

സഹോദരൻ എന്ന നിലയിൽ മഞ്ജു വാര്യരെ ഓർത്ത് അഭിമാനമുണ്ടെന്ന് നടൻ മധു വാര്യർ. ഡ്രൈവിംഗ് പഠിക്കണം, നീന്തൽ പഠിക്കണം എന്നിങ്ങനെ പല ആഗ്രഹങ്ങളും മഞ്ജു നേരത്തെ പറഞ്ഞിരുന്നുവെന്നും, ഇപ്പോൾ അവയെല്ലാം ഒന്നിന് പിന്നാലെ ഒന്നായി ചെയ്യുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും നടൻ പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മധു വാര്യർ ഇക്കാര്യം പങ്കുവെച്ചത്.
മധു വാര്യറുടെ വാക്കുകൾ:
“മഞ്ജു എപ്പോഴും എനിക്ക് വലിയ അഭിമാനമാണ്. പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട്, ഇവൾ എന്റെ അനിയത്തി തന്നെയാണോ എന്ന്. എന്നെക്കാളും മെച്ചപ്പെട്ടതും ധൈര്യമുള്ളതുമായ തീരുമാനങ്ങളാണ് അവൾ എപ്പോഴും എടുക്കുന്നത്. കുറച്ച് നാൾ മുമ്പ് ഡ്രൈവിംഗ് പഠിക്കണം എന്ന് പറഞ്ഞു. അതിന് ശേഷം ഡ്രൈവിംഗ്, സ്വിമ്മിംഗ്, ബൈക്ക് റൈഡിംഗ് എന്നിങ്ങനെ പല കാര്യങ്ങളും പഠിച്ചു. എല്ലാം വൺ ബൈ വൺ ആയി ബക്കറ്റ് ലിസ്റ്റ് പോലെ പൂർത്തിയാക്കുകയാണ്. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന അവസ്ഥ അവൾക്കുണ്ട്, അത് അവൾ പൂർണമായി ആസ്വദിക്കുകയും ചെയ്യുന്നു,” മധു വാര്യർ പറഞ്ഞു.
അതേസമയം, മധു വാര്യർ ഭാഗമായ പുതിയ ചിത്രം സർവ്വം മായ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 13 വർഷങ്ങൾക്ക് ശേഷം മധു വാര്യർ അഭിനയിച്ച ചിത്രമാണ് സർവ്വം മായ. നിവിൻ പോളിയുടെ സഹോദരന്റെ വേഷത്തിലാണ് നടൻ സിനിമയിൽ എത്തിയത്. കഥാപാത്രത്തിന് സമൂഹമാധ്യമങ്ങളിൽ നിന്ന് മികച്ച പ്രശംസകളും ലഭിക്കുന്നുണ്ട്.