

‘സർവ്വം മായ’യിലെ കഥാപാത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയിൽ സന്തോഷം പങ്കുവെച്ച് നടൻ മധു വാര്യർ. സിനിമയിൽ നാലോളം രംഗങ്ങളിൽ മാത്രമേ താനുള്ളൂ. അതിനാൽ ‘കണ്ണ് ചിമ്മാതെ നോക്കണം, അല്ലെങ്കിൽ എന്നെ മിസ് ചെയ്യും’ എന്ന് സുഹൃത്തുക്കളോട് തമാശരൂപേണ പറയുകയുമുണ്ടായി. എന്നാൽ സിനിമ കണ്ട ശേഷം അവർ തന്റെ കഥാപാത്രത്തെ ഏറെ പ്രശംസിച്ചു. അപ്പോൾ വലിയ സന്തോഷം തോന്നിയെന്ന് മധു വാര്യർ പറഞ്ഞു. സിനിമ കണ്ട ശേഷം മഞ്ജു വാര്യരും തന്നെ പ്രശംസിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മധു വാര്യർ.
‘സർവ്വം മായയിൽ ഞാൻ ആകെ നാല് സീനുകൾ മാത്രമേയുള്ളൂ. “കണ്ണ് ചിമ്മാതെ നോക്കണം, അല്ലെങ്കിൽ എന്നെ മിസ് ചെയ്യും” എന്ന് ഞാൻ എന്റെ സുഹൃത്തുക്കളോട് തമാശരൂപേണ പറഞ്ഞിരുന്നു. സിനിമ കണ്ടിട്ട് “ഇത് ഉഗ്രൻ കഥാപാത്രമാണല്ലോ” എന്ന് അവർ പറഞ്ഞു. അത് കേട്ടപ്പോൾ ഞെട്ടിപ്പോയി. അങ്ങനെ ഞാൻ എന്റെ ഫാമിലിക്കൊപ്പം സിനിമ കാണാൻ പോയി. സിനിമയിൽ ഉടനീളം ഒരു കഥാപാത്രത്തിന്റെ ഫീൽ ലഭിച്ചു. അപ്പോൾ വലിയ സന്തോഷം തോന്നി. മഞ്ജു മുവാറ്റുപുഴയിലാണ് സിനിമ കണ്ടത്. സിനിമ കണ്ടിട്ട് ‘ഭയങ്കര ഇംപ്രൂവ്‌മെന്റുണ്ട്’ എന്നാണ് മഞ്ജു പറഞ്ഞത്,’ മധു വാര്യർ പറഞ്ഞു.
13 വർഷങ്ങൾക്ക് ശേഷം മധു വാര്യർ അഭിനയിച്ച ചിത്രമാണ് സർവ്വം മായ. നിവിൻ പോളിയുടെ സഹോദരന്റെ വേഷത്തിലാണ് നടൻ സിനിമയിൽ എത്തിയത്. കഥാപാത്രത്തിന് വളരെ പ്രശംസയും സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്.