വിജയന്‍, ബിന്ദു പണിക്കര്‍, ആര്‍ഷ ചാന്ദ്‌നി ബൈജു തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'മധുര മനോഹര മോഹം'. ബി ത്രി എം ക്രിയേഷന്‍സ് നിര്‍മ്മിച്ച ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവരാണ്. ജൂണ്‍ പതിനാറിന് തിയറ്ററുകളിലെത്തിയ കളക്ഷനിൽ പത്ത് കോടി പിന്നിട്ടതായി നിർമ്മാതാക്കൾ.

മധുരമനോഹര മോഹത്തെക്കുറിച്ച് സ്റ്റെഫി സേവ്യർ ക്യു സ്റ്റുഡിയോയോട് പറഞ്ഞത്

ആദ്യം തനിക്ക് ഈ കഥ സംവിധാനം ചെയ്യാന്‍ പ്ലാന്‍ ഇല്ലായിരുന്നു. 2018 മുതല്‍ ഞാനും ഒരു സുഹൃത്തും മറ്റൊരു കഥ വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു. അത് ഓണ്‍ ആക്കാന്‍ ശ്രമിക്കുമ്പോഴാണ് കോവിഡ് വരുന്നത്. അപ്പോഴാണ് എന്റെ സുഹൃത്തുക്കളായ ജയ് വിഷ്ണു, മഹേഷ് ഗോപാല്‍ എന്നിവര്‍ ഒരു സ്‌ക്രിപ്റ്റ് വായിക്കാന്‍ തരുന്നതെന്ന് സ്റ്റെഫി പറഞ്ഞു. അത് വായിച്ചു കഴിഞ്ഞു ഇത് സിനിമയാക്കിയാല്‍ നന്നായിരിക്കുമെന്ന് തോന്നി. എന്നോട് ആരായിരിക്കും ഈ കഥക്ക് പറ്റിയതെന്ന് ചോദിച്ചപ്പോള്‍ രജിഷ വിജയനെന്ന് പറഞ്ഞു. അങ്ങനെ രജിഷയോട് കഥ പറഞ്ഞു മൂന്നാം ദിവസമാണ് ഈ സിനിമ സംവിധാനം ചെയ്യാം എന്ന് തീരുമാനിക്കുന്നത്.

പത്തനംതിട്ട ജില്ല പശ്ചാത്തലമാക്കിയെത്തിയ ചിത്രം പ്രബലമായ ഒരു നായര്‍ തറവാടിനെയും ആ തറവാട്ടില്‍ നടക്കുന്ന വിവാഹവും വിവാഹത്തിനു പിന്നിലെ ചില നാടകീയ മുഹൂര്‍ത്തങ്ങളെയും നര്‍മ്മത്തില്‍ ചാലിച്ചാണ് അവതരിപ്പിക്കുന്നത്. വളരെ യാഥാസ്ഥികനും അലസനുമായ മനു എന്ന പൊതു മരാമത്ത് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ഷറഫുദ്ദീന്‍ എത്തിയത്. ഏഴ് വര്‍ഷത്തോളമായി സിനിമ രംഗത്തു പ്രവര്‍ത്തിക്കുന്നയാളാണ് സ്റ്റെഫി. ജനഗണമന, ഗപ്പി, കോള്‍ഡ് കേസ്, ആറാട്ട് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ കോസ്റ്റ്യും ഡിസൈനര്‍ ആയ സ്റ്റെഫി, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവുമാണ്.

ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഗാനങ്ങളൊരുക്കിയിരിക്കുന്നത്. നവാഗതനായ ജിബിന്‍ ഗോപാലാണ് പശ്ചാത്തലസംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ചന്ദ്രു സെല്‍വരാജാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി, മാളവിക വി.എന്‍. കലാസംവിധാനം ജയന്‍ ക്രയോണ്‍.

Related Stories

No stories found.
logo
The Cue
www.thecue.in